
കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടറുടെ മുഖത്തടിച്ചതിന് യുവതി അറസ്റ്റിൽ. കുരുവട്ടൂർ സ്വദേശിനിയാണ് അറസ്റ്റിലായത്. അശ്ശീല സന്ദേശമയച്ചത് ഡോക്ടറാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു മർദനം. ഡോക്ടറുടെ പേരിൽ യുവതിക്ക് അശ്ശീല സന്ദേശമയച്ച പെരിങ്ങളം സ്വദേശി മുഹമ്മദ് നൗഷാദ് പിന്നീട് അറസ്റ്റിലായി.
ഡോക്ടർ എന്ന വ്യാജേന ആൾമാറാട്ടം നടത്തിയ കുന്നമംഗലം പെരിങ്ങളം സ്വദേശി മുഹമ്മദ് നൗഷാദ്, ഡോക്ടറെ മർദ്ദിച്ച കുരുവട്ടൂർ സ്വദേശിയായ 39 കാരി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം മെഡിക്കൽ കോളേജ് സർജറി ഒ. പിയിൽ ഡ്യൂട്ടിക്കിടെയാണ്, യുവതിയെത്തി ഡോക്ടറെ മുഖത്തടിച്ചത്. നിരന്തരം യുവതിയുടെ മൊബൈൽ വാട്സാപ്പിൽ അശ്ലീല സന്ദേശം അയക്കുകയും വിവാഹ വാഗ്ദാനം നൽകുകയും ചെയ്തു എന്ന് ആരോപിച്ചായിരുന്നു മർദ്ദനം. ഡോക്ടറുടെ പരാതിയിൽ ആണ് മെഡിക്കൽ കോളേജ് പോലീസ് അന്വേഷണം ആരംഭിച്ചത്. സിസിടിവി ദൃശ്യങ്ങൾ, ഒ. പി ചീട്ട് എന്നിവ പരിശോധിച്ച് പോലീസ് യുവതിയെ തിരിച്ചറിഞ്ഞു.

