
നെയ്യാറ്റിൻകര: അശാസ്ത്രീയമായ ഓട നിർമ്മാണവും റോഡ് നിർമ്മാണവും കാരണം പെരുങ്കടവിളയിൽ ചെറു മഴയത്ത് പോലും പല ഭാഗങ്ങളിലും വെള്ളക്കെട്ട് ദുരിതം. ഇന്നലെ പെയ്ത മഴയിൽ പെരുങ്കടവിള ആശുപത്രി കവലയിൽ പഴമല റോഡ് തിരിയുന്ന ഭാഗത്ത് വലിയ വെള്ളക്കെട്ടാണ് അനുഭവപ്പെട്ടത്. ഇതു കാരണം സമീപത്തെ വീടുകൾ വെള്ളം കയറുമെന്ന മീഷണിയിലായി. അടുത്തിടെ നവീകരണത്തിൻ്റെ ആദ്യഘട്ടം പുർത്തിയായ അമരവിള ആര്യൻകോട് ഹൈടെക് റോഡിലാണ് വെള്ളം നിറഞ്ഞത്. തെള്ളുക്കുഴി മേൽക്കോണം പുനയൽക്കോണം തുടങ്ങി ഒരു കിലോമീറ്ററോളം ചുറ്റളവ് വരുന്ന പ്രദേശത്തെ മഴവെള്ളം ഇതുവഴി ഒഴുകി നീങ്ങുന്നത് അഞ്ചടിയോളം മാത്രം വീതി വരുന്ന പുനയൽക്കോണത്ത് നിന്നാരംഭിക്കുന്ന ചെറുതോടിലൂടെയാണ്. തോട് പെരുങ്കടവിള ചന്തനടയിലെത്തുമ്പോൾ ബ്ലോക്ക് നട മന്നം നഗർ നെല്ലിക്കാല എന്നീ ഭാഗങ്ങളിലെ വെള്ളം കൂടി എത്തിച്ചേരുമ്പോൾ തോടും ചന്തക്ക് പിന്നിലായുള്ള ഭാഗത്തെ വീടുകളും കൃഷിയിടങ്ങളും വെള്ളത്തിനടയിലാവും. ഇത്രയും വെള്ളം പെരുങ്കടവിള മാമ്പഴക്കര റോഡ് മുറിച്ചു കടക്കുവാനുള്ളത് പഴയ ചെക്ക് പോസ്റ്റ് ജംഗ്ഷന് സമീപത്തെ ഒന്നര അടി വ്യാസമുള്ള പൈപ്പും കാടുമൂടി വീതി കുറഞ്ഞ തോടും മാത്രമാണ്. ഇവിടം നിറഞ്ഞ് റോഡിന് മുകളിലൂടെ വെള്ളം മറിഞ്ഞുപായുമ്പോൾ ഈ ഭാഗത്തെ വീടുകൾ, കടകൾ, സർക്കാർ വൃദ്ധ വിശ്രമ മന്ദിരം എന്നിവിടങ്ങളിൽ വെള്ളം നിറയുന്നത് പതിവാണ്. ചെറുമഴയിൽ പോലും ഇവിടുത്തെ വെള്ളക്കെട്ട് വലിയ നാശനഷ്ടങ്ങളാണ് വരുത്തുന്നത്. ഇവിടെ മുൻപുണ്ടായിരുന്ന കുളം നിഖത്തിയാണ് സർക്കാർ വൃദ്ധ വിശ്രമ മന്ദിരം സ്ഥാപിച്ചതും. പെരുങ്കടവിള ആശുപത്രി കവലയിൽ ശാസ്ത്രീയമായി വെള്ളം തോട്ടിലേക്ക് ഒഴുക്കാനും, പെരുങ്കടവിള ജംഗ്ഷനിൽ എത്തുന്ന വെള്ളം മഞ്ചാടിത്തലയ്ക്കൽ തോട്ടിലേക്കൊഴുക്കാനും, കാനറാ ബാങ്കിന് സമീപത്ത് റോഡ് മുറിച്ച് വെള്ളം കടന്നുപോകുവാൻ വലിയ പൈപ്പ് സ്ഥാപിക്കലുമാണ് പ്രശ്നത്തിന് പരിഹാരമെന്ന് നാട്ടുകാർ പറയുന്നു.
കഴിഞ്ഞ ദിവസം പെയ്ത മഴയിൽ പെരുങ്കടവിള ആശുപത്രി കവലയിൽ പഴമല റോഡ് തിരിയുന്ന ഭാഗത്ത് വെള്ളം നിറഞ്ഞപ്പോൾ.

