
തിരുവനന്തപുരം. കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുകളിൽ ഒന്നായ പാതിവില തട്ടിപ്പ് കേസ് അന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ (08-10-25) ബുധനാഴ്ച രാവിലെ 11 മണിക്ക് നിയമസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തുന്നു.
പ്രതിഷേധ മാർച്ച് ആം ആദ്‌മി പാർട്ടി സംസ്ഥാന പ്രസിഡണ്ട് അഡ്വക്കേറ്റ് വിനോദ് മാത്യു വിൽസൺ ഉദ്ഘാടനം ചെയ്യും. നമ്മുടെ നാട്ടിലെ ഒന്നര ലക്ഷത്തിൽ അധികം വനിതകളുടെ പണം നഷ്ടപ്പെട്ട ഈ തട്ടിപ്പു വിഷയത്തിൽ അന്വേഷണം നടത്തിയിരുന്ന പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ട സർക്കാർ നടപടി കേരളത്തിലെ സ്ത്രീ സമൂഹത്തോടും, പൊതുസമൂഹത്തോടുമുള്ള തികഞ്ഞ അവഗണനയാണ്.
പാതി വില തട്ടിപ്പ് കേസിലെ മുഖ്യപ്രതികളായ അനന്തു കൃഷ്ണന്റെയും, ആനന്ദകുമാറിന്റെയും വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് വന്ന പണം എങ്ങോട്ട് പോയി എന്ന് അന്വേഷിക്കുന്നതിനോ കണ്ടുപിടിക്കുന്നതിനോ അന്വേഷണസംഘം ഇതുവരെ തയ്യാറായിട്ടില്ല. മുഖ്യധാര രാഷ്ട്രീയ നേതാക്കളെയും, ഉന്നത ഉദ്യോഗസ്ഥരെയും മുന്നിൽ നിർത്തി അനന്തു കൃഷ്‌ണനും, ആനന്ദ കുമാറും പാവപ്പെട്ട സ്ത്രീകളിൽ നിന്നും തട്ടിയെടുത്ത പണം കൈക്കൂലി ആയോ, സംഭാവനയായോ കൈപ്പറ്റിയിട്ടുള്ള മുഴുവൻ ആളുകളിൽ നിന്നും തിരിച്ചുപിടിച്ച് പണം നഷ്ടപ്പെട്ടവർക്ക് തിരിച്ച് നൽകണമെന്നാണ് ആം ആദ്‌മി പാർട്ടി ആവശ്യപ്പെടുന്നത്.
പത്ര സമ്മേളനത്തിൽ ആം ആദ്‌മി പാർട്ടി സംസ്ഥാന പ്രസിഡൻ്റ് അഡ്വ. വിനോദ് മാത്യ വിൽസൺ. ആം ആദ്‌മി പാർട്ടി തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ശ്രി. വിനു.കെ, ആക്ഷൻ കൌൺസിൽ രക്ഷാധികാരി അഡ്വ ബേസിൽ ജോൺ എന്നിവർ പങ്കെടുത്തു.