
തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് പാലോട് രവി രാജിവെച്ചു. വിവാദ ഫോൺ സംഭാഷണത്തിലാണ് രാജി. രവിയുടെ രാജി കോണ്‍ഗ്രസ് നേതൃത്വം ചോദിച്ചു വാങ്ങുകയായിരുന്നു. ഇടതുസര്‍ക്കാര്‍ മൂന്നാം തവണയും അധികാരം പിടിക്കുമെന്നായിരുന്നു ഫോണ്‍ സംഭാഷണം. കോണ്‍ഗ്രസ് എടുക്കാച്ചരക്ക് ആകുമെന്നും ഫോണ്‍ സംഭാഷണത്തിൽ രവി പറഞ്ഞിരുന്നു. രവിയുമായി ഫോണിൽ സംസാരിച്ച ജലീലിനെയും പുറത്താക്കി. എഐസിസി നിര്‍ദേശപ്രകാരമാണ് കെപിസിസി രവിയോട് രാജി ആവശ്യപ്പെട്ടത്.
തിരുവനന്തപുരം ഡിസിസി അധ്യക്ഷ പദവിയിൽ പകരം ചുമതല ആർക്കും നൽകിയിട്ടില്ല. പാലോട് രവി സമര്‍പ്പിച്ച രാജി സ്വീകരിച്ചതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് പ്രഥമദൃഷ്ടിയാല്‍ ബോധ്യപ്പെട്ടതിനാല്‍ വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ.ജലീലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായും സണ്ണി ജോസഫ് അറിയിച്ചു.
സംസ്ഥാനത്ത് എൽഡിഎഫ് ഭരണം തുടരുമെന്നാണ് ഡിസിസി അധ്യക്ഷൻ പാലോട് രവിയുടെ സംഭാഷണത്തിലുള്ളത്. കോണ്‍ഗ്രസിനെ വെട്ടിലാക്കിയുള്ള ടെലിഫോണ്‍ സംഭാഷണം പുറത്തുവന്നതോടെ പാലോട് രവി രംഗത്തെത്തി. താൻ പറഞ്ഞത് എന്തെന്ന് അണികൾക്ക് വ്യക്തമായി മനസിലായിട്ടുണ്ട്. സംഘടനാ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ പിന്നിലാകും എന്നാണുദ്ദേശിച്ചത്. ഇത്തരം മെസ്സേജുകൾ നിരന്തരമായി താഴെത്തട്ടിലുള്ള സംഘടനാ സംവിധാനങ്ങൾക്ക് നൽകുന്നതാണ്.
പ്രാദേശിക ഘടകങ്ങളിലെ ഭിന്നത ഒഴിവാക്കുകയാണ് ലക്ഷ്യം. എങ്കിൽ മാത്രമേ ഒറ്റക്കെട്ടായി സിപിഎം ഭരണത്തെ താഴെ ഇറക്കാൻ കോൺഗ്രസിനെ കൊണ്ട് സാധിക്കുകയുള്ളു. താൻ പറഞ്ഞ ഫോൺ സംഭാഷണത്തിലെ ഒരു ചെറിയ ഭാഗം അടർത്തിയെടുത്തതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്നും ഇത്തരം മെസേജുകൾ ഫോണിലൂടെയും അല്ലാതെയും നിരന്തരമായി നൽകുന്നതാണെന്നും പാലോട് രവി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും നിയമസഭയിൽ ഉച്ചികുത്തി താഴെ വീഴുമെന്നും സിപിഎം വീണ്ടും ഭരണം തുടരുമെന്നുമായിരുന്നു പാലോട് രവി ടെലിഫോണ്‍ സംഭാഷണത്തിൽ പറഞ്ഞത്. ഇതോടെ കോണ്‍ഗ്രസിന് അധോഗതിയായിരിക്കുമെന്നും എടുക്കാചരക്കാകുമെന്നും മുസ്ലിങ്ങള്‍ സിപിഎമ്മിലേക്ക് പോകുമെന്നും മറ്റുള്ളവര്‍ ബിജെപിയിലേക്ക് പോകുമെന്നും സംഭാഷണത്തിൽ പറയുന്നുണ്ട്.