
തിരുവനന്തപുരം: അർജൻ്റീന ഫുട്ബോൾ താരം ലയണൽ മെസിയും സംഘവും കേരളത്തിലെത്തും. അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. നവംബറില്‍ അർജൻ്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ സൗഹൃദ മത്സരം കളിക്കുമെന്നാണ് എഎഫ്എ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
ലിയോണല്‍ മെസി കേരളത്തില്‍ എത്തുമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്‌ദുറഹിമാനും അറിയിച്ചു. ഫെയ്സ്ബുക്കിൽ ഇട്ട കുറിപ്പിൽ , മെസിയുടെ വരവ് ആരാധകര്‍ക്കുള്ള ഓണസമ്മാനമാണെന്ന് വി അബ്‌ദുറഹിമാൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിയാലോചിച്ച്, അര്‍ജന്‍റീന ഫുട്ബോള്‍ ടീമിന്‍റെ സൗഹൃദ മത്സരത്തിനായുള്ള ഒരുക്കങ്ങൾ നടത്തുമെന്നും മന്ത്രി വി അബ്‌ദുറഹിമാൻ വ്യക്തമാക്കി.
‘അർജന്‍റീന ഫുട്ബോള്‍ ടീം കേരത്തിലേക്ക് വരുമെന്ന് ഉറപ്പായിരുന്നു. ഇത് സംബന്ധിച്ച് ഇന്നലെ രാത്രിയാണ് എഎഫ്എയില്‍ നിന്ന് അറിയിപ്പ് ഔദ്യോഗികമായി ലഭിച്ചത്. മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കും. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തില്‍ ആയിരിക്കും മത്സരം. മെസിയെ ഇഷ്‌ടപ്പെടുന്നവർക്ക് അദേഹത്തിന്‍റെ മത്സരം കാണാന്‍ അവസരം ഒരുക്കുകയാണ് ലക്ഷ്യം. അർജന്‍റീന ഫുട്ബോള്‍ ടീമുമായി കളിക്കാൻ പല ടീമുകളും സന്നദ്ധത അറിയിക്കുന്നു. ഓസ്ട്രേലിയൻ ടീം ഇതിനകം സന്നദ്ധത അറിയിച്ചിട്ടുണ്ട്’- എന്നും മന്ത്രി വി അബ്‌ദുറഹിമാൻ അറിയിച്ചു.
ഈ വര്‍ഷത്തെ സൗഹൃദമത്സരങ്ങള്‍ നടക്കുന്ന വേദികള്‍ സംബന്ധിച്ചുള്ള വിവരങ്ങൾ എഎഫ്എ പുറത്തുവിട്ടതിൽ കേരളവും ഉൾപ്പെട്ടിരുന്നു. കേരളത്തിനു പുറമേ അംഗോളയിലും അർജൻ്റീന ടീം കളിക്കും.
കേരളത്തിൽ നവംബര്‍ 10 മുതല്‍ 18 വരെയുള്ള ദിവസങ്ങളിലാണ് സൗഹൃദമത്സരങ്ങള്‍ നടക്കുന്നത്. എതിരാളികളെ തീരുമാനിച്ചിട്ടില്ലെന്ന് അർജൻ്റീന ഫുട്ബോൾ ടീം അറിയിച്ചു. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലായിരിക്കും മത്സരം എന്നാണ് റിപ്പോര്‍ട്ട്.