
കൊല്ലം: ഇറാനിലെ ബന്ദർ ലെംഗെ തുറമുഖത്ത് കുടുങ്ങിക്കിടന്ന കൊല്ലം പ്രാക്കുളം സ്വദേശി അക്ഷയ് ഹരീഷ് ചൊവ്വാഴ്ച നാട്ടിലെത്തും. നാട്ടിലേക്ക് മടങ്ങുന്നതിനാവശ്യമായ യാത്രാരേഖകൾ ഇന്ത്യൻ എംബസിയിൽനിന്ന് അക്ഷയ്ക്ക് ലഭിച്ചു. അക്ഷയ്യുടെ വീട്ടിലെത്തിയ മന്ത്രി ബിന്ദു കൃഷ്ണ അമ്മയെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ചു.
അക്ഷയ് സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങുന്നതിനുള്ള നടപടികൾക്ക് മന്ത്രി ബിന്ദു കൃഷ്ണ നേതൃത്വം നൽകിയിരുന്നു. ഏറെ നാളായി മകന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന കുടുംബത്തിന് ആശ്വാസം പകരുന്നതാണ് അക്ഷയ്യുടെ മടക്കയാത്ര സംബന്ധിച്ച പുതിയ അറിയിപ്പ്.
അക്ഷയ് ഇറാനിൽ കുടുങ്ങിയ വിവരം അറിഞ്ഞ മന്ത്രി ബിന്ദു കൃഷ്ണ മുഖ്യമന്ത്രിക്കും, കേന്ദ്ര വിദേശകാര്യ മന്ത്രിക്കും, ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിക്കും, ഇറാനിലെ ഇന്ത്യൻ അംബാസഡർക്കും, നോർക്കയ്ക്കും അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കത്തയച്ചിരുന്നു. തുടർന്ന് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ അക്ഷയുമായി നേരിട്ട് സംസാരിക്കുകയും നാട്ടിലേക്ക് മടങ്ങുന്നതിനാവശ്യമായ യാത്രാരേഖകൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. മന്ത്രിയുടെ നിരന്തരമായ ഇടപെടലിനെത്തുടർന്ന് എംബസി തലത്തിൽ നടപടികൾ വേഗത്തിലാക്കി.
