
തിരുവനന്തപുരം: പാളയം എല്‍.എം.എസ്. കോമ്പൗണ്ടിലെ ട്രിവാന്‍ഡ്രം ഫെസ്റ്റില്‍ നാളെ(ഡിസംബര്‍ 29, തിങ്കളാഴ്ച) വൈകിട്ട് 6.30ന് നടക്കുന്ന സ്നേഹസംഗമം പരിപാടിയുടെ അവസാനഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. സി.എസ്.ഐ. ദക്ഷിണകേരള മഹായിടവകയും ക്രൈസ്തവസഭകളുടെ കൂട്ടായ്മയായ ആക്ട്സും കൈസ്തവേതര ആത്മീയ സംഘടനകളും സംസ്ഥാന ടൂറിസം വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്,
ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണന്‍ ഭദ്രദീപം തെളിയിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്യും. കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ സ്നേഹസന്ദേശം നല്‍കും. ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ അധ്യക്ഷത വഹിക്കും. ആക്ട്സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന്‍ ആമുഖപ്രഭാഷണം നടത്തും. തിരുവനന്തപുരം മേയര്‍ വി. വി. രാജേഷ്, ഡോ. ജെ. ബെനറ്റ് എബ്രഹാം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും.
ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് പരമാധ്യക്ഷന്‍ ഡോ. സാമൂവല്‍ മാര്‍ തിയോഫലിസ് മെത്രാപ്പോലീത്ത, ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ഓര്‍ത്തഡോക്‌സ് സഭ തിരുവനന്തപുരം മുന്‍ ഭദ്രാസനാധിപന്‍ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പൊലീത്ത, പാളയം ഇമാം ഡോ. വി. പി. സുഹൈബ് മൗലവി, ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറല്‍ മോണ്‍. ഡോ. ജോണ്‍ തെക്കേക്കര, ആക്ട്സ് പ്രസിഡന്റ് ബിഷപ്പ് ഉമ്മന്‍ ജോര്‍ജ്, സി.എസ്.ഐ. കൊല്ലം-കൊട്ടാരക്കര മഹായിടവക ബിഷപ്പ് ജോസ് ജോര്‍ജ്, ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് ബിഷപ്പ് മാത്യൂസ് മാര്‍ സില്‍വാനിയോസ്, സാല്‍വേഷന്‍ ആര്‍മി ടെറിട്ടോറിയല്‍ കമാന്‍ഡര്‍ കേണല്‍ പ്രകാശ് ചന്ദ്ര പ്രധാന്‍ , ബിഷപ്പ് ഡോ. മോഹന്‍ മാനുവല്‍, സി.എസ്.ഐ. ദക്ഷിണകേരള മഹായിടവക സെക്രട്ടറി ഡോ. ടി. ടി. പ്രവീണ്‍, വൈസ് ചെയര്‍മാന്‍ ഡോ. പ്രിന്‍സ്റ്റണ്‍ ബെന്‍, പാസ്റ്ററല്‍ ബോര്‍ഡ് സെക്രട്ടറി ഡോ. ജെ. ജയരാജ്, ട്രിവാന്‍ഡ്രം ഫെസ്റ്റ് മീഡിയ കമ്മിറ്റി ചെയര്‍മാന്‍ ബേബി മാത്യൂ സോമതീരം, ട്രഷറര്‍ സാജന്‍ വേളൂര്‍ എന്നിവര്‍ ചടങ്ങില്‍ മഹനീയ സാന്നിധ്യം വഹിക്കും.
ക്രൈസ്റ്റ് നഗര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഉപരാഷ്ട്രപതിയെ ഔപചാരികമായി വരവേല്‍ക്കും. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമാണ് ചടങ്ങിലേക്ക് പ്രവേശനം. അതിഥികള്‍ വൈകിട്ട് 6ന് മുമ്പായി എത്തണമെന്ന് സംഘാടകര്‍ അറിയിച്ചു.
സുരക്ഷാകാരണങ്ങളാല്‍ ബാഗുകള്‍, കാറിന്റെ റിമോട്ട് കീ, മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൈവശം കരുതുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഇവ സൂക്ഷിക്കുന്നതിന് പ്രത്യേകം ക്ലോക്ക് റൂം സൗകര്യം ഒരുക്കിയിട്ടുണ്ട്. ചടങ്ങുകള്‍ക്ക് ശേഷം വേദിയില്‍ വിവിധ കലാപരിപാടികളും അരങ്ങേറും.
ഫോട്ടോ: ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ട്രിവാന്‍ഡ്രം ഫെസ്റ്റില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നു.
