
കേന്ദ്ര സര്‍ക്കാരിൻ്റെ തെറ്റായ നിലപാടുകള്‍ക്കതിരെ ജനുവരി 12 ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ എൽഡിഎഫിൻ്റെ നേതൃത്വത്തിൽ സത്യഗ്രഹം നടത്തും. മുഖ്യമന്ത്രിയും മന്ത്രിസഭാ അംഗങ്ങളും എല്ലാ എംഎല്‍എമാരും എംപിമാരും എല്‍ഡിഎഫ് നേതാക്കളും സത്യഗ്രഹത്തില്‍ പങ്കെടുക്കും.
സംസ്ഥാനത്തിന് അർഹമായ വിഹിതങ്ങൾ തടഞ്ഞുവയ്ക്കുകയും കടമെടുപ്പ് പരിധി വെട്ടി സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുകയും ചെയ്യുന്നു. മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റിയതു മാത്രമല്ല, പദ്ധതിയുടെ ഉള്ളടക്കം തന്നെ ഇല്ലാതാക്കി. അതിനെതിരെ ശക്തമായ പ്രക്ഷോഭം രൂപപ്പെട്ടുവരുന്നുണ്ട്. ലക്ഷക്കണക്കിന് കുടുംബങ്ങളിൽ ആശ്വാസം പകർന്ന തൊഴിലുറപ്പ് പദ്ധതി തകർക്കുന്നതടക്കം കേന്ദ്രസർക്കാരിന്റെ എല്ലാ തെറ്റായ നിലപാടുകളും തുറന്നുകാണിച്ച് എൽഡിഎഫ് മൂന്ന് മേഖലാ ജാഥകൾ നടത്തും. ഫെബ്രുവരി ഒന്ന് മുതൽ 15 വരെയാണ് വാഹന ജാഥകൾ.
വടക്കന്‍ മേഖല ജാഥ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മധ്യമേഖല ജാഥ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയും തെക്കന്‍ മേഖല ജാഥ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും നയിക്കും. വൈസ് ക്യാപ്റ്റന്മാരേയും മാനേജര്‍മാരേയും ജാഥ അംഗങ്ങളേയും അടുത്തയാഴ്ച ചേരുന്ന എല്‍ഡിഎഫ് സംസ്ഥാന നേതൃത്വം തീരുമാനിക്കും.
തൊഴിലുറപ്പ് പദ്ധതിക്കെതിരായുള്ള കേന്ദ്രത്തിൻ്റെ വഞ്ചനാപരമായ നടപടിക്കെതിരെ പ്രാദേശിക തലങ്ങളില്‍ പ്രതിഷേധവും സമരങ്ങളും സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു. കാമ്പയിനുകള്‍ വിജയിപ്പിക്കുന്നതിന് കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ്, എക്സിക്യൂട്ടീവ് യോഗങ്ങളും സിപിഐ(എം) സംസ്ഥാന കമ്മിറ്റിയും തീരുമാനിച്ചു.
