
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ പരാതികളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. രാഹുലിന് എതിരെ നടപടി ഉണ്ടാകുമെന്ന് താൻ പറഞ്ഞതാണ്. സംഘടനാ ചുമതലയിൽ നിന്ന് മാറ്റിയത് ആദ്യപടിയാണ്. പരാതികള്‍ ഗൗരവത്തോടെ പരിശോധിക്കും. പരാതിക്കാരായ സ്ത്രീകളെ ആക്രമിക്കാൻ അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കുമോ എന്ന ചോദ്യത്തിന് ആരോപണ വിധേയർ എത്രപേർ രാജി വച്ചിട്ടുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവ് ചോദിച്ചത്.
അതിനിടെ, കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിൻ്റെ സംഘാടക സമിതി രൂപീകരണ യോഗത്തില്‍നിന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എയെ ഒഴിവാക്കാന്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി നിര്‍ദേശം നല്‍കി. രാഹുലിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണു നടപടി. നവംബര്‍ 7 മുതല്‍ പാലക്കാട്ട് നടക്കുന്ന ശാസ്‌ത്രോല്‍സവത്തിന്റെ സംഘാടക സമിതി രൂപീകരിക്കാനായി തിങ്കളാഴ്ച പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളിൽ ചേരാനിരിക്കുന്ന യോഗത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അധ്യക്ഷന്‍ ആയിരുന്നു.
സ്ത്രീകളോടുള്ള മോശം പെരുമാറ്റമെന്ന ആരോപണങ്ങൾക്ക് പിന്നാലെ യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിയിൽ നിന്ന് രാജിവച്ച രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനവും രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. രാഹുലിനെ എംഎൽഎ സ്ഥാനത്ത് നില നിർത്തണോ എന്നാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ചോദ്യം ഉയർത്തുന്നത്. എന്നാല്‍, പരാതിയും കേസുമില്ലാതെ ഇപ്പോൾ നടപടി കടുപ്പിക്കണോ എന്നാണ് മറ്റൊരു വിഭാഗം ചോദിക്കുന്നത്.
രാഹുലില്‍നിന്ന് ദുരനുഭവം ഉണ്ടായെന്നു ചൂണ്ടിക്കാട്ടി യുവനടി ഉള്‍പ്പെടെ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. കേരളത്തിലെ യുവ രാഷ്ട്രീയ നേതാവില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്നാണ് നടി റിനി ആൻജോർജ് തുറന്നു പറഞ്ഞത്. സോഷ്യൽ മീഡിയ വഴിയാണ് ഇയാളുമായി പരിചയമുള്ളത്. തുടക്കം മുതൽ മോശം മെസേജുകൾ അയച്ചു. ഇത് ശരിയല്ലെന്ന് പറഞ്ഞിട്ടും അയാൾ അത് തുടർന്നു. മൂന്നര വർഷം മുൻപാണ് ആദ്യമായി മെസേജ് അയച്ചത്. അതിനുശേഷമാണ് അയാൾ ജനപ്രതിനിധിയായത്. അയാൾ കാരണം മറ്റു ബുദ്ധിമുട്ടുകൾ ഇല്ലാത്തത് കൊണ്ടാണ് പരാതിയുമായി മുന്നോട്ട് പോകാത്തത്. പരാതിയുള്ളവർ അതുമായി മുന്നോട്ടു പോകട്ടെയെന്നും റിനി ആൻ ജോര്‍ജ് പറഞ്ഞു. ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നും യുവ നടി വെളിപ്പെടുത്തിയിരുന്നു.