
രാജ്യത്തിന്റെ 15-ാമത് ഉപരാഷ്ട്രപതിയെ അല്പ സമയത്തിനകം അറിയാം. എൻഡിഎ സ്ഥാനാർത്ഥിയായ സി പി രാധാകൃഷ്ണനും ഇന്ത്യാ സഖ്യത്തിന്റെ ബി സുദർശൻ റെഡ്ഡിയും തമ്മിലാണ് മത്സരം. രാവിലെ 10 മണിക്ക് വോട്ടെടുപ്പ് തുടങ്ങി. വൈകിട്ട് ആറിനാണ് വോട്ടെണ്ണൽ. ജഗ്‌ദീപ് ധൻഖറിന്റെ അപ്രതീക്ഷിത രാജിയെ തുടർന്നാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.ഇന്ത്യ മുന്നണി പ്രതീക്ഷിക്കുന്ന 315 വോട്ടുകളും പോൾ ചെയ്തതായി കോൺഗ്രസ് നേതാവ് ജയറാം രമേഷ് അവകാശപ്പെട്ടു. അകാലിദൾ, ബിജെഡി, ബിആർ എസ് പാർട്ടികൾ വിട്ടു നിന്നു. എൻഡിഎ സഖ്യകളായിരുന്നു മൂന്ന പാർട്ടികളും.ഏഴു മണിയോടെ ഔദ്യോഗിക പ്രഖ്യാപനം പുറത്തു വരും.
രണ്ട് ദക്ഷിണേന്ത്യക്കാർ പരസ്പരം ഏറ്റുമുട്ടുന്നുവെന്ന പ്രത്യേകതയും ഇത്തവണത്തെ തിരഞ്ഞെടുപ്പിനുണ്ട്. നിലവിലെ മഹാരാഷ്ട്രാ ഗവർണർ സി പി രാധാകൃഷ്ണനാണ് എൻഡിഎ സ്ഥാനാർത്ഥി. ഒബിസി വിഭാഗത്തിൽ നിന്നുള്ള ബിജെപി നേതാവായ അദ്ദേഹം 1998ലും 1999ലും കോയമ്പത്തൂരിൽ നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആന്ധ്രാ സ്വദേശിയായ സുപ്രീം കോടതി മുൻ ജഡ്ജി ബി സുദർശൻ റെഡ്ഡിയാണ് പ്രതിപക്ഷത്തിന്റ സംയുക്ത സ്ഥാനാർത്ഥി. നിരവധി സുപ്രധാന വിധികളിൽ കേന്ദ്ര സർക്കാരിനെ നിശിതമായി വിമർശിച്ചതിന്റെ പേരിൽ ശ്രദ്ധേയനാണ് ജസ്റ്റിസ് റെഡ്ഡി. 239 രാജ്യസഭാ എംപിമാരും 542 ലോക്സഭാ എംപിമാരും ഉൾപ്പെടെ 781 എംപിമാരാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള ഇലക്ടറൽ കോളേജിൽ ഉൾപ്പെടുന്നത്. ബിജു ജനതാദളും ഭാരത് രാഷ്ട്ര സമിതിയും തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പ്രഖ്യാപിച്ചതിനാൽ വോട്ട് ചെയ്യുന്ന എംപിമാരുടെ എണ്ണം 770 ആയി കുറയും. ഇതോടെ 386 വോട്ടുകൾ ലഭിച്ചാൽ ഭൂരിപക്ഷം നേടാനാകും. ജഗ്‌ദീപ് ധൻഖറിന് ലഭിച്ച ചരിത്രഭൂരിപക്ഷം ലഭിക്കാൻ ഇടയില്ലെങ്കിലും, നിലവിൽ 425 എംപിമാരുള്ള എൻഡിഎക്ക് അനുകൂലമാണ് സാഹചര്യം. ഇരുസഭകളിലുമായി 324 വോട്ടുകളാണ് പ്രതിപക്ഷത്തിനുള്ളത്.