
ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും അതിനെ തുടർന്നുണ്ടായ ബാധ്യതയും ആണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പൊലീസ് കണ്ടെത്തൽ.
Web DeskWeb DeskOct 23, 2025 – 16:120
എൻ എം വിജയൻ്റെ ആത്മഹത്യ : ഐസി ബാലകൃഷ്ണൻ എംഎൽഎ ഒന്നാംപ്രതി, കുറ്റപത്രം സമർപ്പിച്ചു
വയനാട്: എൻ എം വിജയൻ്റെ ആത്മഹത്യക്ക് പിന്നാലെ എടുത്ത ആത്മഹത്യ പ്രേരണ കേസിൽ കുറ്റപത്രം സമർപ്പിച്ചു. ബത്തേരി എംഎൽഎ ഐസി ബാലകൃഷ്ണനാണ് ഒന്നാംപ്രതി. മുൻ ഡിസിസി പ്രസിഡൻറ് എൻഡി അപ്പച്ചൻ, കെ കെ ഗോപിനാഥൻ, പി വി ബാലചന്ദ്രൻ എന്നിവരാണ് മറ്റു പ്രതികൾ.
ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും അതിനെ തുടർന്നുണ്ടായ ബാധ്യതയും ആണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പൊലീസ് കണ്ടെത്തൽ. കോൾ റെക്കോർഡുകൾ, ഡയറി ഉൾപ്പെടെയുള്ള തെളിവുകളും ബാങ്ക് രേഖകളും കുറ്റപത്രത്തോടൊപ്പം സമർപ്പിച്ചിട്ടുണ്ട്. ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ബത്തേരി കോടതിയിൽ ഇന്നലെ കുറ്റപത്രം സമർപ്പിച്ചത്. കഴിഞ്ഞദിവസം വിജിലൻസ് എടുത്ത കേസിലും ഐസി ബാലകൃഷ്ണൻ എംഎൽഎ പ്രതിയായിരുന്നു.
വിഷം കഴിച്ചു മരിക്കുന്നതിന് മുൻപ് മൂത്ത മകൻ വിജേഷിന് എഴുതിയ കത്തിൽ എൻ എം വിജയൻ സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കിയിരുന്നു. കെപിസിസി പ്രസിഡൻ്റ് കെ സുധാകരന് എഴുതിയ കത്തിലാണ് പാർട്ടി നേതാക്കളുടെ വഞ്ചനയെപ്പറ്റി അദ്ദേഹം പറയുന്നത്. ഐ സി ബാലകൃഷ്ണനും എൻ ഡി അപ്പച്ചനും ആവശ്യപ്പെട്ടത് അനുസരിച്ചാണ് ബത്തേരി അർബൻ ബാങ്ക് നിയമനത്തിന് പണം വാങ്ങിയതെന്ന് കത്തിൽ പറയുന്നു. നിയമനത്തിന് പണം വാങ്ങിയത് എംഎൽഎ ആണെന്ന് ആരോപിക്കുന്ന കത്തിൽ, ഈ വിവരങ്ങളെല്ലാം കെപിസിസി നേതൃത്വത്തിന് അറിയാമെന്നും പറയുന്നുണ്ട്. ഡിസിസി പ്രസിഡൻ്റ് സ്ഥാനം വഹിച്ചിരുന്ന മൂന്ന് നേതാക്കൾ പണം വീതിച്ചെടുത്തെന്നും ആരോപണമുണ്ട്. സമാന വിവരമുള്ള കത്തുകൾ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും സ്വന്തം കൈപ്പടയിൽ എൻ എം വിജയൻ എഴുതി സൂക്ഷിച്ചിരുന്നു.

