വി ഡി സതീശന്‍ കേരള ജനതയെ അപമാനിക്കുന്നു: പി അബ്ദുല്‍ ഹമീദ്
സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
തിരുവനന്തപുരം: മതേതരത്വ മേലങ്കിയണിഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശന്‍ സംഘപരിവാരത്തിന് ഒത്താശ ചെയ്തുകൊണ്ട് കേരള ജനതയെ അപമാനിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. യുഡിഎഫ് സര്‍ക്കാര്‍ ആര്‍എസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരാകരുത് എന്ന മുദ്രാവാക്യമുയര്‍ത്തി പാര്‍ട്ടി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിഎംശ്രീ പദ്ധതിയില്‍ ഇടതു സര്‍ക്കാര്‍ ഒപ്പുവെച്ചപ്പോള്‍ അതിനെതിരേ പ്രതിഷേധിച്ച യുഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ നിലപാട് മാറ്റി. പിഎംശ്രീ നടപ്പിലാക്കിയ രീതിയെയാണ് എതിര്‍ത്തതെന്നാണ് സതീശന്‍ ഇപ്പോള്‍ പറയുന്നത്. നിയമനങ്ങളിലും നാമനിര്‍ദ്ദേശങ്ങളിലുമടക്കം സംഘപരിവാര സഹയാത്രികരെ ഉള്‍പ്പെടുത്തി കാവിവല്‍ക്കരണം സമ്പൂര്‍ണമാക്കുകയാണ് സതീശന്‍. ഇത് പൗരബോധമുള്ളവര്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ അതിനെ ന്യായീകരിക്കുക വഴി കേരളത്തിലെ ജനങ്ങളെ പരിഹസിക്കുകയാണ് മുഖ്യമന്ത്രി.
സംസ്ഥാനത്തിന്റെ പൊതുണ്ഡലത്തെ സംഘപരിവാരത്തിനും വിഭവങ്ങളെ കോര്‍പറേറ്റുകള്‍ക്കും തീറെഴുതുന്ന ജോലിയാണ് സതീശന്‍ നിര്‍വഹിക്കുന്നത്. യുഡിഎഫിന്റെ വിജയത്തിനു വേണ്ടി പണിയെടുത്ത രാഷ്ട്രീയ കക്ഷികളും മതസംഘടനകളും സാമൂഹിക വിഭാഗങ്ങളും പിആര്‍ വര്‍ക് ചെയ്ത മാധ്യമങ്ങളും വരെ തിരുത്തി പറയേണ്ട ഗതികേടിലാണിന്ന്.
നല്ല വായനയും വിവരവുമുള്ളയാളാണ് വി ഡി സതീശന്‍. എന്നാല്‍ കേരളത്തിലെ ജനങ്ങള്‍ക്കും വിവരമുണ്ടെന്ന സത്യം അദ്ദേഹം തിരിച്ചറിയണം. അധികാരമേല്‍ക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് മുതല്‍ ഇന്നു വരെ സതീശന്‍ അനുവര്‍ത്തിക്കുന്ന എല്ലാ നടപടികളും ആര്‍എസ്എസ്സിന് കുടപിടക്കുന്നതും മണ്ണൊരുക്കുന്നതുമാണ്. കഴിഞ്ഞ ഇടതു സര്‍ക്കാര്‍ സംഘപരിവാര വിധേയത്വം കാണിക്കുന്നെന്നും അവരുമായി ഡീല്‍ ഉണ്ട് എന്നും പ്രചരിപ്പിച്ചതിന്റെ ഗുണഫലമാണ് യുഡിഎഫ് വിജയം. എന്നാല്‍ ഇടതു സര്‍ക്കാര്‍ 10 വര്‍ഷം ചെയ്തത് 10 ദിവസം കൊണ്ടു തന്നെ മറികടന്നിരിക്കുകയാണ്.
വി ഡി സതീശന്‍ സംഘ പരിവാറിന് കുഴലൂത്ത് നടത്തുമ്പോള്‍ കഴിഞ്ഞ കാലങ്ങളില്‍ തെരുവിലിറങ്ങിയ പലരും ഇപ്പോള്‍ നിശബ്ദരാകുകയാണ്. കൂടെയുള്ളവരെ നിശബ്ദരാക്കുന്ന ജോലി വളരെ ഭംഗിയായി സതീശന്‍ നിര്‍വഹിക്കുന്നുണ്ട്. ആര്‍എസ്എസ്സിന് മണ്ണൊരുക്കുന്ന ജോലി സതീശന്‍ അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം കേരളം പുതിയൊരു പ്രതിഷേധ സമരത്തിന് വേദിയാകുമെന്നും അതിന്റെ തുടക്കമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ ജനങ്ങളെയും വിഭവങ്ങളെയും നവഫാഷിസ്റ്റ് കോര്‍പറേറ്റുകള്‍ക്ക് പണയപ്പെടുത്തി നേടിയ വിജയമാണ് വി ഡി സതീശന്റേതെന്ന് അധ്യക്ഷത വഹിച്ച പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍ പറഞ്ഞു. ലഹരി വ്യാപനത്തെ പ്രതിരോധിക്കാന്‍ നടത്തുന്ന തൂഫാന്‍ സ്വാഗതാര്‍ഹമാണ്. അതേസമയം ഇന്ത്യയില്‍ ഏറ്റവുമധികം ലഹരിയെത്തുന്നത് അദാനി പോര്‍ട്ട് വഴിയാണ്. തിരുവനന്തപുരത്ത് വിഴിഞ്ഞം തുറമുഖവും എയര്‍പോര്‍ട്ടും അദാനിയുടെ ഉടമസ്ഥതയിലാണ്. തിരുവനന്തപുരം കോര്‍പറേഷന്‍ ബിജെപി പിടിച്ചതും തിരുവനന്തപുരം ജില്ലയിലെ രണ്ട് നിയോജക മണ്ഡലങ്ങളില്‍ ബിജെപി വിജയിച്ചതും ഭരണ സ്വാധീനമുറപ്പിക്കുകയെന്ന കോര്‍പറേറ്റ് അജണ്ടയുടെ ഫലമാണ്. രാഷ്ട്രീയ നേതാക്കളെ മറകടന്ന് ബിസിനസ് കോര്‍പറേറ്റായ ഒരാള്‍ ബിജെപി അധ്യക്ഷനായതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. അദാനി ഗ്രൂപ് മാനേജരുമായി വി ഡി സതീശന്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയതും തുറമുഖ വകുപ്പ് വി ഡി തന്നെ ഏറ്റെടുത്തതും ചേര്‍ത്തു വായിക്കുമ്പോള്‍ പൗരബോധമുള്ളവരില്‍ വലിയ ആശങ്കയുണ്ടാകുന്നതായും പി കെ ഉസ്മാന്‍ വ്യക്തമാക്കി.
സംസ്ഥാന സെക്രട്ടറിമാരായ അന്‍സാരി ഏനാത്ത്, ജോണ്‍സണ്‍ കണ്ടച്ചിറ, സംസ്ഥാന സെക്രട്ടറിയേറ്റംഗം അഷ്‌റഫ് പ്രാവച്ചമ്പലം, ജില്ലാ ജനറല്‍ സെക്രട്ടറി സലീം കരമന സംസാരിച്ചു. ജില്ലാ പ്രസിഡന്റ് ശിഹാബുദ്ദീന്‍ മന്നാനി, ജില്ലാ സെക്രട്ടറിമാരായ സിയാദ് തൊളിക്കോട്, സബീന ലുഖ്മാന്‍, ട്രഷറര്‍ ഷംസുദ്ദീന്‍ മണക്കാട് സംബന്ധിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിനു സമീപത്തു നിന്നാരംഭിച്ച മാര്‍ച്ച് സെക്രട്ടറിയേറ്റ് കവാടത്തില്‍ പോലിസ് തടഞ്ഞു.
