
പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്‍റെ അധ്യക്ഷതിയിൽ ചേർന്ന ഇസ്രായേൽ സുരക്ഷാ മന്ത്രിസഭയാണ് വെടിനിർത്തൽ കരാറിന് അംഗീകാരം നൽകിയത്.ടെൽ അവീവ്: ഗാസയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നുവെന്ന് ഇസ്രായേൽ സൈന്യം. കരാർ പ്രകാരമുള്ള മേഖലകളിലേക്ക് ഇസ്രായേൽ സൈന്യം മാറിയെന്നും പ്രതിരോധസേന അറിയിച്ചു. ടെലിഗ്രാമിലൂടെയാണ് ഐ.ഡി.എഫിൻ്റെ അറിയിപ്പ്. പ്രാദേശിക സമയം 12 മണിയോടെയാണ് ഇസ്രായേലിൻ്റെ പിന്മാറ്റമുണ്ടായത്.
അടിയന്തരമായുണ്ടാവുന്ന പ്രദേശത്തെ ഭീഷണികൾ നേരിടാൻ സതേൺ കമാൻഡിനെ വിന്യസിച്ചിട്ടുണ്ടെന്നും ഐ.ഡി.എഫ് അറിയിച്ചു. നിലവിൽ ഗാസയിലെ 53 ശതമാനം പ്രദേശങ്ങളുടെ നിയന്ത്രണം ഇസ്രായേലിനാണ്. അടുത്ത 72 മണിക്കൂറിനുള്ളിൽ ബന്ദിമോചനം അടക്കമുള്ള കരാറിലെ മറ്റ് വ്യവസ്ഥകൾ ഹമാസ് പാലിക്കും. ഫലസ്തീനിയൻ തടവുകാരെ ഇസ്രായേലും വിട്ടയക്കും.
ഗാസയിലേക്ക് പ്രതിദിനം 600 ട്രക്കുകൾ ഇസ്രായേൽ അനുവദിക്കുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. സലാഹ് അൽ-ദിൻ, അൽ-റാഷിദ് സ്ട്രീറ്റുകളിലൂടെയായിരിക്കും ഗാസ മുനമ്പിലേക്ക് ട്രക്കുകൾ പ്രവേശിക്കുക. ഭക്ഷ്യവസ്തുക്കൾക്കും മരുന്നുകൾക്കും പുറമേ താൽക്കാലിക പാർപ്പിട സംവിധാനങ്ങൾ, ഇന്ധനം അടക്കമുള്ളവയും ഗാസയിലേക്ക് അയക്കും.
ഗാസയിൽ വെടിനിർത്തലിനും ബന്ദികളെ കൈമാറാനുമുള്ള യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള കരാറിന് ഇസ്രായേൽ മന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്‍റെ അധ്യക്ഷതിയിൽ ചേർന്ന ഇസ്രായേൽ സുരക്ഷാ മന്ത്രിസഭയാണ് വെടിനിർത്തൽ കരാറിന് അംഗീകാരം നൽകിയത്.
കരാറിന് അംഗീകാരം നൽകിയ വാർത്ത വെള്ളിയാഴ്ച രാവിലെ ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫിസ് പ്രഖ്യാപിച്ചതായി ദി ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തു. യുദ്ധം ആരംഭിച്ച ശേഷമുള്ള മൂന്നാമത്തെ വെടിനിർത്തലാണിത്.ഗാസയുടെ തുടർഭരണം പോലുള്ള നിർണായക വിഷയങ്ങളിൽ വ്യക്തത വന്നിട്ടില്ല.