
ട്വൻ്റി20 ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ ഇന്ത്യയെ ജയിപ്പിച്ച സഞ്ജു സാംസൻ കളിച്ച ഇന്നിങ്സിൻ്റെ ആവേശം അവസാനിച്ചിട്ടില്ലെങ്കിലും അടുത്ത മത്സരത്തിൽ താരം വീണ്ടും കളത്തിലിറങ്ങാൻ കാത്തിരിക്കുകയാണ് ആരാധകർ. വ്യാഴാഴ്ച മുംബൈ വാങ്കഡേ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ മത്സരത്തിലും സഞ്ജു തിളങ്ങുമെന്ന ഉറച്ച വിശ്വാസത്തിലാണ് ആരാധകർ. എന്നാൽ ആരാധകർക്കും ഇന്ത്യൻ ടീമിനും ആശങ്കയും നിരാശയും സമ്മാനിക്കുന്ന ചില റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സഞ്ജു സാംസണെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ ഐസിസി ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. താരത്തിന് ഒരു മത്സരത്തിൽ വിലക്ക് ഉൾപ്പെടെയുള്ള കടുത്ത നടപടി വരുമോ എന്നും ആശങ്കയുണ്ടെങ്കിലും അതിനു സാധ്യത കുറവാണ് എന്ന് കരുതപ്പെടുന്നു.
മത്സരത്തിൽ ടീമിനെ വിജയിപ്പിച്ചതോടെ വികാരനിർഭരനായിരുന്നു സഞ്ജു. ഹെൽമറ്റ് താഴെയിട്ട് മൈതാനത്ത് മുട്ടുകുത്തി കൈകളുയർത്തി, ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് സഞ്ജു വിജയനിമിഷം ആഘോഷിച്ചു. ഈ സെലിബ്രേഷൻ ആരാധകർക്കിടയിൽ വൻ വൈറലായിരുന്നു. എന്നാൽ ഇത് ഐസിസി പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കപ്പെടാമെന്നാണ് പലരും വിലയിരുത്തുന്നത്.
ക്രിക്കറ്റ് മൈതാനത്ത് താരങ്ങളുടെ പെരുമാറ്റം സംബന്ധിച്ച് ചട്ടം നിലനിൽക്കുന്നുണ്ട്. താരങ്ങൾ മോശം പെരുമാറ്റങ്ങൾ നടത്തിയാൽ ഐസിസിക്ക് ഇടപെടാം. ക്രിക്കറ്റ് സാമഗ്രികളുടെയോ വസ്ത്രങ്ങളുടെയോ ദുരുപയോഗം, മോശം പെരുമാറ്റങ്ങൾ, അമ്പയർമാരോടുള്ള പെരുമാറ്റം എന്നിവയാണ് ചട്ടലംഘനത്തിൽ ഉൾപ്പെടുന്നത്. സഞ്ജു മത്സരശേഷം ഹെൽമറ്റ് മൈതാനത്ത് എറിഞ്ഞത് ലെവൽ 1 കുറ്റമായി കണക്കാക്കാമെന്ന് വിവിധ റിപ്പോർട്ടുകളിൽ പറയുന്നു.
ഹെൽമറ്റ് നിലത്തേക്ക് എറിഞ്ഞത് കുറ്റകരമായി കാണുകയാണെങ്കിൽ താരത്തിനെതിരെ നടപടിയെടുത്തേക്കാം. ഐസിസിയുടെ പെരുമാറ്റച്ചട്ടം അനുസരിച്ച്, താരങ്ങൾ മൈതാനത്ത് മാന്യമായ പെരുമാറ്റം പുലർത്തണം. ആർട്ടിക്കിൾ 2.2 പ്രകാരം, ക്രിക്കറ്റ് ഉപകരണങ്ങൾ ദുരുപയോഗം ചെയ്യുന്നത് ശിക്ഷാർഹമാണ്. ദേഷ്യം കൊണ്ടോ ആവേശം കൊണ്ടോ ഹെൽമറ്റ്, ബാറ്റ്, സ്റ്റംപുകൾ എന്നിവ എറിയുന്നതോ അടിക്കുന്നതോ ഇതിൽ ഉൾപ്പെടുന്നു. ഫെബ്രുവരി 18ന് സ്കോട്‌ലൻഡ് താരം ജോർജ്ജ് മുൻസിക്ക് 1 ഡീമെറിറ്റ് പോയിന്റ് നൽകിയിരുന്നു. ടി20 ലോകകപ്പ് മത്സരത്തിൽ പുറത്തായതിന് ശേഷം ഹെൽമറ്റ് എറിഞ്ഞതിനായിരുന്നു സ്കോട്ടിഷ് താരത്തെ ശിക്ഷിച്ചത്.
മിക്കവാറും സന്ദർഭങ്ങളിൽ, ക്രിക്കറ്റ് ഉപകരണങ്ങൾ ദുരുപയോഗം ചെയ്യുന്നതിന് താരങ്ങളെ വിലക്കാറില്ല. ഐസിസിയുടെ നിയമങ്ങൾ പ്രകാരം ഇത്തരം പ്രവൃത്തികൾ ലെവൽ 1 കുറ്റമായാണ് കണക്കാക്കുന്നത്. ദേഷ്യം പ്രകടിപ്പിക്കുന്നതിന് പകരം ആഘോഷത്തിന്റെ ഭാഗമായി വികാരങ്ങൾ പ്രകടിപ്പിക്കുമ്പോൾ മാച്ച് റഫറിമാർ സാധാരണയായി വിട്ടുവീഴ്ച കാണിക്കാറുണ്ട്. ലെവൽ 1 കുറ്റത്തിന് ലഭിക്കാവുന്ന പരമാവധി ശിക്ഷ മാച്ച് ഫീയുടെ 50% വരെ പിഴയും 2 ഡീമെറിറ്റ് പോയിന്റുകളുമാണ്. ഈ ഘട്ടത്തിൽ മത്സര വിലക്ക് അപൂർവ്വമാണ്.
അതേസമയം ലെവൽ 2 ലംഘനങ്ങൾക്ക് കുറച്ചുകൂടി ഗൗരവസ്വഭാവമുള്ളതാണ്. ഇതിന് വലിയ പിഴയോ ഒരു മത്സരത്തിൽ വിലക്കോ ലഭിക്കാം. നിലവിൽ സഞ്ജുവിന്റെ സെലിബ്രേഷൻ ഇതിൽ ഉൾപ്പെടുന്നതല്ലെന്ന് വ്യക്തമാണ്.
