
സഞ്ജു സാംസൺ ഡൽഹി ക്യാപിറ്റൽസിലേക്ക്? ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് റിപ്പോർട്ട്
2025 ഐപിഎൽ സീസൺ മുതൽ സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടും എന്ന അഭ്യൂഹം പ്രചരിച്ചിരുന്നു. ചെന്നൈ സൂപ്പർ കിങ്സ്, കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് എന്നിവർ സഞ്ജുവിനായി ശ്രമിക്കുന്നു എന്നാണ് ആ സമയം റിപ്പോർട്ടുകൾ വന്നത്. ഡൽഹി ക്യാപ്റ്റൽസ് സഞ്ജുവിനെ ലക്ഷ്യമിട്ട് രാജസ്ഥാൻ റോയൽസുമായി ചർച്ച തുടങ്ങിയിരിക്കുന്നു എന്നാണ് ഇപ്പോൾ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.
തങ്ങളുടെ പ്രധാന കളിക്കാരെ സഞ്ജുവിന് പകരം നൽകാൻ ഡൽഹി തയ്യാറല്ല എന്നാണ് സൂചന. സഞ്ജുവിനേയും സ്റ്റബ്സിനേയും പരസ്പരം കൈമാറി രാജസ്ഥാൻ-ഡൽഹി ഡീൽ നടന്നേക്കും എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സഞ്ജുവിന് പകരം കെ എൽ രാഹുൽ എന്ന ആവശ്യം രാജസ്ഥാൻ റോയൽസിൽ നിന്ന് ഉയർന്നു. എന്നാൽ രാഹുലിനെ പോലെ ബ്രാൻഡ് വാല്യു ഉള്ള താരത്തെ നൽകാനാവില്ലെന്ന നിലപാടിൽ ഡൽഹി ഉറച്ച് നിന്നതായാണ് വിവരം.
സ്റ്റബ്സിനെ കൂടാതെ മറ്റൊരു കളിക്കാരനെ കൂടി രാജസ്ഥാൻ ആവശ്യപ്പെടുന്നുണ്ട്. ഇത് ആര് എന്നത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വരാനുണ്ട്. സഞ്ജു സാംസണിനെ സ്വന്തമാക്കാൻ അവസരം ലഭിച്ചാൽ വിട്ടുകളയില്ല എന്നാണ് ചെന്നൈ സൂപ്പർ കിങ്സ് വ്യക്തമാക്കുന്നത്. എന്നാൽ രവീന്ദ്ര ജഡേജ, ഋതുരാജ് എന്നിവരെ സഞ്ജുവിന് പകരമായി രാജസ്ഥാന് നൽകാനാവില്ല എന്ന നിലപാടിൽ ചെന്നൈ ഉറച്ച് നിന്നു.
കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് കെ എൽ രാഹുലിനെ ട്രേഡ് വിൻഡോയിലൂടെ സ്ക്വാഡിലെത്തിക്കാൻ ശ്രമിക്കുന്നതായും സൂചനയുണ്ട്. കൊൽക്കത്തയുടെ പുതിയ പരിശീലകൻ അഭിഷേക് നായരുമായി അടുത്ത ബന്ധം ആണ് രാഹുലിനുള്ളത്. അതിനാൽ രാഹുലിനെ ഡൽഹിയിൽ നിന്ന് കൊൽക്കത്ത റാഞ്ചാനുള്ള സാധ്യതകൾ കൂടുതലാണ്.
കെ എൽ രാഹുലിന് പകരം റസലിനെ നൽകാം എന്ന ഓപ്ഷൻ കൊൽക്കത്ത മുൻപോട്ട് വെച്ചതായാണ് പുറത്തുവരുന്ന വിവരം. എന്നാൽ യുവതാരത്തെ വേണം എന്നാണ് ഡൽഹിയുടെ ആവശ്യം. റിങ്കു സിങ്, വരുൺ ചക്രവർത്തി എന്നിവരുടെ പേരുകൾ ഉയരുന്നുണ്ടെങ്കിലും രണ്ട് പേരേയും കൊൽക്കത്ത വിടാൻ സാധ്യതയില്ല. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തെ തുടർന്ന് വെങ്കടേഷ് അയ്യറിനെ സ്വന്തമാക്കാൻ ഫ്രാഞ്ചൈസികൾ താത്പര്യം പ്രകടിപ്പിക്കുന്നില്ല. താര ലേലത്തിലേക്ക് വെങ്കടേഷിന്റെ പേര് എത്താനാണ് സാധ്യത.
