
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ അവാർഡ് 2023, നമ്മുടെ പ്രിയപ്പെട്ട നടൻ ശ്രീ. മോഹൻലാലിന് ലഭിച്ചതിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ട്.
നാല്പത്തി അഞ്ച് വർഷത്തിലേറെ നീണ്ട തൻ്റെ അഭിനയ ജീവിതത്തിലൂടെ, ഓരോ മലയാളിയുടെയും ഹൃദയത്തിൽ സ്ഥാനം നേടിയ ഒരു കലാകാരനാണ് അദ്ദേഹം. സാധാരണക്കാരനായ ഒരു വ്യക്തിയിൽ നിന്ന് വിശ്വവിഖ്യാതനായ ഒരു നടനിലേക്കുള്ള അദ്ദേഹത്തിൻ്റെ വളർച്ച, കഠിനാധ്വാനത്തിൻ്റെയും അർപ്പണബോധത്തിൻ്റെയും ഉത്തമ ഉദാഹരണമാണ്.
മികച്ച നടൻ, മികച്ച നിർമ്മാതാവ്, ഗായകൻ തുടങ്ങി സിനിമയുടെ വിവിധ മേഖലകളിൽ അദ്ദേഹം നൽകിയ സംഭാവനകൾ ഇന്ത്യൻ സിനിമയുടെ വളർച്ചക്ക് നിർണ്ണായകമായി. ഈ പുരസ്‌കാരം മലയാള സിനിമയ്ക്കും കേരളത്തിനും ലഭിച്ച വലിയ അംഗീകാരമാണ്.
അന്താരാഷ്ട്ര നിലവാരമുള്ള സിനിമകൾക്ക് കേരളം എന്നും നൽകിയ പിന്തുണയുടെയും, ഇവിടെയുള്ള കലാകാരന്മാരുടെ പ്രതിഭയുടെയും തിളക്കമാർന്ന പ്രതീകമാണ് ഈ അവാർഡ്.
കേരളത്തിൻ്റെ സാംസ്‌കാരിക വകുപ്പ് മന്ത്രി എന്ന നിലയിൽ, ഈ ചരിത്ര നേട്ടത്തിൽ ഞാൻ ശ്രീ. മോഹൻലാലിനെ എൻ്റെയും, കേരള ജനതയുടെയും പേരിൽ ഹാർദ്ദവമായി അഭിനന്ദിക്കുന്നു.