
കൊല്ലം: സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) കൊല്ലം ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് മരിച്ച സാന്ദ്രയുടെ കുടുംബം. കൊല്ലം സായിയിലെ അധ്യാപകനായ രാജീവ് മകളെ മാനസികമായി പീഡിപ്പിച്ചെന്നും ഇതേക്കുറിച്ച് മകള്‍ പറഞ്ഞിരുന്നതായും സാന്ദ്രയുടെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇത് സംബന്ധിച്ച് സാന്ദ്രയുടെ കുടുംബം കൊല്ലം പൊലീസില്‍ പരാതി നല്‍കി.
അതേസമയം സംഭവത്തില്‍ എസിപിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. അന്വേഷണസംഘം സഹപാഠികളില്‍ നിന്നും സായ് അധികൃതരില്‍ നിന്നും മൊഴിയെടുക്കും.രാജീവ് സാര്‍ മാനസികമായി പീഡിപ്പിച്ചിതിനെ കുറിച്ചാണ് പലപ്പോഴും മകള്‍ പറഞ്ഞിരുന്നതെന്ന് ആത്മഹത്യ ചെയ്ത സാന്ദ്രയുടെ പിതാവ് പറഞ്ഞു. ‘ഞാന്‍ ഇവിടുത്തെ പഠനം നിര്‍ത്തുകയാണ്. ഈ പരീക്ഷ കഴിഞ്ഞാല്‍ നാട്ടിലേക്ക് വരും എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ പിറ്റേദിവസം രാവിലെ ആറ് മണിക്ക് അവിടേക്ക് ചൊല്ലാന്‍ ആവശ്യപ്പെട്ട് രാജീവ് സാറിന്റെ ഫോണ്‍ വന്നു. പിന്നാലെ നിരവധി തവണ തിരിച്ചുവിളിച്ചിട്ടും അദ്ദേഹം ഫോണ്‍ എടുത്തില്ല.
കുറച്ച് കഴിഞ്ഞ് നിങ്ങള്‍ കയറിയോ എന്ന് ചോദിച്ച് സിഐയുടെ ഫോണ്‍ വന്നു. ഇപ്പോ കയറുമെന്ന് പറഞ്ഞ് മോള്‍ക്ക് എന്താ പറ്റിയതെന്ന് ചോദിച്ചു. മകള്‍ക്ക് ഒരു ആക്‌സിഡന്റ് പറ്റിയെന്നും വേണ്ടപ്പെട്ടവരെയും കൂട്ടി ഒരു വണ്ടിയുമായി വരാനാണ് പറഞ്ഞത്. എപ്പോഴും സാറന്‍മാരെ കുറിച്ച് കംപ്ലെയ്ന്റ് ആണ് കുട്ടി പറഞ്ഞത്. എന്റെ മോള്‍ ഒരിക്കലും ആത്മഹ്യ ചെയ്യില്ല. അവിടെ ദൂരൂഹമായ എന്തോ ഒന്ന് നടന്നിട്ടുണ്ട്. കുട്ടി മരിക്കാന്‍ ഇടയായ കാര്യങ്ങള്‍ എനിക്ക് അറിയണം’- പിതാവ് പറഞ്ഞു.
