
സ്ക്കൂൾ കായികമേള തിരുവനന്തപുരത്തിന് വൻ കുതിപ്പ്; ഇന്‍ക്ലൂസീവ് സ്‌പോര്‍ട്സ് ഓവറോള്‍ കിരീടം പാലക്കാടിന്
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ തിരുവനന്തപുരം ബഹുദൂരം മുന്നിൽ. 712 പോയിൻ്റുമായാണ് ആതിഥേയർ ഒന്നാമത് കുതിക്കുന്നത്. 388 പോയിൻ്റുമായി കണ്ണൂരും 354 പോയിൻ്റുമായി തൃശൂരും രണ്ടും മൂന്നും സ്ഥാനങ്ങളിൽ തുടരുന്നു. 82 സ്വർണവും 62 വെള്ളിയും 87 വെങ്കലവുമാണ് തിരുവനന്തപുരത്തിൻ്റെ സമ്പാദ്യം. തിരുവനന്തപുരം സെൻ്റ് ജോസഫ് എച്ച്എസ്എസ് 111 പോയിൻ്റും ജി വി രാജ സ്പോർട് സ്കൂൾ 101 പോയിൻ്റും നേടി.
കോഴിക്കോട്-347, പാലക്കാട്-332, എറണാകുളം-298, മലപ്പുറം-278, കൊല്ലം-191, കാസർകോട്-169, വയനാട്-71, ആലപ്പുഴ-65, കോട്ടയം-52, ഇടുക്കി-39, പത്തനംതിട്ട- 21 എന്നിങ്ങനെയാണ് വ്യാഴം ഉച്ചവരെ മറ്റ് ജില്ലകളുടെ പോയിൻ്റ് നില.
ഇന്‍ക്ലൂസീവ് സ്‌പോര്‍ട്സ്: പാലക്കാടിന് ഓവറോള്‍ കിരീടം
അത്‌ലറ്റിക്‌സിലെ മികവില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ഇന്‍ക്ലൂസീവ് സ്‌പോര്‍ട്സിൻ്റെ ഓവറോള്‍ കിരീടം സ്വന്തമാക്കി പാലക്കാട്. കഴിഞ്ഞവര്‍ഷം രണ്ടാംസ്ഥാനക്കാരായ ജില്ല 10 സ്വര്‍ണവും രണ്ട് വെള്ളിയും നാല് വെങ്കലവുമായി 90 പോയിൻ്റാണ് ഇത്തവണ നേടിയത്. 80 പോയിൻ്റുമായി കോഴിക്കോടാണ് രണ്ടാംസ്ഥാനത്ത്. നാല് സ്വര്‍ണവും ഏഴ് വെള്ളിയും രണ്ട് വെങ്കലവുമാണ് സമ്പാദ്യം. കഴിഞ്ഞവര്‍ഷത്തെ ചാമ്പ്യന്മാരായ തിരുവനന്തപുരം 78 പോയിൻ്റോടെ മൂന്നാംസ്ഥാനത്തായി. നാല് സ്വര്‍ണവും എട്ട് വെള്ളിയും രണ്ട് വെങ്കലവുമാണ് നേട്ടം.
അത്‌ലറ്റിക്‌സില്‍മാത്രം പാലക്കാടിന് 54 പോയിൻ്റുണ്ട്. എട്ട് സ്വര്‍ണവും രണ്ട് വെങ്കലവുമാണ് നേടിയത്. 46 പോയിൻ്റുള്ള തിരുവനന്തപുരമാണ് രണ്ടാംസ്ഥാനത്ത്. രണ്ട് സ്വര്‍ണവും ആറ് വെള്ളിയും രണ്ട് വെങ്കലവുമാണ് നേട്ടം. മൂന്നാമതുള്ള കോഴിക്കോടിന് 36 പോയിൻ്റാണ്. ഒരുസ്വര്‍ണവും അഞ്ച് വെള്ളിയും ഒരുവെങ്കലവുമാണുള്ളത്.


