
അഫ്ഗാനിസ്ഥാനിലെ ബഗ്രാം വ്യോമതാവളം ഏറ്റെടുക്കാനുള്ള യുഎസ് നീക്കത്തെ എതിർത്ത് ഇന്ത്യ
മോസ്കോ: അഫ്ഗാനിസ്ഥാനിലെ ബഗ്രാം വ്യോമതാവളം ഏറ്റെടുക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ നീക്കത്തെ എതിർത്ത് ഇന്ത്യ രംഗത്ത്. അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി അടുത്തിടെ ഇന്ത്യ സന്ദർശിക്കാനിരിക്കെയാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.
മോസ്‌കോ ഫോർമാറ്റ് കൺസൾട്ടേഷനിൽ പങ്കെടുക്കവേയാണ് ബഗ്രാമിൻ്റെ പേര് പരമാർശിക്കാതെ ഇന്ത്യയുടെ പ്രതികരണം. അഫ്ഗാനിസ്ഥാനിലും അയൽ സംസ്ഥാനങ്ങളിലും തങ്ങളുടെ സൈനിക അടിസ്ഥാന സൗകര്യങ്ങൾ വിന്യസിക്കാനുള്ള രാജ്യങ്ങളുടെ ശ്രമങ്ങൾ അസ്വീകാര്യമാണ്. ഇത് രാജ്യങ്ങളുടെ സ്ഥിരതയെയും സമാധാനത്തെയും ബാധിക്കുന്നു- യോഗത്തിൽ പങ്കെടുത്ത രാജ്യങ്ങൾ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറയുന്നു.
മോസ്‌കോ ഫോർമാറ്റ് കൺസൾട്ടേഷനുകളുടെ ഏഴാമത് യോഗത്തിൽ ഇന്ത്യയെ കൂടാതെ അഫ്ഗാനിസ്ഥാൻ, ഇറാൻ, കസാക്കിസ്ഥാൻ, ചൈന, കിർഗിസ്ഥാൻ, പാകിസ്ഥാൻ, റഷ്യ, താജിക്കിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളും പങ്കെടുത്തു. യോഗത്തിൽ പങ്കെടുത്ത എല്ലാ രാജ്യങ്ങളും അമേരിക്കയുടെ നീക്കത്തെ എതിർത്തു.
സെപ്റ്റംബർ 18 ന് യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായി ചേർന്നുള്ള പത്രസമ്മേളനത്തിലാണ് ബഗ്രാം വ്യോമതാവളം തിരികെ നൽകണമെന്ന് ട്രംപ് ആവശ്യപ്പെട്ടത്. പിന്നീട് അഫ്ഗാനിസ്ഥാൻ ബഗ്രാം വ്യോമതാവളം അമേരിക്കൻ ഐക്യനാടുകൾക്ക് തിരികെ നൽകിയില്ലെങ്കിൽ മോശം കാര്യങ്ങൾ സംഭവിക്കുമെന്ന് സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ മുന്നറിയിപ്പ് നൽകി. എന്നാൽ വ്യോമതാവളം വിട്ടുനൽകില്ലെന്ന് നിലപാടിലാണ് അഫ്ഗാൻ ഭരിക്കുന്ന താലിബാൻ ഭരണകൂടം.