
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് നേരിയ ലീഡ്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 465 റണ്‍സില്‍ അവസാനിപ്പിച്ച് ഇന്ത്യ 6 റണ്‍സ് ലീഡാണ് ഇന്ത്യ പിടിച്ചത്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 471 റണ്‍സാണ് കണ്ടെത്തിയത്. പേസ് ബൗളര്‍മാരുടെ കരുത്തിലാണ് ഇന്ത്യ മൂന്നാം ദിനം കളി പിടിച്ചത്. 5 വിക്കറ്റുകള്‍ വീഴ്ത്തി ജസ്പ്രീത് ബുംറ ഇംഗ്ലണ്ടിനെ വീഴ്ത്താന്‍ മുന്നില്‍ നിന്നു. പ്രസിദ്ധ് കൃഷ്ണ മൂന്നും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റുകള്‍ സ്വന്തമാക്കി.
ഒലി പോപ്പിനു പിന്നാലെ സെഞ്ച്വറി തികയ്ക്കാനുള്ള ഹാരി ബ്രൂക്കിന്റെ മോഹം ഒറ്റ റണ്‍ അകലെ അവസാനിച്ചു. താരം 99 റണ്‍സില്‍ വീണു. പിന്നീട് ക്രിസ് വോക്‌സ് (38), ബ്രയ്ഡന്‍ കര്‍സ് (22) എന്നിവരുടെ ചെറുത്തു നില്‍പ്പും ഇംഗ്ലണ്ടിന്റെ സ്‌കോര്‍ 450 കടത്തുന്നതില്‍ നിര്‍ണായകമായി. ജോഷ് ടോംഗ് 11 റണ്‍സുമായി മടങ്ങി. അവസാന മൂന്ന് വിക്കറ്റുകള്‍ 12 റണ്‍സിനിടെ പിഴുതാണ് ഇന്ത്യ ഇംഗ്ലണ്ട് ഇന്നിങ്‌സിനു തിരശ്ശീലയിട്ടത്.
ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ ഇംഗ്ലണ്ട് 5 വിക്കറ്റ് നഷ്ടത്തില്‍ 327 റണ്‍സെന്ന നിലയിലായിരുന്നു. കളി പുനരാരംഭിച്ചതിനു പിന്നാലെ അര്‍ധ സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന ജാമി സ്മിത്തിനെ പുറത്താക്കി പ്രസിദ്ധ് കൃഷ്ണ വീണ്ടും ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തിലാക്കി. ഹാരി ബ്രൂക്കുമായി ചേര്‍ന്നു താരം മികച്ച കൂട്ടുകെട്ടുണ്ടാക്കി മുന്നേറുന്നതിനിടെയാണ് ഇന്ത്യക്ക് പ്രസിദ്ധ് വീണ്ടും ബ്രേക്ക് ത്രൂ നല്‍കിയത്. താരം 40 റണ്‍സെടുത്തു.