
തിരുവനന്തപുരം: കൃത്രിമബുദ്ധി (AI)യുടെയും റോബോട്ടിക്സിന്റെയും ഏറ്റവും നൂതനമായ കണ്ടുപിടുത്തങ്ങൾ പ്രദർശിപ്പിക്കുന്ന ത്രിദിന എക്സിബിഷൻ തിരുവനന്തപുരം ലുലുമാളിൽ സംഘടിപ്പിക്കുന്നു. 2025 ജൂൺ 20, 21, 22 തീയതികളിൽ നടക്കുന്ന എക്സ്പോ, ദൈനംദിന ജീവിതത്തിൽ AI-യുടെയും റോബോട്ടിക്സിന്റെയും പ്രയോഗങ്ങൾ മനസ്സിലാക്കാനുള്ള സുവർണാവസരമാണ്. ലുലുമാളിലെത്തുന്ന സന്ദർശകർക്ക് അത്യാധുനിക റോബോട്ടിക്സ് സാങ്കേതികവിദ്യയുമായി നേരിട്ട് ആശയവിനിമയം നടത്താം.
മനുഷ്യസമാന കഴിവുകൾ പ്രദർശിപ്പിക്കുന്ന അത്യാധുനിക ഹ്യൂമനോയിഡ് റോബോട്ടുകൾ, നാൽക്കാലി റോബോട്ടിക്സ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുളള ജിഒ2 റോബോട്ട് ഡോഗ്, എഐ സാങ്കേതിക വിദ്യയിലൂന്നി സ്വന്തമായി ചിത്രങ്ങൾ വരക്കുന്ന ഡ്രോയിംഗ് റോബോട്ട്, മനുഷ്യരുമായി ആശയവിനിമയം നടത്തുന്ന താര ദി ഹ്യൂമനോയിഡ്, എ ഐ പിൻബലത്തോടെ സ്വയം പിയാനോ വായിക്കുന്ന പിയാനോ റോബോട്ട്, ഫാഷൻ രംഗത്ത് AI സാധ്യതകൾ അവതരിപ്പിക്കുന്ന ഔട്ട്ഫിറ്റ് എ ഐ തുടങ്ങി ഭാവിയെ രൂപപ്പെടുത്തുന്ന സാങ്കേതികവിദ്യകളുടെ വിസ്മയിപ്പിക്കുന്ന പ്രദർശനങ്ങൾ ടെക്സ്പോയെ വ്യത്യസ്തമാക്കും. സ്മാർട്ട് കിയോസ്കുകൾ, എഐ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ എന്നിവയും പ്രദർശനത്തിന്റെ ഭാഗമായുണ്ട്. വെർച്വൽ വിനോദാനുഭവത്തിനായി വിആർ സ്റ്റേഷനും സജ്ജീകരിക്കും.