Flash Story
വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളിൽ അതത് ജില്ലകളിൽ പൊതു അവധി ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം
രാഹുല്‍ മാങ്കൂട്ടത്തില്‍ രക്ഷപ്പെട്ടത് നടിയുടെ കാറില്‍ തന്നെ: യുവനടിയെ ഉടന്‍ ചോദ്യംചെയ്യും
രാഷ്ട്രപതിയുടെ സന്ദർശനം: നഗരത്തിൽ ഗതാഗത നിയന്ത്രണം
നാശം വിതച്ച് ദിത്വ ചുഴലിക്കാറ്റ്; ശ്രീലങ്കയിൽ 334 മരണം, തമിഴ്നാട്ടിലും ആന്ധ്രയിലും ശക്തമായ മഴ തുടരുന്നു
Naval Day Operation DemoOn 03rd December 2025At Shanghumukham Beach
രാഹുല്‍ ഈശ്വറും സന്ദീപ് വാര്യരുമടക്കമുള്ള അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു;
സഞ്ജു-രോഹന്‍ സഖ്യം നിറഞ്ഞാടി; ഛത്തീസ്ഗഢിനെതിരെ കേരളത്തിന് എട്ട് വിക്കറ്റ് ജയം
കേരളമടക്കമുള്ള 12 സംസ്ഥാനങ്ങള്‍ക്ക് എസ്ഐആര്‍ സമയപരിധി നീട്ടി, ഫോം വിതരണം ഡിസംബര്‍ 11വരെ, കരട് പട്ടിക 16ന്
ദിത്വാ ചുഴലിക്കാറ്റ്; തമിഴ്നാട്ടിൽ മൂന്ന് മരണം

പ്രശസ്ത സിനിമാ സംവിധായകനും ഛായാ​ഗ്രാഹകനുമായ ഷാജി എൻ കരുൺ അന്തരിച്ചു. 73 വയസായിരുന്നു. തിരുവനന്തപുരത്തെ പിറവി എന്ന വീട്ടിൽ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. ഇന്ന് രാവിലെ മുതല്‍ അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി വഷളായിരുന്നുവെന്നാണ് വിവരം. ദേശീയ, അന്തർദേശീയതലങ്ങളിൽ മലയാള സിനിമയെ അടയാളപ്പെടുത്തിയ അതുല്യ പ്രതിഭ ആയിരുന്നു ഷാജി എൻ കരുൺ.

പള്ളിക്കര സ്കൂൾ, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ ആയിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസ കാലഘട്ടം. ശേഷം പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന അദ്ദേഹം 1975ൽഛായാഗ്രഹണത്തിൽ ഡിപ്ലോമ നേടി. പിന്നീട് കുറച്ചുകാലം മദ്രാസിൽ ചെലവഴിച്ച അദ്ദേഹം സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഫിലിം ഓഫീസറായി ജോലിയിൽ പ്രവേശിച്ചു. ഈ വേളയിൽ ആയിരുന്നു പ്രശസ്ത സംവിധായകനായ ജി അരവിന്ദനോടൊപ്പം ഷാജി എൻ കരുൺ ചേരുന്നത്. തുടർന്ന് കെ ജി ജോർജ്ജ്, എം ടി വാസുദേവൻ നായർ തുടങ്ങിയ പ്രമുഖരുടെ സിനിമകൾക്കായി ക്യാമറ ചലിപ്പിച്ചു.
അരവിന്ദന്‍ ചിത്രമായ ‘കാഞ്ചനസീത’യിലൂടെ അടയാളപ്പെട്ടു തുടങ്ങിയ ഷാജി തുടക്കംതന്നെ തമിഴിലേക്കും ഹിന്ദി സിനിമകളിലേക്കും കടന്നു. ഒന്നിനു പുറകെ ഒന്നായ് പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയായിരുന്നു പ്രതിഭയുടെ ക്യാമറ റോളിങ്.

കറുപ്പിന്‍റെയും വെളുപ്പിന്‍റെയും വര്‍ണവൈരുദ്ധ്യംകൊണ്ട് വെള്ളിത്തിരയില്‍ കവിതപോലെ മനോഹരങ്ങളായ ‘കാഞ്ചനസീത’ യിലെ ഷോട്ടുകള്‍ ഷാജിക്ക് ആദ്യത്തെ സംസ്ഥാന
അവാര്‍ഡ് സമ്മാനിച്ചു. നാല്‍പതോളം സിനിമകള്‍ക്ക് ക്യാമറാമാനായി. തമ്പ്, കുമ്മാട്ടി, എസ്തപ്പാന്‍ തുടങ്ങിയ ചിത്രങ്ങളിലെ സാങ്കേതിക മികവിന് സംസ്ഥാന- ദേശീയ അവാര്‍ഡുകള്‍.
പ്രതിഭാധനരായ സംവിധായകര്‍ക്കൊപ്പമായിരുന്നു യാത്ര. അരവിന്ദന്‍റെ ‘പോക്കുവെയില്‍, കെ.ജി.ജോര്‍ജ്ജിന്‍റെ രാപ്പാടികളുടെ ഗാഥ, എം.ടി. ഹരിഹരന്‍ കൂട്ടുകെട്ടിന്‍റെ ‘പഞ്ചാഗ്നി, ‘നഖക്ഷതങ്ങള്‍’ എം.ടി. സംവിധാനം ചെയ്ത ‘മഞ്ഞ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ഷാജി തിരക്കേറിയ ഛായാഗ്രാഹകനായി മാറി. 1987 ലാണു സ്വതന്ത്ര സംവിധായകനാവുന്നത്.

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ഇറങ്ങുമ്പോള്‍ വ്യൂ ഫൈന്‍ഡറില്‍ മാത്രമായിരുന്നു കണ്ണ്. പിന്നെയാണ് ഷാജിയുടെ ഫ്രെയിം അവിടെ നിന്നൊരു പാന്‍ ഷോട്ടിലേക്ക് പാഞ്ഞത്. അതൊരു സംവിധായകന്‍റെ പിറവിയായിരുന്നു.
മലയാളത്തില്‍നിന്ന് ഇത്രയേറെ ചലച്ചിത്രമേളകളില്‍ അടയാളപ്പെട്ടൊരു സിനിമ പിറവി മാത്രമായിരിക്കും എഴുപതോളം സ്ക്രീനുകള്‍, മുപ്പതിലേറെ പുരസ്കാരങ്ങള്‍. സ്വം, വാനപ്രസ്ഥം, കുട്ടിസ്രാങ്ക്. ദേശീയതലത്തിലും രാജ്യാന്തര ഇടങ്ങളിലും ചലച്ചിത്രകാരന്‍ വീണ്ടും അംഗീകരിക്കപ്പെട്ടു.

കലഹങ്ങള്‍ക്ക് കുറവില്ലാത്തൊരു ലക്ഷണമൊത്ത പ്രതിഭകൂടിയായിരുന്നു ഷാജി എന്‍ കരുണ്‍. ദേശീയ പുരസ്കാരങ്ങള്‍ കിട്ടുമ്പോഴും സംസ്ഥാനത്ത് അംഗീകാരം ലഭിക്കാത്തതിന്‍റെ പേരില്‍ ചലച്ചിത്ര അക്കാദമിയുമായി കോര്‍ത്തു. കുട്ടിസ്രാങ്കിന് സംസ്ഥാന അവാര്‍ഡുകള്‍ കിട്ടാതെ പോയപ്പോള്‍ പരസ്യമായി പ്രതിഷേധിച്ചു. അഞ്ച് ദേശീയ അവാര്‍ഡുകള്‍ വാരിക്കൂട്ടി, പ്രതികാരം തീര്‍ത്തു. അക്കാദമി ചെയര്‍മാനായിരുന്ന കെആര്‍ മോഹനനുമായി ഉടക്കി

ഭൂരിഭാഗം കലാകാരന്മാരെയുംപോലെ ഇടതുപക്ഷം ചേര്‍ന്നായിരുന്നു യാത്ര. ടി.കെ. രാമകൃഷ്ണന്‍ മന്ത്രിയായിരിക്കെ ചലച്ചിത്ര അക്കാദമിയുടെ പ്രഥമ ചെയര്‍മാനായി. ഇടതുസര്‍ക്കാരിന്‍റെ കാലത്തുതന്നെ ചലച്ചിത്രവികസന കോര്‍പറേഷന്‍റെയും തലപ്പത്തിരുന്നു. ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ സമതിയില്‍ ജൂറി ചെയര്‍മാനായും ചലച്ചിത്ര മേളയുടെ ഡയരക്ടറായും പ്രവര്‍ത്തിച്ചു. മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്ക് കേരളം ജെസി ഡാനിയേല്‍ പുരസ്കാരം നല്‍കി ഷാജി എന്‍ കരുണിനെ ആദരിച്ചു.

Back To Top