
കൊല്ലം: തൃശ്ശൂരിലെ വോട്ട് ക്രമക്കേട് വിവാദത്തിനിടെ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ സഹോദരനും ഇരട്ടവോട്ട് ഉണ്ടെന്ന വിവരം പുറത്ത്. സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിയുടെ പേര് തൃശൂരിലെയും കൊല്ലത്തെയും വോട്ടര്‍ പട്ടികയില്‍ ഉണ്ടെന്ന വിവരമാണ് പുറത്ത് വരുന്നത്. കൊല്ലത്തെ കുടുംബവീടായ ലക്ഷ്മി നിവാസ് മേൽവിലാസത്തിലാണ് കൊല്ലത്ത് സുഭാഷ് ഗോപിയുടെ വോട്ടുള്ളത്. ഇരവിപുരം മണ്ഡലത്തിലെ 84 ആം നമ്പർ ബൂത്തിലാണ് വോട്ട്. എന്നാൽ കൊല്ലത്ത് വോട്ട് ചെയ്തോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല.
വോട്ട് ക്രമക്കേടിൽ ബിജെപിക്കെതിരെ കൂടുതൽ തെളിവുകൾ പുറത്തുവരുകയാണ്. ആലത്തൂർ മണ്ഡലത്തിൻ്റെ ഭാഗമായ വേലൂർ പഞ്ചായത്തിൽ ബിജെപി ടിക്കറ്റിൽ മത്സരിച്ച ഹരിദാസനും സുരേഷ് ഗോപിയുടെ ഡ്രൈവറായിരുന്ന അജയകുമാറും പൂങ്കുന്നത്ത ക്യാപ്പിറ്റൽ വില്ലേജ് ഫ്ലാറ്റിൽ ചേർക്കപ്പെട്ടു എന്നാണ് വിവരം. അതിനിടെ, മലപ്പുറം സ്വദേശിയായ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ വി ഉണ്ണികൃഷ്ണൻ തൃശ്ശൂരിൽ വോട്ട് ചെയ്തു എന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ രംഗത്തെത്തി. ഒന്നര കൊല്ലമായി തൃശ്ശൂരിൽ താമസിച്ച് സംഘടന ചുമതല നിർവഹിക്കുന്നത് കൊണ്ടാണ് തൃശ്ശൂരിലെ പട്ടികയിൽ വോട്ട് ചേർത്തതെന്ന് ഉണ്ണികൃഷ്ണൻ പ്രതികരിച്ചു. അതിനിടെ സുരേഷ് ഗോപിയുടെ രാജി ആവശ്യപ്പെട്ട് മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തി.
തൃശൂരിലെ വോട്ട് ക്രമക്കേടിൽ കൂടുതൽ ആരോപണങ്ങളുമായി കോൺഗ്രസ് നേതാക്കൾ രംഗത്ത്. പൂങ്കുന്നം ശങ്കരങ്കുളങ്ങരയിലെ ഫ്ലാറ്റിൽ മാത്രം 79 പേരെ ക്രമരഹിതമായി പട്ടികയിൽ ഉൾപ്പെടുത്തി എന്ന് കോൺഗ്രസിന്റെ മുൻ കൗൺസിലർ വത്സല ബാബുരാജ് പറഞ്ഞു. തൊട്ടടുത്ത വാട്ടർ ലില്ലി ഫ്ലാറ്റിൽ 38 വോട്ടുകളും ചേർക്കപ്പെട്ടു. കോൺഗ്രസിന്റെ ബൂത്ത് ഏജന്‍റുമാർ ജില്ലാ കളക്ടറോട് പരാതി പറഞ്ഞതിനെ തുടർന്നാണ് ഈ വോട്ടുകൾ പോൾ ചെയ്യുന്നത് തടഞ്ഞത്. ഇക്കൂട്ടത്തിൽ ഒരാൾ മാത്രം വോട്ട് ചെയ്തു പോയെന്നും വത്സല ബാബുരാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കഴിഞ്ഞ ദിവസവും വോട്ടർ പട്ടികയിൽ ക്രമക്കേട് ഉണ്ടെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചിരുന്നു.