
കണ്ണൂർ: കല്യാട് മോഷണം നടന്ന വീട്ടിലെ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വായിൽ സ്ഫോടക വസ്തു തിരുകി പൊട്ടിച്ച് അതിക്രൂരമായിട്ടാണ് ദർഷിതയെ കൊലപ്പെടുത്തിയിരിക്കുന്നത്. ക്വാറികളിൽ ഉപയോഗിക്കുന്ന ഇലക്ട്രിക് ഡിറ്റനേറ്റർ ആണ് ഉപയോഗിച്ചതെന്നാണ് സൂചന. കർണാടക സാലിഗ്രാമത്തിലെ ലോഡ്ജിലാണ് ദർഷിതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ദർഷിതയുടെ സുഹൃത്ത് സിദ്ധരാജു കർണാടക പൊലീസിന്റെ പിടിയിലായിട്ടുണ്ട്.
പ്രതി സിദ്ധരാജുവിനെ സാലിഗ്രാം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലോഡ്ജിൽവച്ച് ദർഷിതയും സിദ്ധരാജുവും തമ്മിൽ തർക്കമുണ്ടായതായി പൊലീസ് പറഞ്ഞു. തുടർന്ന് സിദ്ധരാജു, ദർഷിതയുടെ വായിൽ ബലമായി ഇലക്ട്രിക് ഡിറ്റനേറ്റർ തിരുകി വൈദ്യുതി കടത്തിവിട്ട് പൊട്ടിക്കുകയായിരുന്നു. ദർഷിത കൊല്ലപ്പെട്ടുവെന്ന് ഉറപ്പാക്കിയ സിദ്ധരാജു ഇവരുടെ മുഖം ഇടിച്ച് വികൃതമാക്കി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കല്യാട്ടെ വീട്ടിൽനിന്ന് 30 പവൻ സ്വർണവും നാലുലക്ഷം രൂപയും കവർച്ച പോയത്. വീട്ടുടമയായ സുമതി മരണാനന്തര ചടങ്ങിലും, ഇളയ മകൻ സൂരജ് ജോലിക്കും, മരുമകൾ ദർഷിത കുട്ടിക്കൊപ്പം കർണാടകയിലെ സ്വന്തം വീട്ടിലേക്കും പോയപ്പോഴായിരുന്നു മോഷണം. ദർഷിത തന്നെയാകാം സ്വർണം കവർന്നതെന്നായിരുന്നു പൊലീസിന്റെ നിഗമനം. കുട്ടിയെ കർണാടകയിലെ സ്വന്തം വീട്ടിലാക്കിയ ശേഷമാണ് ദർഷിത ആൺസുഹൃത്തിനൊപ്പം ലോഡ്ജിലേക്ക് പോയത്.