
നിയമസഭാ സമ്മേളനം തിങ്കളാഴ്ച; രാഹുൽ മാങ്കൂട്ടത്തിലിനെച്ചൊല്ലി കോൺഗ്രസിൽ തർക്കം
തിരുവനന്തപുരം: നിയമസഭാ സമ്മേളനം തിങ്കളാഴ്ച തുടങ്ങാനിരിക്കെ രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ വരുന്നതിനോട് എതിർപ്പ് അറിയിച്ച് കോൺഗ്രസ് നേതാക്കൾ. സഭയിൽ വരുന്നതിനോട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കം പലനേതാക്കൾക്കും യോജിപ്പില്ല. എന്നാൽ, എംഎൽഎ എന്നനിലയിൽ രാഹുലിന് സഭയിൽവരുന്നതിന് സാങ്കേതികമായി തടസ്സമില്ലാത്തതിനാൽ അദ്ദേഹം സ്വയം തീരുമാനിക്കട്ടെയെന്ന നിലപാടാണ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾക്കുള്ളത്. പന്ത്രണ്ടുദിവസത്തെ സമ്മേളനത്തിനായി നിയമസഭ തിങ്കളാഴ്ച ചേരുന്നത്
കോൺഗ്രസ് പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടതിനാൽ രാഹുൽ കോൺഗ്രസ് നിയമസഭാകക്ഷിയുടെ ഭാഗമല്ല. സഭയിൽ എത്തിയാൽ പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടിവരും. കോൺഗ്രസിന് അനുവദിക്കുന്ന സമയത്തിൽനിന്ന് രാഹുലിന് പ്രസംഗിക്കാനും സമയം അനുവദിക്കില്ല. ലൈംഗിക ആരോപണത്തെ തുടർന്നാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് നടപടിയെടുത്തത്. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തു. 6 മാസത്തേക്കാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.
ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് രാഹുലിനെതിരായ ആരോപണങ്ങൾ അന്വേഷിക്കുന്നത്. ഡിവൈഎസ്‌പി ഷാജിക്കാണ് അന്വേഷണ ചുമതല. അന്വേഷണത്തിന് സൈബര്‍ സംഘത്തെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള സന്ദേശങ്ങളുടെയും കോളുകളുടെയും ആധികാരികത സംബന്ധിച്ചുള്ള വിവരങ്ങൾ തിരിച്ചറിയാനാണ് അന്വേഷണ സംഘത്തിൽ സൈബർ വിദഗ്ധരെയും ഉൾപ്പെടുത്തിയിരിക്കുന്നത്