Flash Story
പുത്തൻ പ്രതീക്ഷയും അവസരവുംനൽകി ശിശുക്ഷേമ സമിതിയുടെതളിര് – വർണ്ണോത്സവത്തിന് തുടക്കം
നവംബർ ഒന്ന് മുതൽസപ്ലൈ‌കോയിൽവനിതാഉപഭോക്താക്കൾക്ക്ആനുകൂല്യം
അടുത്ത 5 ദിവസം സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
ശബരിമല സ്വര്‍ണ്ണക്കൊള്ള : മുരാരി ബാബു അടക്കമുള്ളവരെ ചോദ്യം ചെയ്യും;
ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ്, പ്രതി മാനസാന്തരപ്പെടുമെന്ന് പ്രതീക്ഷയില്ല, സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി
കെപിസിസി പുനസംഘടനയില്‍ തര്‍ക്കം രൂക്ഷം :കെ മുരളീധരനും, കെ സുധാകരനും അതൃപ്തി
കെ എസ് ആർ ടി സി പെൻഷൻകാർ പ്രക്ഷോഭ  സമരത്തിലേക്ക് :
പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി; എം ജി മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി
3 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

തിരുവനന്തപുരം: ഗാര്‍ഹിക പീഡന പരാതിയുമായി എത്തുന്ന പെണ്‍കുട്ടികൾക്കും സ്ത്രീകൾക്കും തുടര്‍പിന്തുണ ഉറപ്പാക്കുന്നതിന് പ്രത്യേക സെല്‍ രൂപീകരിക്കുമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇവര്‍ക്ക് ആത്മവിശ്വാസം ഉണ്ടാകുന്ന തരത്തിലുള്ള തുടര്‍ പിന്തുണ ഉണ്ടാകണം. ആവശ്യമായവര്‍ക്ക് ജീവനോപാധി ലഭിക്കുന്നു എന്നുള്ളതും ഉറപ്പാക്കണം. ഈ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായാണ് സെല്‍ പ്രവര്‍ത്തിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം സഖി വണ്‍സ്റ്റോപ്പ് സെന്റര്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഗാര്‍ഹിക പീഡന നിരോധന നിയമം നിലവില്‍ വന്നിട്ട് 20 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. സ്ത്രീധനത്തിനെതിരെയുള്ള നടപടികളുടെ ഭാഗമായി ജില്ലാ ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാരെ നിയമിച്ചു. രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോള്‍ ഈ നിയമത്തിന്റെ ഫലമായി നമ്മുടെ സമൂഹത്തിലെ സ്ത്രീകളുടെ ജീവിതങ്ങളില്‍ ഗുണപരമായി എത്ര മാറ്റമുണ്ടായി എന്ന പരിശോധന കൂടി നടത്തി. ഇരുപത്തിരണ്ടായിരത്തിലധികം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉള്‍പ്പെടെ വണ്‍ സ്റ്റോപ്പ് സെന്ററുകളിലൂടെ പിന്തുണ നല്‍കുന്നതിന് സാധിച്ചിട്ടുണ്ട്. ഇത്രയും വ്യക്തികളുടെ ജീവിതത്തില്‍ ഗുണപരമായിട്ടുള്ള മാറ്റങ്ങള്‍ ഉണ്ടാകണമെന്നുള്ള ലക്ഷ്യത്തോടു കൂടിയാണ് ഇടപെടലുകള്‍ നടത്തുന്നത്. അതിന് തുടര്‍ച്ച ഉണ്ടാകണമെന്നതാണ് ഏറ്റവും പ്രധാനം.

തീവ്രമായ അതിക്രമത്തിനും ആക്രമണത്തിനും ഇരയായി ആ അനുഭവത്തിലൂടെ കടന്നു പോകാറുള്ള സന്ദര്‍ഭങ്ങള്‍ പലര്‍ക്കും ഉണ്ടാകാറുണ്ട്. ചിലപ്പോള്‍ ഒറ്റയ്ക്ക് പരാതിയുമായി മുന്നോട്ട് പോകേണ്ട സാഹചര്യവും ഉണ്ടായേക്കാം. പരാതി പറയുന്ന വ്യക്തിയ്ക്ക് ഉന്നയിക്കപ്പെട്ട വിഷയത്തില്‍ പരിഹാരം ഉണ്ടായി എന്നുള്ളത് ഉറപ്പാക്കണം.

പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍ ഇതില്‍ നിന്നൊരു മോചനമില്ലെന്ന് ഒരു സ്ത്രീയും കരുതാന്‍ പാടില്ല. ഒരു പെണ്‍കുട്ടി അല്ലെങ്കില്‍ ഒരു സ്ത്രീ പ്രശ്‌നം നേരിടുമ്പോള്‍ ആ വ്യക്തി തന്നെ എല്ലാം വിളിച്ച് പറയണമെന്നില്ല. ഒരു ഫോണ്‍ പോലും ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലായിരിക്കും. ഇത് കാണുന്ന ആര്‍ക്ക് വേണമെങ്കിലും പരാതി വിളിച്ച് അറിയിക്കാം. അത് ശരിയാണോ എന്ന് പരിശോധിച്ച് നടപടി സ്വീകരിക്കും. ഇതിനായി മിത്ര 181 ഹെല്‍പ്പ് ലൈന്‍ നമ്പര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരെ സഹായിക്കേണ്ടത് സമൂഹത്തിന്റെ പൊതുവായ ഉത്തരവാദിത്തവും സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഉത്തരവാദിത്തവുമാണ്. എല്ലാവരും യോജിച്ച് പ്രവര്‍ത്തിക്കണം.

60 ലക്ഷം രൂപ ചെലവഴിച്ചാണ് തിരുവനന്തപുരം വണ്‍ സ്റ്റോപ്പ് സെന്റര്‍ കെട്ടിടം നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അതിക്രമങ്ങള്‍ തടയുന്നതിനും അതിക്രമങ്ങള്‍ അതിജീവിച്ചവര്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗ്, വൈദ്യസഹായം ചികിത്സ, നിയമസഹായം, പോലീസ് സംരക്ഷണം, സുരക്ഷിത അഭയം എന്നീ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍. വനിതാ ശിശു വികസന വകുപ്പ് മുഖേനയാണ് ഇത് നടപ്പിലാക്കുന്നത്. നിലവില്‍ 14 ജില്ലകളിലും ഒരു വണ്‍ സ്റ്റോപ്പ് സെന്റര്‍വീതമാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ എറണാകുളം, കോഴിക്കോട് ജില്ലകളില്‍ അഡീഷണല്‍ വണ്‍ സ്റ്റോപ്പ് സെന്ററുകള്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു വരുന്നതായും മന്ത്രി വ്യക്തമാക്കി.

വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സിഡബ്ല്യുസി ചെയര്‍പേഴ്‌സണ്‍ ഷാനിബ ബീഗം, ജില്ലാ വനിത ശിശു വികസന ഓഫീസര്‍ കവിതാ റാണി, നിര്‍ഭയ സെല്‍ സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ ശ്രീല മേനോന്‍ എന്നിവര്‍ പങ്കെടുത്തു.

Back To Top