
കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിക്കെട്ടിടഭാഗം തകർന്നുണ്ടായ അപകടത്തിൽ മരിച്ച തലയോലപ്പറമ്പ് ഉമ്മാംകുന്ന് മേപ്പോത്തുകുന്നേൽ ബിന്ദുവിന് സർക്കാർ പ്രഖ്യാപിച്ച സഹായധനം സഹകരണം – തുറമുഖം- ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ വീട്ടിലെത്തി കൈമാറി.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് വീടു സന്ദർശിച്ച മന്ത്രി പത്തു ലക്ഷം രൂപയുടെ ചെക്ക് ബിന്ദുവിന്റെ ഭർത്താവ് കെ. വിശ്രുതൻ, അമ്മ സീതമ്മ, മകൻ നവനീത് എന്നിവർക്ക് കൈമാറി. ബിന്ദുവിന്റെ മരണത്തേത്തുടർന്ന് അടിയന്തര സഹായധനമായി 50000 രൂപ നേരത്തേ സർക്കാർ നൽകിയിരുന്നു.
സി.കെ. ആശ എം.എൽ.എ, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, എ.ഡി.എം. എസ്. ശ്രീജിത്ത്, വടയാർ വില്ലേജ് ഓഫീസർ മോളി ഡാനിയേൽ എന്നിവർ കൂടെയുണ്ടായിരുന്നു.
ബിന്ദുവിന്റെ കുടുംബത്തോടൊപ്പം സർക്കാർ എന്നുമുണ്ടെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. മകൾ നവമിയുടെ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സഹായവും സർക്കാർ നൽകി. മകൻ നവനീതിന് ദേവസ്വം ബോർഡിൽ ജോലി നൽകാൻ മന്ത്രിസഭയുടെ ശുപാർശ പ്രകാരം ദേവസ്വം ബോർഡ് തീരുമാനിച്ചിട്ടുണ്ട്. അപേക്ഷ ലഭിച്ചാലുടൻ ജോലിയിൽ പ്രവേശിപ്പിക്കും. എം.ജി. സർവകലാശാലയ്ക്കു കീഴിലുള്ള കോളേജുകളിലെ എൻ.എസ്.എസ്. യൂണിറ്റുകളുടെ നേതൃത്വത്തിൽ
വീടിന്റെ നിർമ്മാണം ശനിയാഴ്ച തുടങ്ങും. ബിന്ദുവിന്റെ മരണശേഷം എല്ലാ കാര്യങ്ങളിലും കൂടെനിന്ന സർക്കാരിന്റെ പിന്തുണയിലും സഹായത്തിലും ഏറെ തൃപ്തിയുണ്ടെന്ന് ഭർത്താവ് വിശ്രുതനും അമ്മ സീതമ്മയും പറഞ്ഞു.
ഫോട്ടോക്യാപ്ഷൻ:
മെഡിക്കൽ കോളജ് ആശുപത്രിക്കെട്ടിടഭാഗം തകർന്നുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിന് സർക്കാർ പ്രഖ്യാപിച്ച സഹായധനത്തിന്റെ ഭാഗമായി 10 ലക്ഷം രൂപയുടെ ചെക്ക് സഹകരണം – തുറമുഖം- ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ തലയോലപ്പറമ്പിലെ വീട്ടിലെത്തി ബിന്ദുവിന്റെ ഭർത്താവ് കെ. വിശ്രുതൻ, അമ്മ സീതമ്മ, മകൻ നവനീത് എന്നിവർക്ക് കൈമാറുന്നു. സി.കെ. ആശ എം.എൽ.എ, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ എന്നിവർ സമീപം.
(കെ.ഐ.ഒ.പി.ആർ. 2051/2025)