
പാലക്കാട്: ഗുരുതര ലൈംഗികപീഡനക്കേസുകളിൽ അന്വേഷണം നേരിടുന്ന കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ സംരക്ഷിക്കാൻ ബിജെപി ഇടപെട്ടെന്ന് ആരോപണം. മാങ്കൂട്ടത്തിലിനെതിരെ പരാതിയുമായി മുന്നോട്ടുപോകരുതെന്ന് ബിജെപി നേതൃത്വം ആവശ്യപ്പെട്ടെന്ന് അതിജീവിതയുടെ മുൻപങ്കാളി പരാതിപ്പെട്ടു.
തന്റെ കുടുംബജീവിതം തകർത്തതിന് മാങ്കൂട്ടത്തിലിനെതിരെ പരാതിപ്പെടാൻ ഉദ്ദേശിച്ചിരുന്നു. അന്ന് ചില ബിജെപി നേതാക്കൾ പരാതിയുമായി മുന്നോട്ടുപോകരുതെന്ന് തന്നോട് ആവശ്യപ്പെട്ടു. തന്നെ സമ്മർദത്തിലാക്കാൻ ശ്രമിച്ചെന്നും യുവാവ് പറഞ്ഞു.
നേതാക്കളുടെ സമ്മർദത്തെ മറികടന്ന് ദിവസങ്ങൾക്ക് മുൻപാണ് ഇയാൾ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയത്. ഇതിനുപിന്നാലെ പാലക്കാട്ടെ യുവമോർച്ചയുടെ ഭാരവാഹിത്വത്തിൽനിന്നും ഇയാളെ നീക്കി. പഞ്ചായത്ത് സമിതിയുടെ പരാതിപ്രകാരമാണ് നടപടി എന്നായിരുന്നു വിശദീകരണം. എന്നാൽ പരാതി എന്താണെന്ന് പോലും തനിക്കറിയില്ലെന്നും തന്നോട് ബിജെപി വിശദീകരണം ചോദിച്ചിട്ടില്ലെന്നും യുവാവ് പറഞ്ഞു. നേതൃത്വത്തിന്റെ നിർദേശം ലംഘിച്ചതാണ് തനിക്കെതിരെ സംഘടനാ നടപടിയെടുക്കാൻ കാരണമായതെന്നും യുവാവ് പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ തന്റെ കുടുംബജീവിതം തകർത്തെന്നും സ്വകാര്യജീവിതമടക്കം പൊതുമധ്യത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടെന്നുമാണ് യുവാവ് ഡിജിപിക്കും മുഖ്യമന്ത്രിക്കും നൽകിയ പരാതിയിൽ പറയുന്നത്. പെൺകുട്ടിയുടെ വിവാഹ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും പരിഹരിക്കുവാൻ വേണ്ടിയാണ് താൻ ഇടപെട്ടതെന്നുമായിരുന്നു മാങ്കൂട്ടത്തിൽ ആരോപണങ്ങളുയർന്ന ആദ്യ അവസരത്തിൽ പറഞ്ഞിരുന്നത്. എന്നാൽ രാഹുലിന്റെ വാദങ്ങൾ പരാതിക്കാരൻ പൂർണമായി നിഷേധിച്ചു.
പരാതി പരിഹരിക്കാനെന്ന പേരിൽ ഇതുവരെ തന്നെ വിളിച്ചിട്ടില്ലെന്നും താൻ സ്ഥലത്തില്ലാത്ത അവസരങ്ങൾ മുതലെടുത്താണ് രാഹുൽ മാങ്കൂട്ടത്തിൽ യുവതിയുമായി ബന്ധം സ്ഥാപിച്ചതെന്നുമാണ് പരാതി. ചെറിയ പ്രശ്നങ്ങൾ മുതലെടുത്ത് ക്രിമിനൽ ബുദ്ധിയോടെയാണ് മാങ്കൂട്ടത്തിൽ പെരുമാറിയതെന്നും വ്യാജ വാഗ്ദാനങ്ങൾ നൽകിയാണ് യുവതിയെ ലൈംഗികമായി ഉപദ്രവിച്ചതും ഗർഭഛിദ്രത്തിന് നിർബന്ധിച്ചതെന്നും പരാതിക്കാരൻ പറയുന്നു.
ബലാത്സംഗക്കേസിൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ അതിജീവിതയെ ഹെെക്കോടതി കക്ഷിചേർത്തിട്ടുണ്ട്. മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് കക്ഷിചേരാനുള്ള അതിജീവിതയുടെ അപേക്ഷ ജസ്റ്റിസ് എ ബദറുദ്ദീൻ അംഗീകരിക്കുകയായിരുന്നു. ജാമ്യം അനുവദിക്കുന്നത് തന്റെ ജീവന് അപകടമാണെന്നും മാങ്കൂട്ടത്തിലിന്റെ അനുയായികളിൽനിന്ന് സൈബർ ആക്രമണമുണ്ടെന്നും യുവതി ബോധിപ്പിച്ചു. മറുപടി സത്യവാങ്മൂലം നൽകാൻ അതിജീവിതയ്‌ക്ക് രണ്ടാഴ്ച സമയം നൽകി. ഹർജി വീണ്ടും പരിഗണിക്കുന്ന 21 വരെ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞുള്ള വിലക്ക് നീട്ടിയിട്ടുണ്ട്.
