
തിരുവനന്തപുരം: ആരോപണങ്ങൾക്ക് പിന്നാലെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തു. എംഎൽഎ സ്ഥാനത്ത് നിന്ന് രാജിവെക്കേണ്ടതില്ല എന്ന നിലപാടിലാണ് പാർട്ടി. ആറ് മാസത്തേക്കാണ് സസ്പെൻഷൻ. രാഹുലിനെതിരേ ഉയർന്ന ആരോപണങ്ങളിൽ പാർട്ടി അന്വേഷണം ഉണ്ടായേക്കില്ല. നടപടി സസ്പെഷനിൽ മാത്രമായി ഒതുങ്ങും.
ഇനിമുതൽ പാർട്ടിയുടേയോ മുന്നണിയുടേയോ പാർലമെന്ററി പാർട്ടി യോഗത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ അംഗമായിരിക്കില്ല. എം.എൽ.എ സ്ഥാനം പെട്ടെന്ന് രാജിവെപ്പിച്ചാൽ വീണ്ടുമൊരു ഉപതിരഞ്ഞെടുപ്പ് സാധ്യത മുമ്പിൽ കണ്ടാണ് പാർട്ടി നിലപാട് എന്നാണ് സൂചന. നിയമസഭാ സമ്മേളനങ്ങളിൽ രാഹുൽ പാർലമെന്ററി പാർട്ടിയുടെ ഭാഗമായി ഉണ്ടാകില്ല.
രാഹുൽ രാജിവെക്കുമെന്ന അഭ്യൂഹങ്ങളായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. എന്നാൽ പ്രതിരോധിച്ച് നിൽക്കാനായിരുന്നു രാഹുലിൻ്റെ ശ്രമം. പാർട്ടിക്കുള്ളിൽ നിന്ന് തന്നെ രാഹുലിനെതിരേ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. രാഹുലിൻ്റെ ഭാഗത്ത് നിന്നുള്ള വിശദീകരണം കേട്ട ശേഷം മാത്രം തുടർനടപടി മതി എന്ന നിലപാടിലാണ് നേതൃത്വം. ബിജെപി ആഗ്രഹിക്കുന്ന ഉപതിരഞ്ഞെടുപ്പാണെന്നിരിക്കെ, അതിനവസരം ഒരുക്കിക്കൊടുക്കുന്നത് രാഷ്ട്രീയമായി തിരിച്ചടി ഉണ്ടാക്കുമെന്നും പാർട്ടി വിലയിരുത്തുന്നു.
ലൈംഗികാരോപണത്തിൽ കുരുങ്ങിയതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിലെ മുതിർന്നനേതാക്കളെല്ലാം കൈവിട്ടിരുന്നു. ഞായറാഴ്ച വനിതാ നേതാക്കളും പരസ്യമായി രംഗത്തെത്തിയതോടെ എംഎൽഎ സ്ഥാനം രാജിവെക്കാൻ രാഹുലിനുമേൽ സമ്മർദമേറുകയായിരുന്നു.
രാഹുൽ ഒരുനിമിഷം മുൻപ് രാജിവെച്ചാൽ അത്രയും നല്ലതെന്ന് ഉമാ തോമസ് എംഎൽഎയും മുഖ്യധാരാ രാഷ്ട്രീയത്തിൽ നിന്ന് മാറിനിൽക്കണമെന്ന് ഷാനിമോൾ ഉസ്മാനും പറഞ്ഞു. പരാതികൾ പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല വ്യക്തമാക്കിയപ്പോൾ അടിയന്തരമായി രാജിവെക്കണമെന്നായിരുന്നു വി.എം. സുധീരൻ്റെ ആവശ്യം. വി.ഡി. സതീശനും കടുത്ത എതിർപ്പിലാണ്. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും വ്യക്തമാക്കി.
ഇവിടെത്തന്നെ തീരുമാനമെടുക്കാനായിരുന്നു ഹൈക്കമാൻഡിൻ്റെ നിർദേശം. ആരോപണങ്ങൾ അടിസ്ഥാനരഹിതമെങ്കിൽ നിയമ നടപടിയുൾപ്പെടെ രാഹുലിൻ്റെ പ്രതികരണം ഉണ്ടാകാത്തതെന്താണെന്നാണ് ഹൈക്കമാൻഡ് ചോദിച്ചത്.