
പാലക്കാട്: ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിഷേധം കനത്തതോടെ ആരോപണവിധേയരായ അധ്യാപകര്‍ക്കെതിരെ നടപടിയുമായി സ്‌കൂള്‍ മാനേജ്‌മെന്റ്. ആരോപണവിധേയരായ അധ്യാപകരെ പുറത്താക്കി. കുട്ടിയുടെ രക്ഷിതാക്കളും വിവിധ വിദ്യാര്‍ത്ഥി സംഘടനകളും ശക്തമായ പ്രതിഷേധം ഉയര്‍ത്തിയതോടെയാണ് ആരോപണവിധേയരായ അധ്യാപകര്‍ക്കെതിരെ സ്‌കൂള്‍ മാനേജ്‌മെന്റ് നടപടി സ്വീകരിച്ചത്. കുറ്റാരോപിതർക്കെതിരെ കൃത്യമായ അന്വേഷണം വേണമെന്നും അല്ലാത്ത പക്ഷം പ്രതിഷേധം കടുപ്പിക്കുമെന്നും വിദ്യാര്‍ത്ഥി സംഘടനയുടെ പ്രതിനിധികള്‍ അറിയിച്ചു.
തച്ചനാട്ടുകര പാലോട് സ്വദേശിനിയായ ആഷിര്‍ നന്ദനയുടെ മരണത്തിലാണ് വ്യാപക പ്രതിഷേധവുമായി രക്ഷിതാക്കളും ബന്ധുക്കളും എസ്എഫ്‌ഐ അടക്കമുള്ളവരും രംഗത്തെത്തിയത്. സ്‌കൂളിനെതിരെ ഗുരുതര ആരോപണമായിരുന്നു രക്ഷിതാക്കള്‍ ഉന്നയിച്ചത്. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ ക്ലാസ് മാറ്റിയതിനാണ് ആഷിര്‍ ആത്മഹത്യ ചെയ്തതെന്നാണ് കുട്ടിയുടെ രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടിയത്. അധ്യാപകരില്‍ നിന്ന് കടുത്ത മാനസിക പീഡനമാണ് കുട്ടി നേരിട്ടതെന്നും ബന്ധുക്കള്‍ ആരോപിച്ചു. ആരോപണവിധേയരായ അധ്യാപകര്‍ക്കെതിരെ നടപടി വേണമെന്നും പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് രക്ഷിതാക്കളുടേയും വിദ്യാര്‍ത്ഥി സംഘടനകളുടേയും നേതൃത്വത്തില്‍ വ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹവും എത്തിയിരുന്നു. പൊലീസിന്റെ സാന്നിധ്യത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റുമായി വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിനിധികളും കുട്ടിയുടെ ബന്ധുക്കളും അടക്കം നടത്തിയ ചര്‍ച്ചയില്‍ ആരോപണവിധേയരായ അധ്യാപകരെ പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു.