
പ്രഖ്യാപനം ഒക്ടോബർ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും
6317ഗുണഭോക്താക്കള്‍ക്ക് 13,888 സേവനങ്ങള്‍, 3491 രേഖകള്‍ ഡിജി ലോക്കറിൽ
മുഴുവന്‍ പട്ടികവര്‍ഗ്ഗക്കാര്‍ക്കും ആറ് ആധികാരിക രേഖകള്‍ ഉറപ്പാക്കിയ സംസ്ഥാനത്തെ രണ്ടാമത്തെ ജില്ലയായി കാസർകോട്. മുഖ്യമന്ത്രി പിണറായി വിജയൻ ഒക്ടോബർ രണ്ടിന് പ്രഖ്യാപനം നടത്തും.
ജില്ലാ ഭരണ സംവിധാനത്തിൻ്റെ നേതൃത്വത്തില്‍ ജില്ലയിലെ 14 ഗ്രാമ പഞ്ചായത്തുകളിൽ ബിഗ് ക്യാമ്പുകൾ വഴിയും ബാക്കിയുള്ള പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളിലും പ്രീ ക്യാമ്പുകൾ വഴിയുമാണ് രേഖകൾ തയ്യാറാക്കിയത്. അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യൂമെന്റ് ഡിജിറ്റലൈസേഷൻ (എ.ബി.സി.ഡി) പദ്ധതി വഴിയാണ് ജില്ല ഈ നേട്ടം കൈവരിച്ചത്.
റേഷന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ്, ഇലക്ഷന്‍ ഐ.ഡി കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട്, ആരോഗ്യ ഇന്‍ഷൂറന്‍സ് എന്നിങ്ങനെ ആറ് പ്രധാന രേഖകളാണ് ഗുണഭോക്താക്കള്‍ക്ക് ക്യാമ്പുകളിലൂടെ ലഭ്യമാക്കിയത്. പരമാവധി രേഖകൾ ഡിജിറ്റലൈസ് ചെയ്ത് ഡിജി ലോക്കറില്‍ സൂക്ഷിക്കുകയും ചെയ്തു.
ജില്ലാ സംവിധാനം, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഐ.ടി വകുപ്പ്, പട്ടികവര്‍ഗ വികസന വകുപ്പ്, അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ് എന്നിവയുടെ സംയുക്ത പദ്ധതിയാണിത്.
പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ഉറപ്പുവരുത്തുകയും തിരുത്തലുകള്‍ ആവശ്യമായവയില്‍ തിരുത്തലുകൾ വരുത്തി രേഖകള്‍ ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കുകയും ചെയ്യുന്ന പദ്ധതിയാണ് അക്ഷയ ബിഗ് ക്യാമ്പയിൻ ഫോർ ഡോക്യുമെൻ്റ് ഡിജിറ്റലൈസേഷൻ.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൂര്‍ണ സഹകരണത്തോടെയുള്ള പദ്ധതി വഴി ജില്ലയിലെ ക്യാമ്പുകളിലൂടെ 13888 സേവനങ്ങളാണ് പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ലഭ്യമായത്. ആകെ 6317 പേര്‍ ക്യാമ്പയിനിലൂടെ ഗുണഭോക്താക്കളായി.
റവന്യൂ, തദ്ദേശ സ്വയം ഭരണം, പട്ടികവര്‍ഗ്ഗ വികസനം, ആരോഗ്യം, സിവില്‍ സപ്ലൈസ്, ഇലക്ഷന്‍, ഐ.ടി മിഷന്‍, അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ്, ലീഡ് ബാങ്ക്, പോസ്റ്റല്‍ വകുപ്പ്, കാരുണ്യ ആരോഗ്യ ഇൻഷുറൻസ്, കെ.എസ്.ഇ.ബി, ബി.എസ്.എന്‍.എല്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഒരോ തദ്ദേശ സ്ഥാപന പരിധിയിലും പട്ടിക വര്‍ഗ്ഗക്കാര്‍ക്കായി ക്യാമ്പുകള്‍ നടത്തിയത്.
ജനപ്രതിനിധികള്‍ വഴിയും പട്ടികവര്‍ഗ്ഗ പ്രൊമോട്ടര്‍, സാമൂഹിക സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെയെല്ലാം സഹകരണത്തോടെയാണ് ഉന്നതികൾ തോറും കയറി രേഖകള്‍ ഇല്ലാത്തവരെ കണ്ടെത്തി ക്യാമ്പിലെത്തിച്ചത്. രേഖകള്‍ ലഭ്യമാക്കുന്നതിന് ഓരോ വകുപ്പുകളും പ്രത്യേകം കൗണ്ടറുകള്‍ സജ്ജമാക്കിയിരുന്നു. അക്ഷയകേന്ദ്രങ്ങളിൽ പട്ടിക വർഗ്ഗ സൗഹൃദ കൗണ്ടറുകളും ഒരുക്കി.
സംസ്ഥാന തലത്തില്‍ മാതൃകയായ പദ്ധതിയുടെ നിര്‍വ്വഹണത്തില്‍ ജില്ലാ കളക്ടർ, സബ്കളക്ടർ, ഡെപ്യൂട്ടി കലക്ടർ എന്നിവര്‍ ക്യാമ്പുകളില്‍ നേരിട്ടെത്തി യഥാസമയം സ്ഥിതിഗതികള്‍ വിലയിരുത്തി. ജില്ലയിലെ എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷര്‍ ഉള്‍പ്പെടെ മുഴുവന്‍ ജനപ്രതിനിധികളും ക്യാമ്പുകളുടെ വിജയത്തില്‍ നേതൃപരമായ പങ്കുവഹിച്ചു. ജില്ലാ സംവിധാനത്തിൻ്റെ നേരിട്ടുളള മേല്‍നോട്ടവും ആസൂത്രണ സമിതിയുടെ അംഗീകാരത്തോടെ തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതിക്ക് തുക വകയിരുത്തിയതും ക്യാമ്പുകളുടെ വിജയകരമായ നടത്തിപ്പിന് സഹായകരമായി.
2022 ഒക്ടോബറിൽ കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്തില്‍ തുടങ്ങിയ എ.ബി.സി.ഡി ക്യാമ്പയിന്റെ അവസാന ക്യാമ്പ് 2025 ആഗസ്റ്റ് 30ന് വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലായിരുന്നു. മുഴുവൻ പട്ടികവര്‍ഗക്കാര്‍ക്കും ആധികാരിക രേഖകൾ പൂർത്തിയാക്കിയ ജില്ലയിലെ
ആദ്യ പഞ്ചായത്തായി കിനാനൂർ കരിന്തളത്തെ ഇ.ചന്ദ്രശേഖരൻ എം.എൽ.എ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ 100 ശതമാനം നേട്ടം കൈവരിച്ച് പദ്ധതി പൂർത്തിയാക്കിയ മുഴുവൻ പഞ്ചായത്തുകളിലും പ്രഖ്യാപനം നടത്തി. മൂന്നുവർഷംകൊണ്ട് പദ്ധതി പൂർത്തീകരിച്ചു.
ജില്ലയില്‍ ഗ്രാമപഞ്ചായത്തുകളിലും ,നഗരസഭകളിലുമായി നടന്ന ക്യാമ്പുകളിലൂടെ 13888 സേവനങ്ങളാണ് 6317 പേര്‍ക്ക് ലഭിച്ചത്. 1791 കുടുംബങ്ങള്‍ക്കാണ് ക്യാമ്പുകളിലൂടെ റേഷന്‍ കാര്‍ഡുകള്‍ ലഭ്യമായത്. 3025 പേര്‍ക്ക് ആധാര്‍ കാര്‍ഡുകള്‍ കിട്ടി. 744 ജനന-സര്‍ട്ടിഫിക്കറ്റുകള്‍. 2328 തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുകള്‍, 1341 ബാങ്ക് അക്കൗണ്ടുകള്‍, 738
ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡുകള്‍, ഡിജി ലോക്കര്‍ സേവനം- 3491, ഇ- ഡിസ്ട്രിക് സേവനം – 244 എന്നിങ്ങനെയാണ് സ്വന്തമായ രേഖകളുടെയും സേവനങ്ങളുടെയും കണക്കുകള്‍.
ഡിജിറ്റല്‍ ലോക്കറില്‍ രേഖകള്‍ സുരക്ഷിതം
പലതവണയായി ലഭിച്ച രേഖകള്‍ സൂക്ഷിക്കാനുള്ള സൗകര്യക്കുറവ് ഉന്നതികളിലെ കുടുംബങ്ങള്‍ക്ക് വെല്ലുവിളിയായിരുന്നു. അറിവില്ലായ്മയും പ്രകൃതിക്ഷോഭം, അഗ്നിബാധ മുതലായ കാരണങ്ങളാലും മുന്‍കാലങ്ങളില്‍ ലഭിച്ച രേഖകളില്‍ പലതും ഇവര്‍ക്ക് നഷ്ടമായിരുന്നു. ഇതിനെല്ലാം പരിഹാരമായാണ് ഡിജിറ്റല്‍ ലോക്കര്‍ സൗകര്യം പ്രായോജനപ്പെടുത്താന്‍ ജില്ലാഭരണകൂടം തീരുമാനിച്ചത്. ഡിജിലോക്കര്‍ പാസ്സ്വേഡ് ഉപയോഗിച്ച് ഏതുകാലത്തും രേഖകള്‍ തുറന്നെടുക്കാവുന്ന വിധത്തില്‍ സജ്ജീകരിച്ചതോടെ വരും കാലങ്ങളില്‍ സര്‍ക്കാരിന്റെ വിവിധ ധനസഹായ പദ്ധതികള്‍ക്കിടയില്‍ നിന്നും മതിയായ രേഖകളില്ലാത്തതിനാല്‍ പുറത്താകേണ്ടി വരുന്ന സാഹചര്യം ഉണ്ടാകില്ല. അതിനാല്‍തന്നെ ആയിരക്കണക്കിന് പട്ടിക വർഗ്ഗ വിഭാഗക്കാർക്ക് ഓരോ എ.ബി.സി.ഡി ക്യാമ്പുകളും ആശ്വാസവും ആത്മവിശ്വാസവും പകര്‍ന്നാണ് സമാപിച്ചത്.
മൊബൈല്‍ നമ്പറുള്ള എല്ലാവരുടെയും രേഖകള്‍ ഡിജിലോക്കറില്‍ സുരക്ഷിതമാണ്.
തദ്ദേശ സ്ഥാപനങ്ങളും വിവിധ വകുപ്പുകളും തികഞ്ഞ ഏകോപനത്തോടെയാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. ഗുണഭോക്താക്കളെ അവരുടെ വീടുകളില്‍ പോയി കൊണ്ട് വന്ന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി എല്ലാ രേഖകളും ലഭ്യമാക്കി വീടുകളില്‍ തിരിച്ചെത്തിച്ച പദ്ധതി രാജ്യത്തിന് തന്നെ മാതൃകയാണ്. വരും കാലയളവിലും പട്ടികവർഗ്ഗ വിഭാഗക്കാർക്ക് അക്ഷയ കേന്ദ്രങ്ങളിൽ ഒരുക്കിയ ഗോത്ര സൗഹൃദ കൗണ്ടറുകൾ വഴി അവരുടെ രേഖകൾ ചെയ്യാവുന്നതാണ്.