തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒളിവില്‍ പോയതുമായി ബന്ധപ്പെട്ട് യുവനടിയെ ചോദ്യംചെയ്യും. രാഹുല്‍ മുങ്ങിയത് ചുവന്ന നിറമുളള ഫോക്‌സ്‌വാഗണ്‍ പോളോ കാറിലാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ കാറിന്റെ ഉടമയായ യുവനടിയെയാണ് അന്വേഷണ സംഘം ചോദ്യംചെയ്യുക. ഉടന്‍ തന്നെ ചോദ്യംചെയ്യലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. നോട്ടീസ് നല്‍കി വിളിപ്പിക്കാനാണ് പൊലീസിന്റെ നീക്കം. നടിയുമായി രാഹുലിന് അടുത്ത ബന്ധമുണ്ടെന്നും സ്ഥിരീകരണം. നടിയെ ഇതിനകം പൊലീസ് ഫോണില്‍ ബന്ധപ്പെട്ടെന്ന് സൂചന. കഴിഞ്ഞ ബുധനാഴ്ച്ച മുതല്‍ കാര്‍ പാലക്കാട് ഉണ്ടായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേഴ്‌സണല്‍ സ്റ്റാഫിനെയും ഡ്രൈവറെയും ചോദ്യംചെയ്തതില്‍ നിന്നാണ് അന്വേഷണ സംഘത്തിന് നിര്‍ണായക വിവരം ലഭിച്ചത്.

അതേസമയം, ബലാത്സംഗക്കേസില്‍ രാഹുലിനെതിരെ തെളിവുകളുണ്ടെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. രാഹുല്‍ യുവതിയെ ബലാത്സംഗത്തിനിടെ ഉപദ്രവിച്ചതിന് ഫോട്ടോകളടക്കം തെളിവുണ്ട്. ഗര്‍ഭിണിയാകാന്‍ നിര്‍ബന്ധിച്ചത് രാഹുലാണെന്നും പൊലീസ് കണ്ടെത്തി. ഗര്‍ഭഛിദ്രത്തിന് തെളിവായത് മെഡിക്കല്‍ രേഖകള്‍. രാഹുല്‍ തെളിവുകള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് അന്വേഷണസംഘം പറഞ്ഞു. റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്തുകൊണ്ടാണ് റിപ്പോര്‍ട്ട്.

