
കാസർകോട് : കോൺഗ്രസിലെ സീറ്റ് വിഭജന ചർച്ചകൾക്കിടെ ഡിസിസി ഓഫീസിൽ തമ്മിലടി. ഡിസിസി വൈസ് പ്രസിഡന്‍റ് ജയിംസ് പന്തമാക്കനും കോൺഗ്രസിന്‍റെ കർഷക സംഘടനയായ ഡികെടിഎഫിന്‍റെ ജില്ലാ പ്രസിഡന്‍റ് വാസുദേവനും തമ്മിലായിരുന്നു സംഘർഷം ഉണ്ടായത്.
ഈസ്റ്റ് എളേരി പഞ്ചായത്തിലെ സീറ്റ് വിഭജനമാണ് വലിയ സംഘർഷത്തിൽ കലാശിച്ചത്. സമൂഹമാധ്യമങ്ങളിലും പാർട്ടി യോഗങ്ങളിലുമായി തുടർന്ന തർക്കം ഒടുവിൽ ഡിസിസി ഓഫീസിൽ നേരിട്ടുള്ള ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ നാമനിർദേശ പത്രിക സമർപ്പിച്ചു തുടങ്ങിയിട്ടും കാസർകോട് കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമായിത്തുടരുകയാണ്. ബ്ലോക്ക് ഡിവിഷനിലും ജില്ലാ പഞ്ചായത്ത് ഡിവിഷനിലും ഇതുവരെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. ഡിസിസി പ്രസിഡന്റുമായി ബന്ധപ്പെട്ട് ഒരു വിഭാഗം പ്രവർത്തകർക്ക് ഉണ്ടായിരുന്ന പ്രതിഷേധമാണ് സീറ്റ് വിഭജനം നീളുന്നതെന്നാണ് വിവരം.
എം. ലിജു പങ്കെടുത്ത കോർ കമ്മിറ്റി യോഗത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ഡിസിസി വൈസ് പ്രസിഡന്റായ ജെയിംസ് പന്തംമാക്കൻ നേരത്തെ കോൺഗ്രസ് വിമതനായി പ്രവർത്തിച്ചിരുന്നു. ഇപ്പോഴും കാസർകോട് കോൺഗ്രസിൽ സീറ്റ് വിഭജനം അനിശ്ചിതത്വത്തിൽ തുടരുകയാണ്.

