
ഒന്നരവയസ്സുകാരനെ കടലിലെറിഞ്ഞ് കൊന്ന അമ്മ ശരണ്യക്ക് ജീവപര്യന്തം തടവുശിക്ഷ
തളിപ്പറമ്പ്: കണ്ണൂർ തയ്യിൽ ഒന്നരവയസ്സുകാരനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മ കെ. ശരണ്യവത്സരാജി(27)ന് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തളിപ്പറമ്പ് അഡി. സെഷൻസ് കോടതി ജഡ്ജി കെ.എൻ. പ്രശാന്താണ് ശിക്ഷ വിധിച്ചത്. കേസിലെ രണ്ടാം പ്രതിയും ശരണ്യയുടെ ആൺ സുഹൃത്തുമായ വലിയന്നൂരിലെ പി. നിധി(32)നെ കോടതി വെറുതെ വിട്ടിരുന്നു.
അപൂർവങ്ങളിൽ അപൂർവമായ കേസായി ഇതിനെ പരിഗണിക്കാൻ കഴിയില്ലെങ്കിലും സ്വന്തം കുഞ്ഞിനെ അമ്മ കടൽഭിത്തിയിൽ എറിഞ്ഞുകൊന്ന കേസാണ്, അതുകൊണ്ടുതന്നെ ജീവപര്യന്തം തടവ് വിധിക്കുന്നു എന്നാണ് കോടതി പറഞ്ഞത്. ശരണ്യയെ കണ്ണൂർ വനിതാ ജയിലിലേക്ക് റിമാൻഡ് ചെയ്തു.
2020 ഫെബ്രുവരി 17-ന് പുലർച്ചെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഭർത്താവുമായി പിരിഞ്ഞുതാമസിച്ചിരുന്ന ശരണ്യ, നിധിനൊപ്പം ജീവിക്കുന്നതിന് തടസ്സമാകും എന്ന് കണ്ടാണ് ഒന്നരവയസ്സുള്ള മകൻ വിയാനെ കടൽ ഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയത്. ഭർത്താവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി, കുഞ്ഞിനെ അയാളുടെ അടുത്തുകിടത്തി ഉറക്കിയ ശരണ്യ, പാൽ കൊടുക്കാനെന്ന് പറഞ്ഞാണ് കുഞ്ഞിനെ എടുത്തത്.
പിന്നീട് ഭർത്താവ് ഉറങ്ങിയതായി ഉറപ്പു വരുത്തിയ ശേഷം കുഞ്ഞുമായി വീട്ടിൽ നിന്നും പുറത്തിറങ്ങി. കടലിനരികിലേക്ക് നീങ്ങിയ പ്രതി കടൽഭിത്തിയിൽ കയറി വെള്ളത്തിലേക്ക് കുഞ്ഞിനെ എറിഞ്ഞുവെന്നാണ് കേസ്. വെള്ളത്തിൽ വീണ കുട്ടികരഞ്ഞതിനാൽ മരണം ഉറപ്പാക്കാൻ താഴെ കരിങ്കൽ പാകിയ സ്ഥലത്തേക്കിറങ്ങി വീണ്ടും എടുത്ത് കടൽവെള്ളത്തിലേക്ക് എറിഞ്ഞതായും കുറ്റപത്രത്തിലുണ്ട്.
വീടിനടുത്ത് എഴുപത് മീറ്ററോളം അകലെയുള്ള കടലിലേക്കാണ് കുഞ്ഞിനെ എറിഞ്ഞു കൊന്നത്. കൃത്യം നടത്തിയതിനു ശേഷം വീട്ടിൽ വന്ന് കിടന്ന ശരണ്യ രാവിലെ ഭർത്താവിനോടും വീട്ടുകാരോടും കുഞ്ഞിനെ കാണാനില്ലെന്നു പറഞ്ഞ് തിരച്ചലിനുള്ള അവസരമൊരുക്കി. ഭർത്താവ് പ്രണവ് പോലീസ് സ്റ്റേഷനിലത്തി പരാതി നൽകി. പിന്നാലെ തയ്യലിൽ എത്തിയ പോലീസും വീട്ടുകാരും ചേർന്ന് തിരച്ചിൽ ആരംഭിച്ചു.
അതിനിടെയാണ് കടൽഭിത്തിയോട് ചേർന്ന കരിങ്കല്ലുകൾക്കിടയിൽ വിയാൻ്റെ മൃതശരീരം കണ്ടത്തിയത്. കേസിൽ രണ്ടാംപ്രതിയായ നിധിനെ തെളിവുകളുടെ അഭാവം മൂലമാണ് കോടതി വെറുതെ വിട്ടത്. നിധിനെതിരെ ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങൾ ചാർത്തിയിരുന്നു. എന്നാൽ ഇത് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല.
