മലയാള സിനിമയുടെ സര്‍വതലസ്പര്‍ശിയായ വളര്‍ച്ചയ്ക്കും വികസനത്തിനുമായി സമഗ്രമായ ഒരു ചലച്ചിത്ര നയം രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ചിരിക്കുന്ന കേരള ഫിലിം പോളിസി കോണ്‍ക്ലേവാണ് ഇന്നിവിടെ ഉദ്ഘാടനം ചെയ്യപ്പെടുന്നത്. മറ്റു പല കാര്യങ്ങളിലും രാജ്യത്തിനാകെ മാതൃകയായിത്തീര്‍ന്ന കേരളത്തിന്റെയും, മലയാള സിനിമയുടെയും ശ്രദ്ധേയമായ ചുവടുവയ്പ്പാണ് ചലച്ചിത്ര നയ രൂപീകരണവും അതിനായി സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന ഈ കോണ്‍ക്ലേവും.
1928 നവംബര്‍ 7 ന് തിരുവനന്തപുരം കാപ്പിറ്റോള്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ച ജെ സി ഡാനിയേലിന്റെ ‘വിഗതകുമാര’നില്‍ നിന്നാണ് മലയാള സിനിമയുടെ ചരിത്രം തുടങ്ങുന്നത്. ആ തിരുവനന്തപുരം തന്നെ ഇത്തരമൊരു ഉദ്യമത്തിനും വേദിയാകുന്നുവെന്നത് ശ്രദ്ധേയമായ കാര്യമാണ്. ‘വിഗതകുമാരന്‍’ പ്രദര്‍ശിപ്പിക്കപ്പെട്ടതിനെ തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ അതിവേഗത്തിലുള്ള വളര്‍ച്ചയ്ക്കും വികാസത്തിനും മലയാള സിനിമ സാക്ഷ്യം വഹിച്ചു.
1927 ല്‍ ‘ജാസ് സിംഗര്‍’ എന്ന അമേരിക്കന്‍ ചിത്രത്തിലൂടെ ലോകസിനിമ സംസാരിച്ചു തുടങ്ങി കേവലം 11 വര്‍ഷം പിന്നിട്ടപ്പോള്‍ ‘ബാലന്‍’ എന്ന ശബ്ദസിനിമ മലയാളത്തിലുണ്ടായി. കഴിഞ്ഞ ഒമ്പത് ദശകക്കാലത്തിനുള്ളില്‍ കേരളം എന്ന ദേശത്തെ ആഗോള ഭൂപടത്തില്‍ അടയാളപ്പെടുത്താന്‍ മലയാള സിനിമയ്ക്കും ഇവിടുത്തെ ചലച്ചിത്ര പ്രതിഭകള്‍ക്കും കഴിഞ്ഞിട്ടുണ്ട്. ഒട്ടനവധി ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ മലയാള സിനിമ ഇതിനകം കരസ്ഥമാക്കിയിട്ടുണ്ട്. അതുകൊണ്ടുകൂടിയാണ് ഉയര്‍ന്ന സാക്ഷരത മാത്രമല്ല, ഉയര്‍ന്ന ദൃശ്യസാക്ഷരതയും ഉന്നതമായ ചലച്ചിത്ര ആസ്വാദനശേഷിയുമുള്ള നാടായി നമ്മുടെ കേരളം വിലയിരുത്തപ്പെടുന്നത്.

കേരളത്തിന്റെ സാമൂഹിക പുരോഗതിയ്ക്കുവേണ്ട സാംസ്‌കാരിക ഊര്‍ജം പകരുന്നതില്‍ മലയാള സിനിമ വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യയിലെ പല ഭാഷകളിലെയും സിനിമകള്‍ അതിന്റെ ശൈശവദശയില്‍ പുരാണകഥകള്‍ പറഞ്ഞപ്പോള്‍ മലയാള സിനിമ ആദ്യ സിനിമയായ ‘വിഗതകുമാരനി’ലും ആദ്യ ശബ്ദസിനിമയായ ‘ബാലനി’ലും സാമൂഹികപ്രസക്തമായ പ്രമേയങ്ങളാണ് അവതരിപ്പിച്ചത്.
പുരാണകഥകള്‍ പറഞ്ഞ് കാണിയെ സ്വപ്നസ്വര്‍ഗങ്ങളിലേക്ക് നയിക്കാനുതകുന്ന മാധ്യമം ആയിരുന്നിട്ടും മലയാളസിനിമ തുടക്കം മുതല്‍ മണ്ണിലുറച്ചുനിന്നു. സ്വാധീനശക്തി കൂടിയ ബഹുജനമാധ്യമം എന്ന നിലയ്ക്ക് ഒരു പ്രബുദ്ധകേരളം പടുത്തുയര്‍ത്തുന്നതില്‍ സിനിമയ്ക്ക് നിര്‍ണായകമായ പങ്കു വഹിക്കാനുണ്ടായിരുന്നു.
വിവിധ നാട്ടുരാജ്യങ്ങളായി ഭിന്നിച്ചുനിന്നിരുന്ന മലയാളികള്‍ ഒരൊറ്റ ഭാഷാദേശീയതയായി ഐക്യപ്പെടുന്നത് അമ്പതുകളിലാണ്. വിവേചനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും എതിരെ നിലകൊണ്ട നവോത്ഥാന പുരോഗമന പ്രസ്ഥാനവും അധിനിവേശത്തിനെതിരെ പൊരുതിയ ദേശീയ പ്രസ്ഥാനവുമാണ് മലയാളസിനിമയുടെ ആദ്യകാല ആശയമണ്ഡലത്തെ സ്വാധീനിച്ചത്.
അവശ വിഭാഗങ്ങളോടുള്ള അനുകമ്പയും എല്ലാവിധ അടിച്ചമര്‍ത്തലുകള്‍ക്കും അനീതിക്കും എതിരായ പൊതുബോധവും ആ കാലഘട്ടത്തിലെ സിനിമ പ്രതിഫലിപ്പിച്ചുപോന്നു. അങ്ങനെ അമ്പതുകള്‍ മുതല്‍ തന്നെ മലയാള സിനിമ അതിന്റെ സാമൂഹികപ്രതിബദ്ധത വ്യക്തമാക്കി. ‘നവലോകം’, ‘നീലക്കുയില്‍’, ‘ന്യൂസ് പേപ്പര്‍ ബോയ്’, ‘രാരിച്ചന്‍ എന്ന പൗരന്‍’ തുടങ്ങിയ അന്‍പതുകളിലെ സിനിമകള്‍ അതിനുള്ള ഉദാഹരണങ്ങളാണ്.
മലയാള സിനിമയ്ക്ക് ദേശീയതലത്തില്‍ ആദ്യ ബഹുമതി നേടിക്കൊടുത്തത് 1954 ല്‍ പി ഭാസ്‌കരനും രാമു കാര്യാട്ടും ചേര്‍ന്ന് സംവിധാനം ചെയ്ത ‘നീലക്കുയില്‍’ ആണ്. 1965 ല്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ സ്വര്‍ണമെഡല്‍ നേടിയ ‘ചെമ്മീന്‍’ ദക്ഷിണേന്ത്യയില്‍ ഈ ബഹുമതി ലഭിക്കുന്ന ആദ്യ ചിത്രമായിരുന്നു. പിന്നീട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ ആധിപത്യം പുലര്‍ത്തുന്ന പ്രാദേശികഭാഷാ സിനിമയായി മലയാളം മാറി.
ഇന്ത്യന്‍ നവതരംഗ സിനിമയുടെ പതാകാവാഹകരായ അടൂര്‍ ഗോപാലകൃഷ്ണനും അരവിന്ദനും ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ മലയാള സിനിമയുടെ യശസ്സുയര്‍ത്തി. ഷാജി എന്‍ കരുണിന്റെ ‘പിറവി’ 70 ഓളം ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും 31 പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തു. നാല് മലയാളികള്‍ മുഖ്യവേഷങ്ങളില്‍ അഭിനയിച്ച മലയാളഭാഷയിലുള്ള ‘ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റ്’ എന്ന ചിത്രം കഴിഞ്ഞ വര്‍ഷം കാന്‍ മേളയില്‍ ഗ്രാന്റ് പ്രി പുരസ്‌കാരം നേടുകയുണ്ടായി.
കലാമൂല്യം കൊണ്ടുമാത്രമല്ല, വാണിജ്യമൂല്യം കൊണ്ടും മലയാള സിനിമ വലിയ വിജയം കൈവരിച്ചിട്ടുണ്ട്. 1951 ലെ ‘ജീവിതനൗക’യാണ് മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹിറ്റ് ചിത്രം. 1960 കള്‍ വരെ പത്തില്‍ താഴെ സിനിമകള്‍ മാത്രമേ പ്രതിവര്‍ഷം മലയാളത്തില്‍ നിര്‍മ്മിക്കപ്പെട്ടിരുന്നുള്ളൂ. 1965 ഓടെ പ്രതിവര്‍ഷം 30 ല്‍പ്പരം സിനിമകള്‍ നിര്‍മ്മിക്കുന്ന ഇന്‍ഡസ്ട്രിയായി മലയാളം മാറി. 1978 ലാണ് മലയാള സിനിമകളുടെ എണ്ണം നൂറ് കടന്നത്. ആ വര്‍ഷം 125 സിനിമകള്‍ നിര്‍മ്മിക്കപ്പെട്ടു.
2010 നുശേഷം ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ വ്യാപനത്തോടെ പ്രതിവര്‍ഷം 200 ല്‍പ്പരം സിനിമകള്‍ മലയാളത്തില്‍ നിര്‍മ്മിക്കപ്പെടുന്നുണ്ട്. കോവിഡ് മലയാളസിനിമയെ പ്രതിസന്ധിയിലാക്കിയ 2020 ല്‍പ്പോലും നൂറില്‍പ്പരം സിനിമകള്‍ സെന്‍സര്‍ ചെയ്യപ്പെട്ടിരുന്നുവെന്നത് ശ്രദ്ധേയമാണ്. കോവിഡ് കാലത്ത് തിയേറ്ററുകള്‍ അടഞ്ഞുകിടന്നപ്പോള്‍ ഒ ടി ടി പ്ലാറ്റ്ഫോമുകള്‍ എന്ന പുതിയ തിരശ്ശീലയുടെ സാധ്യതകള്‍ മലയാള സിനിമ ഫലപ്രദമായി ഉപയോഗിച്ചു. മലയാള സിനിമയെ അടിസ്ഥാനമാക്കി, ‘ബോളിവുഡ് അല്ല ഇന്ത്യന്‍ സിനിമയുടെ ദ്രുതകര്‍മ്മസേന’യെന്ന് ഗാര്‍ഡിയന്‍ പത്രം എഴുതി.
2024 ല്‍ 234 സിനിമകളാണ് മലയാളത്തില്‍ സെന്‍സര്‍ ചെയ്യപ്പെട്ടത്. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനായി സമര്‍പ്പിക്കപ്പെടാത്ത സ്വതന്ത്ര സിനിമകളുടെ എണ്ണം ഇതിനുപുറമെയാണ്. ഇന്ത്യന്‍ സിനിമയുടെ 2024 ലെ മൊത്തം ഗ്രോസ് കളക്ഷന്റെ 20 ശതമാനവും മലയാള സിനിമയുടെ സംഭാവനയാണ് എന്ന് ചലച്ചിത്രവൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
അന്യസംസ്ഥാനങ്ങളിലും മലയാളസിനിമ വലിയ വിപണിവിജയം നേടിയ വര്‍ഷമായിരുന്നു 2024. 2025 ലും വലിയ പ്രദര്‍ശനവിജയം കൊയ്ത മലയാള സിനിമകള്‍ ഉണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ നമ്മുടെ സാമൂഹിക – സാമ്പത്തിക രംഗവുമായി ഇഴചേര്‍ന്നുകിടക്കുന്ന മലയാള സിനിമാലോകത്തെ, കാലത്തിനൊത്ത് നവീകരിക്കേണ്ടതും വിപുലീകരിക്കേണ്ടതും ഏറെ അനിവാര്യമാണ്. അതിനുതകുന്ന ഒരു ചുവടുവെയ്പ്പാണ് ഈ കോണ്‍ക്ലേവ്.
മലയാള സിനിമയുടെ ചരിത്രപരമായ മഹത്വത്തെക്കുറിച്ച് ഓര്‍ക്കുന്ന വേളയില്‍ ഒരു കാര്യം കൂടി പറയേണ്ടതുണ്ട്. അത് ഈ മഹത്വത്തെ ഇടിച്ചു തകര്‍ക്കാന്‍ ചിലര്‍ ഇപ്പോള്‍ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചാണ്. ഇന്നലെയാണ് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. കേരള സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ഒരു ചലച്ചിത്രവും പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായവയിലുണ്ട്. ഏതെങ്കിലും തരത്തില്‍ കലയ്ക്കുള്ള അംഗീകാരമായി അതിനെ കണക്കാക്കാനാവില്ല. മറിച്ച് വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്നതിനുള്ള ഉപാധിയായി ചലച്ചിത്രങ്ങളെ ദുരുപയോഗിക്കുന്ന സാംസ്‌കാരിക ദുഷിപ്പിനുള്ള അംഗീകാരമായി മാത്രമേ അതിനെ കാണാന്‍ കഴിയൂ. കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ അപമാനിക്കുന്നതും, കേരളത്തെ ലോകസമക്ഷം അപകീര്‍ത്തിപ്പെടുത്തി അവതരിപ്പിക്കുന്നതുമായ ഒരു ചലച്ചിത്രമാണ് അംഗീകരിക്കപ്പെട്ടത്. ഇത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ്.
ഇന്ത്യന്‍ സിനിമയുടെ മഹത്തായ സാംസ്‌കാരിക പൈതൃകം കൂടിയാണ് ഇതിലൂടെ അപമാനിക്കപ്പെടുന്നത്. കലയെ വിലയിരുത്തുന്നതിന് കലയ്ക്ക് അപ്പുറമുള്ള മാനദണ്ഡങ്ങള്‍ ഉപയോഗിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്ന് നാം ചിന്തിക്കേണ്ടതാണ്. നമ്മുടെ രാജ്യത്തിന്റെ മതനിരപേക്ഷതയെ തകര്‍ത്ത്, അതിനെ വര്‍ഗീയത കൊണ്ട് പകരം വയ്ക്കുന്നതിന് വേണ്ടി കലയെ ഉപയോഗിക്കണം എന്നുള്ള സന്ദേശമാണ് ഇതിന് പിന്നിലുള്ളത്. കേരളത്തിലെ സാംസ്‌കാരിക സമൂഹം വിശേഷിച്ച് ചലച്ചിത്ര സമൂഹം ദുരുപദിഷ്ടമായ ഈ നീക്കത്തിനെതിരെ ഒറ്റക്കെട്ടായി നില്‍ക്കണം. കേരളത്തെ ഇത്തരത്തില്‍ വികലമായി ചിത്രീകരിക്കുന്നതിനെതിരെ കേരളത്തിന്റെ ചലച്ചിത്രപൊതുബോധം ഒന്നാകെ ഉണരേണ്ടതുണ്ട്. നമ്മുടെ സംസ്‌കാരത്തെയും പൈതൃകത്തെയും ചരിത്രത്തെയും വിധ്വംസകമായി അവതരിപ്പിക്കുന്നതിന് അറുതി വരുത്തേണ്ടതുണ്ട്. മലയാള സിനിമ മഹത്വമാര്‍ജിച്ചത് അത് മണ്ണിനോടും മനസ്സിനോടും മാനവികതയോടും മതനിരപേക്ഷ ജീവിതക്രമത്തോടും ചേര്‍ന്നുനിന്നതുകൊണ്ടാണ്. ആ അടിത്തറയ്ക്കു നേര്‍ക്കാണ് ആക്രണമുണ്ടാവുന്നത്.
ദേശീയ അവാര്‍ഡിന് അര്‍ഹമായ ഈ ചിത്രം വ്യാജ നിര്‍മിതികള്‍ കൊണ്ട് കേരളത്തെ മോശമായി ചിത്രീകരിക്കുകയാണ് ചെയ്യുന്നത്. ലോകമാകെ അറിയപ്പെടുന്ന കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യം ഓരോ ഘട്ടത്തിലും കൂടുതല്‍ കൂടുതല്‍ തെളിഞ്ഞു വരുന്ന കാഴ്ചയാണ് നാം ഇപ്പോള്‍ കാണുന്നത്. അങ്ങനെയൊരു ഘട്ടത്തിലാണ് അതിനെ വക്രീകരിച്ച് അവതരിപ്പിക്കുകയും പരസ്പരസ്പര്‍ദ്ധ വളര്‍ത്താനായി ഉപയോഗിക്കുകയും ചെയ്യുന്നത്. ഇത്തരം പ്രവണതകള്‍ തീര്‍ച്ചയായും ചലച്ചിത്ര ഇടങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടണം.
കേരളത്തില്‍ നിന്നുള്ള ശ്രേഷ്ഠരായ ചില കലാകാരന്മാരും കലാകാരികളും ദേശീയ അവാര്‍ഡുകളിലൂടെ അംഗീകരിക്കപ്പെട്ടു എന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്. അവരെ അഭിനന്ദിക്കാനും ഈ അവസരം വിനിയോഗിക്കട്ടെ. അതോടൊപ്പം കേരള ചലച്ചിത്ര രംഗത്തിന് അര്‍ഹമായ തോതിലുള്ള അംഗീകാരം ലഭിച്ചില്ല എന്നതും പരിശോധിക്കപ്പെടേണ്ടതാണ്. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്നതും ഈ കോണ്‍ക്ലേവില്‍ ചര്‍ച്ച ചെയ്യപ്പെടണം.
ചലച്ചിത്ര രംഗത്തു ധാരാളം സംഘടനകള്‍ ഇപ്പോഴുണ്ട്. സ്വാഭാവികമായും നേതൃതല മത്സരങ്ങളുമുണ്ടാവും. ഈ ഇന്‍ഡസ്ട്രി നിലനിന്നാലേ തങ്ങള്‍ ഉള്ളു എന്ന ബോധത്തോടെ ഈഗോ മാറ്റിവെച്ച് പ്രശ്‌നങ്ങളുടെ പരിഹാരത്തിനായി എല്ലാവരും പ്രവര്‍ത്തിക്കേണ്ടതുണ്ട് എന്നു കൂടി ഓര്‍മ്മിപ്പിക്കട്ടെ.
മലയാള ചലച്ചിത്ര മേഖലയുടെ വികസനത്തിനായി സര്‍ക്കാര്‍ തലത്തിലെ ആദ്യ ഇടപെടല്‍ ഉണ്ടാവുന്നത് 1967 ലെ ഇ എം എസ് സര്‍ക്കാരിന്റെ കാലത്താണ്. ചലച്ചിത്ര വ്യവസായത്തിന്റെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാന്‍ പരമാവധി നടപടി സ്വീകരിക്കുമെന്ന് അന്നത്തെ വ്യവസായ നയത്തില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് 1968 ല്‍ സിനിമയെ ചെറുകിട വ്യവസായങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ആനുകൂല്യങ്ങള്‍ അനുവദിച്ചു.
1975 ജൂലൈ 23 നാണ് കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ സ്ഥാപിതമായത്. 1980 ജൂണ്‍ 29 ന് അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാര്‍ ചിത്രാഞ്ജലി സ്റ്റുഡിയോ കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു. മദ്രാസിലുള്ള മലയാള സിനിമയെ കേരളത്തിലേക്ക് പറിച്ചുനടുകയായിരുന്നു പ്രധാന ലക്ഷ്യം. അതിനായി പ്രത്യേക സബ്‌സിഡി സര്‍ക്കാര്‍ അനുവദിക്കുകയും ചെയ്തു.
സര്‍ക്കാര്‍ തലത്തില്‍ ആദ്യമായി തിയേറ്റര്‍ തുടങ്ങുന്നത് 1985 ലാണ്. തിരുവനന്തപുരത്ത് കലാഭവന്‍ സ്ഥാപിതമായതിനുശേഷം 1988, 90 വര്‍ഷങ്ങളിലായി തിരുവനന്തപുരത്തും കോഴിക്കോടും കൈരളി, ശ്രീ തിയേറ്റര്‍ സമുച്ചയങ്ങള്‍ തുടങ്ങി. ഇതിന്റെയെല്ലാം തുടര്‍ച്ചയാണ് കഴിഞ്ഞ എൽ ഡി എഫ് സര്‍ക്കാരും ഈ സര്‍ക്കാരും ഏറ്റെടുക്കുന്നത്.
2019-20 സാമ്പത്തിക വര്‍ഷത്തില്‍ കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ വനിതകള്‍ക്ക് സിനിമാ നിര്‍മ്മാണത്തിന് ധനസഹായം നല്‍കുന്ന പദ്ധതി ആരംഭിച്ചു. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം ഇങ്ങനെയൊരു സ്ത്രീശാക്തീകരണ പദ്ധതി ചലച്ചിത്രമേഖലയില്‍ ആരംഭിക്കുന്നത്. ഈ പദ്ധതി പ്രകാരം ഒന്നരക്കോടി രൂപാ വീതം രണ്ട് വനിതകള്‍ക്ക് ധനസഹായം അനുവദിച്ചുവരുന്നു. ഈ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കപ്പെട്ട ‘നിഷിദ്ധോ’, ‘ബി 32 മുതല്‍ 44 വരെ’ എന്നീ സിനിമകള്‍ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
ഏറ്റവുമൊടുവില്‍ ചിത്രീകരണം പൂര്‍ത്തിയായ ‘മുംമ്ത’ എന്ന ചിത്രത്തിന്റെ സാങ്കേതിക വിഭാഗം മുഴുവന്‍ കൈകാര്യം ചെയ്യുന്നത് വനിതകളാണ്. ഇന്ത്യയുടെ ചലച്ചിത്രചരിത്രത്തില്‍ തന്നെ ആദ്യമായാണ് സ്ത്രീകളുടെ മാത്രം മേല്‍നോട്ടത്തില്‍ പൂര്‍ത്തിയാവുന്ന ഒരു സിനിമ സര്‍ക്കാര്‍ തലത്തില്‍ നിര്‍മ്മിക്കുന്നത്.
കഴിഞ്ഞ മാസം നടന്ന 27-ാമത് ഷാങ്ഹായ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും മികച്ച നടിക്കുള്ള പുരസ്‌കാരം നേടുകയും ചെയ്ത ‘വിക്‌ടോറിയ’ എന്ന ചിത്രം ഈ സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കപ്പെട്ടതാണ്. 2021 മുതല്‍ എസ് സി, എസ് ടി വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും ചലച്ചിത്രനിര്‍മ്മാണത്തിനുള്ള സാമ്പത്തിക സഹായം നല്‍കിവരുന്നു.
ഇന്ത്യയില്‍ ആദ്യമായി സര്‍ക്കാര്‍ തലത്തില്‍ നല്ല സിനിമയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ചലച്ചിത്ര അക്കാദമി രൂപീകരിക്കുന്നതും നമ്മുടെ കേരളത്തിലാണ്. 1998 ആഗസ്റ്റ് 17 ന് അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാര്‍ ആണ് ചലച്ചിത്ര അക്കാദമിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ടി കെ രാമകൃഷ്ണന്‍ ആയിരുന്നു അന്നത്തെ സാംസ്‌കാരിക വകുപ്പ് മന്ത്രി. ഇന്ത്യന്‍ സിനിമയുടെ ഗുണകരമായ മാറ്റത്തിനായി 1980 ല്‍ ശിവരാമ കാരന്ത് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പ് സ്വീകരിച്ച നടപടികളുടെ ഫലമായിരുന്നു ഇത്.
കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ ഉയര്‍ന്ന കലാമൂല്യമുള്ള സിനിമകളുടെ പ്രോത്സാഹനത്തിനായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സ്തുത്യര്‍ഹമായ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. അന്താരാഷ്ട്ര ചലച്ചിത്ര നിര്‍മ്മാതാക്കളുടെ സംഘടനയായ ഫിയാഫിന്റെ അംഗീകാരമുള്ള ചലച്ചിത്രമേളയായ ഐ എഫ് എഫ് കെ 29 പതിപ്പുകള്‍ പൂര്‍ത്തിയാക്കി, പ്രേക്ഷക പങ്കാളിത്തം കൊണ്ടും പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളുടെ മികവുകൊണ്ടും ഇന്ത്യയിലെ ഏറ്റവും മികച്ച മേളയെന്ന ഖ്യാതി നേടി.
സിനിമകളില്‍ ഒരു നിയന്ത്രണവുമില്ലാത്ത നിലയില്‍ വയലന്‍സ് കടന്നുവരുന്നതായി കരുതുന്നവരുണ്ട്. പ്രതീകാത്മകമായി അവതരിപ്പിക്കുമ്പോഴാണ് എന്തും കലാത്മകമാവുക. ഇക്കാര്യം ചലച്ചിത്ര സംവിധായകര്‍ ഓര്‍മ്മവെക്കുന്നതു കൊള്ളാം. അതിഭീകര വയലന്‍സിന്റെ ദൃശ്യങ്ങള്‍ കുഞ്ഞുങ്ങളുടെ മനോഘടനയെപ്പോലും വികലമാക്കും.
മയക്കുമരുന്നിനെയും രാസലഹരിയെയും മഹത്വവത്ക്കരിക്കുന്ന ചിത്രങ്ങള്‍ കൂടുതലായി ഉണ്ടാവുന്നതായി കരുതുന്നവരുമുണ്ട്. ഇതും ശ്രദ്ധിക്കണം. മയക്കുമരുന്നുപയോഗം പ്രചരിപ്പിക്കുന്നതിനു തുല്യമായ കുറ്റകൃത്യമാണ് അതിനെ മഹത്വവത്ക്കരിച്ച് അവതരിപ്പിക്കുന്നതും. ചലച്ചിത്രങ്ങളുടെ ഇതിവൃത്തങ്ങളില്‍ നിന്നു മാത്രമല്ല, ചലച്ചിത്ര രംഗത്തു നിന്നാകെത്തന്നെ മയക്കുമരുന്നുപയോഗം തുടച്ചു നീക്കണം. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ദൃഢചിത്തതയോടെ ഇടപെടുന്നുണ്ട്. ചലച്ചിത്ര കലാരംഗത്തുള്ളവര്‍ മാതൃക സൃഷ്ടിക്കുംവിധം ഈ രംഗത്തു പൂർണമായും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കട്ടെ.
പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകരും സര്‍ക്കാര്‍ പ്രതിനിധികളും വിഷയവിദഗ്ദ്ധരും പങ്കെടുക്കുന്ന ഈ ദ്വിദിന കോണ്‍ക്ലേവ് നൂതനമായ ആശയങ്ങളും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അവതരിപ്പിക്കാനുള്ള ഒരു തുറന്ന സംവാദ വേദി കൂടിയായിരിക്കും എന്ന പ്രതീക്ഷ പങ്കുവച്ചുകൊണ്ട് ഈ കോണ്‍ക്ലേവിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചതായി അറിയിക്കുന്നു.