Flash Story
അതിജീവിതകൾക്ക് സമഗ്ര പിന്തുണ ഉറപ്പാക്കാൻ ‘SPEAK UP TO STAND UP’ പദ്ധതി: മന്ത്രി ബിന്ദു കൃഷ്ണ
സൂപ്പര്‍ഹീറോ സങ്കല്പങ്ങളെ പുനര്‍നിര്‍വചിക്കുമ്പോള്‍: സാംസ്‌കാരിക വേരുകളുള്ള ചലച്ചിത്രലോകങ്ങള്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ച് അയാന്‍ മുഖര്‍ജിയും ബേസില്‍ ജോസഫും
സഹകരണ മേഖലയെ സി.പി.എം അഴിമതിയുടെ എ.ടി.എമ്മുകളാക്കി മാറ്റി; ചോദ്യം ചെയ്യുന്നവരെ ആക്രമിച്ച് നിശ്ശബ്ദരാക്കുന്നു: രാജീവ് ചന്ദ്രശേഖർ എംഎൽഎ
വാൻ’ വഴി പണമടയ്ക്കുന്ന വാട്ടർ അതോറിറ്റിഉപഭോക്താക്കൾക്ക് പുതിയ ഐ എഫ് എസ് സി കോഡ്
പൾസ് പോളിയോ ക്യാമ്പയിൻ
വനം വകുപ്പ് പിടികൂടി സുരക്ഷിതമായി വിട്ടയച്ചത് 40 പാമ്പുകളെ
അയ്യപ്പൻമാർ മലകയറുമ്പോൾ പാലിക്കേണ്ടനിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്
വേവ്സ് ബസാർ വഴി യഥാർഥ ഉള്ളടക്ക സൃഷ്ടികൾ കണ്ടെത്താൻ പങ്കാളികളായി എൻ.എഫ്.ഡി.സിയും സോണി പിക്‌ചേഴ്‌സ് നെറ്റ്‌വർക്സ് ഇന്ത്യയും
ജടായു ശില്പത്തിന് ആദരവുമായി തപാൽ വകുപ്പ് : പ്രത്യേക കവർ പ്രകാശനം ചെയ്തു

വനിതാ കമ്മീഷൻ സംഘടിപ്പിച്ച സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു

തിരുവനന്തപുരം: അതിക്രമങ്ങളെ അതിജീവിച്ച സ്ത്രീകൾക്ക് സമഗ്ര പിന്തുണയും സാമ്പത്തിക ശാക്തീകരണവും ഉറപ്പാക്കി സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്ന ‘SPEAK UP TO STAND UP’ പദ്ധതി വനിതാ ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പ്രഖ്യാപിച്ചു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവ വിമൻസ് കോളേജിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

അതിക്രമങ്ങളെ അതിജീവിച്ച സ്ത്രീകൾക്ക് ആത്മവിശ്വാസത്തോടെ ജീവിതം പുനർനിർമിക്കാനും സ്വയംപര്യാപ്തതയിലേക്ക് ഉയരാനും പദ്ധതി സഹായകരമാകും. അതിക്രമങ്ങൾ നേരിടുന്ന സ്ത്രീകളുടെ പുനരധിവാസവും സാമ്പത്തിക ശാക്തീകരണവും ലക്ഷ്യമിട്ട് കേരള പോലീസ് ആവിഷ്കരിച്ച ‘SPEAK UP’ പദ്ധതിയുടെ തുടർച്ചയായാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. വനിതാ ശിശുവികസന വകുപ്പ്, സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ, വനിതാ കമ്മീഷൻ എന്നിവയുടെ സംയുക്ത സഹകരണത്തോടെയാകും പദ്ധതി പ്രവർത്തിക്കുക.

ഓരോ അതിജീവിതയുടെയും ആവശ്യങ്ങൾ, താൽപര്യങ്ങൾ, കഴിവുകൾ എന്നിവ വിലയിരുത്തി അവരുടെ അറിവോടെയും സമ്മതത്തോടെയും വ്യക്തിഗത പുനരധിവാസ പദ്ധതി തയ്യാറാക്കും. സുരക്ഷിത താമസം, കൗൺസിലിങ്, മാനസിക, സാമൂഹിക പിന്തുണ, സൗജന്യ നിയമസഹായം, വിദ്യാഭ്യാസം തുടരുന്നതിനുള്ള അവസരങ്ങൾ, തൊഴിൽ, നൈപുണ്യ പരിശീലനം എന്നിവ ലഭ്യമാക്കും. വനിതാ വികസന കോർപ്പറേഷന്റെ സ്വയംതൊഴിൽ പദ്ധതികളും കുടുംബശ്രീ സംവിധാനങ്ങളും പ്രയോജനപ്പെടുത്തി സംരംഭങ്ങൾ ആരംഭിക്കാനും ഉപജീവനമാർഗം കണ്ടെത്താനും സഹായം നൽകും. വനിതാ പ്രൊട്ടക്ഷൻ ഓഫീസർമാർ, 181 മിത്ര ഹെൽപ്പ് ലൈൻ, സഖി വൺ സ്റ്റോപ്പ് സെന്ററുകൾ എന്നിവയുടെ ഏകോപനത്തിലൂടെ അടിയന്തര സംരക്ഷണവും തുടർസേവനങ്ങളും ഉറപ്പാക്കും.

ഭയമില്ലാതെ നടക്കാനും പഠിക്കാനും ജോലി ചെയ്യാനും ഇഷ്ടമുള്ള ജീവിതം തെരഞ്ഞെടുക്കാനും ഓരോ പെൺകുട്ടിക്കും കഴിയുന്ന കേരളമാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. സ്ത്രീധനം അന്തസ്സിന്റെയോ അഭിമാനത്തിന്റെയോ അടയാളമല്ലെന്നും നിയമവിരുദ്ധമായ പ്രവണതയാണെന്നും മന്ത്രി ഓർമിപ്പിച്ചു. അതിക്രമവും നിശ്ശബ്ദതയുമല്ല പ്രതികരണവും നിലപാടുമാണ് സമൂഹത്തിൽ സാധാരണമാകേണ്ടത്. ശബ്ദമുയർത്തുന്നിടത്തുനിന്ന് സ്വന്തം കാലിൽ തലയുയർത്തി നിൽക്കുന്നിടത്തേക്ക് ഒരുമിച്ച് മുന്നേറണമെന്നും മന്ത്രി പറഞ്ഞു.

സോഷ്യൽ മീഡിയയിലൂടെയുള്ള അപമാനിക്കൽ, സ്വകാര്യ ചിത്രങ്ങളുടെയും വിവരങ്ങളുടെയും ദുരുപയോഗം, സൈബർ ഭീഷണികൾ തുടങ്ങിയ ഡിജിറ്റൽ അതിക്രമങ്ങളെയും ഗൗരവത്തോടെ കാണണം. അതിക്രമങ്ങൾക്കെതിരെ പ്രതികരിക്കാനും തെറ്റായ പ്രവണതകളെ ചോദ്യം ചെയ്യാനും യുവതലമുറ തയ്യാറാകണം. സ്ത്രീകൾക്ക് സുരക്ഷിതമായി ജീവിക്കാനും അഭിപ്രായങ്ങൾ തുറന്നുപറയാനും കഴിയുന്ന സമൂഹം സൃഷ്ടിക്കാൻ നിയമങ്ങൾക്കൊപ്പം പൊതുസമൂഹത്തിന്റെ മനോഭാവത്തിലും മാറ്റമുണ്ടാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

‘മൗനമല്ല, മറുപടിയാണ്’ എന്ന സന്ദേശവുമായി സംഘടിപ്പിച്ച ആർട്ട് വാൾ, വിദ്യാർഥികളുടെ ഫ്ലാഷ് മോബ് മൈം എന്നിവയോടെയാണ് ദിനാചരണ പരിപാടികൾക്ക് തുടക്കമായത്. ‘കേൾക്കാം, കരുത്താകാം’ എന്ന പേരിൽ മന്ത്രിയും വിദ്യാർഥികളും തമ്മിൽ സംവാദവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.

വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി അധ്യക്ഷത വഹിച്ചു. കൗൺസിലർ രാഖി രവികുമാർ, വനിതാ കമ്മീഷൻ മെമ്പർ സെക്രട്ടറി ബീന വൈ.ബി, ഡയറക്ടർ ജി.എൽ. അജിത് കുമാർ, കോളേജ് പ്രിൻസിപ്പൽ ഡോ. ഉമാജ്യോതി വി., യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ പാർവതി എസ്.ആർ. എന്നിവർ സംസാരിച്ചു. തുടർന്ന് കേരള പോലീസിന്റെ സ്വയംപ്രതിരോധ പരിശീലന പ്രദർശനം കോളേജിൽ നടന്നു.

Back To Top
onwin