
മുംബൈ മുതൽ കാഞ്ചീപുരംവരെ; അനിൽ അംബാനി ഗ്രൂപ്പിൻ്റെ 3,000 കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി
ന്യൂഡൽഹി: വായ്പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അനിൽ അംബാനി ഗ്രൂപ്പിൻ്റെ ഏകദേശം 3,084 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. അനിൽ അംബാനിയുടെ മുംബൈയിലെ പാലി ഹില്ലിലുള്ള വീട്, ഡൽഹിയിലെ റിലയൻസ് സെന്റർ പ്രോപ്പർട്ടി, ഡൽഹി, നോയിഡ, ഗാസിയാബാദ്, മുംബൈ, പൂനെ, താനെ, ഹൈദരാബാദ്, ചെന്നൈ, കാഞ്ചീപുരം, കിഴക്കൻ ഗോദാവരി എന്നിവിടങ്ങളിലെ മറ്റ് സ്വത്തുക്കൾ എന്നിവ കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നു.
വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിലാണ് അംബാനിയുടെ ഏകദേശം 3,084 കോടി രൂപയുടെ 40 സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. ഒക്ടോബര്‍ 31ന് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ (പിഎംഎല്‍എ) സെക്ഷന്‍ 5(1) പ്രകാരം ഉത്തരവുകള്‍ പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന്, ഓഫീസ്, റെസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍, ഭൂമി എന്നിവയുള്‍പ്പെടെയുള്ള സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടി.
റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡും (ആർഎച്ച്എഫ്എൽ) റിലയൻസ് കൊമേഴ്‌സ്യൽ ഫിനാൻസ് ലിമിറ്റഡും (ആർസിഎഫ്എൽ) പൊതു ഫണ്ട് വകമാറ്റിയും വെളുപ്പിക്കലിലൂടെയും സമാഹരിച്ച കേസിലാണ് ഇ.ഡിയുടെ കണ്ടുകെട്ടൽ നടപടി. 2017-ലും 2019-ലും യെസ് ബാങ്ക് അനുവദിച്ച വായ്പകളിലെ 3000 കോടിയോളം രൂപ വ്യാജ കമ്പനികളിലേക്കും ഗ്രൂപ്പിലെ മറ്റു കമ്പനികളിലേക്കും ക്രമവിരുദ്ധമായി മാറ്റിയെന്നാണ് ഇഡിയുടെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്.
യെസ് ബാങ്ക് ആർഎച്ച്‌എഫ്‌എൽ, ആർസിഎഫ്‌എൽ എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് വായ്പ നൽകിയപ്പോൾ, ആർഎച്ച്‌എഫ്‌എൽ, ആർസിഎഫ്‌എൽ എന്നിവ വഴി യെസ് ബാങ്ക് പരോക്ഷമായി ഫണ്ട് കൈമാറിയതായും ഇ.ഡി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വായ്പ അനുവദിക്കുന്നതിനായി യെസ് ബാങ്കിന്റെ അന്നത്തെ ഉടമയ്ക്കും അധികൃതര്‍ക്കും കൈക്കൂലി നല്‍കിയതിന്റെ തെളിവും ഇ.ഡിക്ക് ലഭിച്ചിട്ടുണ്ട്.
യെസ് ബാങ്ക്, അനിൽ അംബാനിയുടെ അനിൽ ധീരുഭായ് അംബാനി ഗ്രൂപ്പ് കമ്പനികൾ, റിലയൻസ് നിപ്പോൺ അസറ്റ് മാനേജ്മെന്റ് (ആർഎൻഎഎം) എന്നിവ സാമ്പത്തിക നേട്ടത്തിനായി പരസ്പരം ഫണ്ട് തിരിമറി നടത്തിയെന്നും സെബിയുടെ പ്രൈവറ്റ് പ്ലേസ്മെൻ്റ് ചട്ടം ലംഘിച്ച് സ്വന്തം ഗ്രൂപ്പ് കമ്പനികളിൽ നിക്ഷേപം നടത്തിയെന്നും ആരോപണം ഉയർന്നിട്ടുണ്ട്. 2016-17 മുതൽ 2020-21 വരെയുള്ള കാലയളവിൽ സിഎൽഇ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി മുഖേന റിലയൻസ് ഗ്രൂപ്പ് പണംതിരിമറി നടത്തിയെന്നാണ് സെബിയുടെ പ്രധാന ആരോപണം.

