തിരുവനന്തപുരം: സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ എം ബഷീറിനെ മദ്യലഹരിയില്‍ ഐ എ എസ് ഉദ്യോഗസ്ഥന് ശ്രീറാം വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണക്കോടതിയില്‍ സാക്ഷികളുടെ നിര്‍ണായക മൊഴി. പത്തും പതിനൊന്നും സാക്ഷികളായി വിസ്തരിച്ച കേശവദാസപുരം പാറോട്ടുകോണം പി ആന്റ് ടി ഹൗസിംഗ് കോളനിയില്‍ ഡോ. അനീഷ് രാജും കുടപ്പനക്കുന്ന് സ്വദേശി ഐ എ എസ് ട്രെയിനി അതുലുമാണ് മൊഴി നല്‍കിയത്. കൃത്യത്തിന് ശേഷം അപകടസമയത്ത് താന്‍ വന്നിരുന്നെന്നും ശ്രീറാം ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രങ്ങള്‍ അദ്ദേഹത്തിന്റെ ക്വാര്‍ട്ടേഴ്സിലേക്ക് മാറ്റിയതായും അനീഷ് രാജ് തിരുവനന്തപുരം നാലാം അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ മൊഴി നല്കി. അപകടത്തിന് ശേഷം ശ്രീറാം ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രങ്ങള്‍ കവടിയാറിലെ സിവില്‍ സര്‍വീസ് ക്വാര്‍ട്ടേഴ്സില്‍ കൊണ്ടുപോയി വെക്കുകയായിരുന്നു. തുടര്‍ന്ന് പുതിയ വസ്ത്രങ്ങള്‍ ധരിപ്പിച്ച ശേഷമാണ് ശ്രീറാമിനെ ജനറല്‍ ആശുപത്രിയില്‍ നിന്നും കിംസ് ആശുപത്രിയില്‍ എത്തിച്ചതെന്ന് പത്താം സാക്ഷിയായ ഡോ. അനീഷ് രാജ് പറഞ്ഞു. ശേഷം കവടിയാറിലെ ക്വാര്‍ട്ടേഴ്സില്‍ വെച്ചിരുന്ന രക്തം പുരണ്ട ഷര്‍ട്ടും നീല ജീന്‍സും 2019 ഓഗസ്റ്റ് നാലിന് എടുത്ത് പോലീസിനെ ഏല്‍പ്പിച്ചത് താനാണെന്നായിരുന്നു അതുലിന്റെ മൊഴി. എന്നാല്‍, അന്ന് പോലീസിന് നല്കിയ അതേ വസ്ത്രങ്ങള്‍ തന്നെയാണോ ഇപ്പോള്‍ കോടതിയില്‍ കാണിച്ചത് എന്ന പ്രതിഭാഗത്തിന്റെ ചോദ്യത്തിന് ‘വ്യക്തമായി ഓര്‍മയില്ല’ എന്നാണ് ഇരുസാക്ഷികളും മറുപടി നല്‍കിയത്. ഇത്തരത്തില്‍ പോലീസ് മൊഴി ശ്രീറാമിന്റെ രണ്ട് സുഹൃത്തുക്കളും കോടതിയില്‍ തിരുത്തുകയായിരകുന്നു. കേസിന്റെ വിചാരണ ഇന്നും തുടരും.
