
കേരളത്തിലെ ബി ജെ പിയില്‍ ചേരിപ്പോര് ശക്തമായതോടെ ഇടപെടലുമായി ദേശീയ നേതൃത്വം. വിമതനീക്കങ്ങള്‍ അവസാനിപ്പിക്കാന്‍ എന്ത് നടപടിയും സ്വീകരിക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് ദേശീയ നേതൃത്വം അനുമതി നല്‍കി. നേതൃയോഗവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളില്‍ ദേശീയ നേതൃത്വം കടുത്ത അതൃപ്തി രേഖപ്പെടുത്തിയതായും സൂചനയുണ്ട്.
നിലമ്പൂര്‍ തെരഞ്ഞെടുപ്പിനും തൃശൂരില്‍ നടന്ന നേതൃയോഗത്തിനും ശേഷം ബി ജെ പിയില്‍ പൊട്ടിത്തെറി രൂക്ഷമായതോടെയാണ് ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍. വിമതനീക്കങ്ങള്‍ അവസാനിപ്പിക്കാന്‍ എന്ത് നടപടിയും സ്വീകരിക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് ദേശീയ നേതൃത്വം അനുമതി നല്‍കിയതായാണ് വിവരം. ഭാരവാഹി പട്ടിക നിശ്ചയിക്കാനുള്ള പൂര്‍ണ അധികാരം സംസ്ഥാന അധ്യക്ഷനുണ്ടെന്നും ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കി. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനും തന്നെ അട്ടിമറിക്കാനും ചിലര്‍ ഉപജാപങ്ങളില്‍ ഏര്‍പ്പെടുന്നതായി രാജീവ് ചന്ദ്രശേഖര്‍ ദേശീയ നേതൃത്വത്തോട് പരാതിപ്പെട്ടിരുന്നു. പിന്നാലെയാണ് പാര്‍ട്ടിക്കുള്ളിലെ ചേരിപ്പോര് അവസാനിപ്പിക്കാന്‍ നേതൃത്വത്തിന്റെ ഇടപെടല്‍. അതേസമയം, പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്ന് പ്രതികരിച്ച രാജീവ് ചന്ദ്രശേഖര്‍, കെ സുരേന്ദ്രനെയും വി മുരളീധരനെയും ക്ഷണിച്ചതാണോ വരാത്തതാണോയെന്ന് നേതാക്കളോട് തന്നെ ചോദിക്കണമെന്നും വ്യക്തമാക്കി.
തൃശൂരില്‍ നടന്ന നേതൃയോഗത്തില്‍ നിന്നും വി മുരളീധരനെയും കെ സുരേന്ദ്രനെയും മനഃപൂര്‍വം ഒഴിവാക്കിയെന്ന രീതിയിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. വാര്‍ത്ത കെ സുരേന്ദ്രന്‍ നിഷേധിക്കാതിരുന്നതോടെ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിന് ശേഷമുള്ള കല്ലുകടി കൂടുതല്‍ പ്രകടമാകുകയും ചെയ്തു.