ഇന്ത്യാ ഗവണ്മെൻ്റിന് കീഴിലുള്ള ഭൗമ ശാസ്ത്ര മന്ത്രാലയത്തിൻ്റെ (MoES) അനുബന്ധ ഓഫിസ് ആയ സെൻ്റർ ഫോർ മറൈൻ ലിവിംഗ് റിസോഴ്‌സസ് & ഇക്കോളജി (CMLRE), ഇൻ്റർനാഷണൽ സീബെഡ് അതോറിറ്റിയുടെ (ISA) ആഭിമുഖ്യത്തിൽ, കൊച്ചിയിലെ CMLRE അടൽ ഭവൻ കാമ്പസിൽ 2026 സെപ്റ്റംബർ 7 മുതൽ 11 വരെ “ഡീപ്-സീ മാക്രോഫൗണ ടാക്സോണമി സ്കൂൾ: സ്റ്റാൻഡേർഡൈസിംഗ് മെത്തഡോളജിസ് ഫോർ ബയോഡൈവേഴ്സിറ്റി അസസ്‌മെൻ്റ്സ് ” സംഘടിപ്പിക്കുന്നു. ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ (IORA), മറൈൻ ബയോഡൈവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊറിയ (MABIK) എന്നിവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
2026 സെപ്റ്റംബർ 7 ന് ആരംഭിക്കുന്ന അഞ്ച് ദിവസത്തെ അന്താരാഷ്ട്ര പരിശീലന പരിപാടിയിൽ ഇന്ത്യയിലും IORA അംഗരാജ്യങ്ങൾ അടക്കം മറ്റ് രാജ്യങ്ങളിലും നിന്നുള്ള ഏകദേശം 30 യുവ ടാക്സോണമിസ്റ്റുകളും ഗവേഷകരും പങ്കെടുക്കും. ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർ തമ്മിൽ സഹകരണം മെച്ചപ്പെടുത്തുകയും ആഴക്കടൽ ജൈവവൈവിധ്യം പഠിക്കുന്നതിനും വിലയിരുത്തുന്നതിനുമുള്ള പൊതുവായ ശാസ്ത്രീയ രീതികൾ വികസിപ്പിക്കുകയുമാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. പരിശീലന വേളയിൽ, പരിചയസമ്പന്നരായ അന്താരാഷ്ട്ര വിദഗ്ധരുടെ മാർഗ്ഗനിർദ്ദേശത്തിൽ ആഴക്കടൽ മാതൃകകളെ എങ്ങനെ തിരിച്ചറിയാം, ടാക്സോണമിക് ടെക്നിക്കുകൾ എങ്ങനെ ഉപയോഗിക്കാം, ജൈവവൈവിധ്യ വിവരങ്ങൾ എങ്ങനെ രേഖപ്പെടുത്താം, ഈ മേഖലയിൽ സാമ്പിളുകൾ എങ്ങനെ ശേഖരിക്കാം എന്നിവ സംബന്ധിച്ച് പങ്കെടുക്കുന്നവർ പ്രായോഗിക പഠനം നടത്തും. ശാസ്ത്രജ്ഞർ, ഗവേഷകർ, ടാക്സോണമിസ്റ്റുകൾ, സാങ്കേതിക വിദഗ്ധർ എന്നിവർക്ക് സ്വന്തം അറിവും അനുഭവങ്ങളും പങ്കിടാനും, കൂടുതൽ ഫലപ്രദമായി ഒരുമിച്ച് പ്രവർത്തിക്കാനും ആഴക്കടൽ ജൈവവൈവിധ്യ ഗവേഷണത്തിനുള്ള സ്റ്റാൻഡേർഡ് രീതികൾ ആവിഷ്‌ക്കരിക്കാനും പരിപാടിയിലൂടെ കഴിയും.
ഇൻ്റർനാഷണൽ സീബെഡ് അതോറിറ്റി (ISA) യുടെ സെക്രട്ടറി ജനറൽ ലെറ്റീഷ്യ കാർവാലോ, ISA യിലെ മുതിർന്ന ഉദ്യോഗസ്ഥർ, ഭൗമ ശാസ്ത്ര മന്ത്രാലയത്തിലെയും (MoES) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി (NIOT) ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെയും പ്രമുഖ ശാസ്ത്രജ്ഞർ തുടങ്ങിയവർ പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. ആഴക്കടൽ ശാസ്ത്ര ഗവേഷണം, സമുദ്ര ജൈവവൈവിധ്യം, പരിസ്ഥിതി പരിപാലനം എന്നിവയിൽ അന്താരാഷ്ട്ര സഹകരണത്തിൻ്റെ വർദ്ധിച്ചുവരുന്ന പ്രാധാന്യത്തെ ഈ പങ്കാളിത്തം അടിവരയിടുന്നു.
ISA പിന്തുണയുള്ള ടാക്സോണമി സ്കൂൾ പരിപാടിയ്ക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത് ആഴക്കടൽ ജൈവവൈവിധ്യ ഗവേഷണത്തിൽ ദേശീയവും അന്തർദേശീയവുമായ ശേഷി ശക്തിപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ്. ടാക്സോണമിക് വൈദഗ്ദ്ധ്യം വർദ്ധിപ്പിക്കുന്നതിനും ജൈവവൈവിധ്യ വിലയിരുത്തലിനുള്ള അടിസ്ഥാന സമീപനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ആഴക്കടൽ പര്യവേക്ഷണത്തിലൂടെയും ഗവേഷണത്തിലൂടെയും സൃഷ്ടിക്കുന്ന ജൈവ ഡാറ്റയുടെ ഗുണനിലവാരം, സ്ഥിരത, താരതമ്യക്ഷമത എന്നിവ മെച്ചപ്പെടുത്തുന്നതിനും ഈ പരിപാടി സംഭാവനകൾ നൽകും.
സമുദ്രങ്ങളെ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള അന്താരാഷ്ട്ര ഉദ്യമങ്ങളിൽ ഇന്ത്യയുടെ പങ്ക് ശക്തിപ്പെടുത്താൻ ഈ പരിപാടി സഹായകമാകും. ആഴക്കടൽ ജീവികളെ തിരിച്ചറിയുന്നതിലും പഠിക്കുന്നതിലും കൂടുതൽ വിദഗ്ധരെ പരിശീലിപ്പിക്കുകയും ലോകമെമ്പാടും പിന്തുടരുന്ന പൊതുവായ ശാസ്ത്രീയ രീതികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യം. CMLRE നടപ്പിലാക്കുന്ന ഡീപ് ഓഷ്യൻ മിഷൻ്റെ ലക്ഷ്യം കൂടിയാണിത്. ആഴക്കടൽ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും സുസ്ഥിരമായി കൈകാര്യം ചെയ്യുന്നതിനുമായി അവബോധപൂർണ്ണവും തെളിവുകൾ അടിസ്ഥാനമാക്കിയുള്ളതുമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ ശാസ്ത്രജ്ഞരെ ഈ പരിപാടി സഹായിക്കും. ഇന്ത്യയുടെ സമുദ്ര വിഭവങ്ങളെയും ആഴക്കടൽ ആവാസവ്യവസ്ഥയെയും പഠിക്കുന്നതിനും സംരക്ഷിക്കുന്നതിനും സുസ്ഥിരമായി ഉപയോഗിക്കുന്നതിനും CMLRE പ്രവർത്തിച്ചു വരുന്നു. സമുദ്ര മാപ്പിംഗ്, പതിവ് നിരീക്ഷണം, ആവാസവ്യവസ്ഥയെ അടിസ്ഥാനമാക്കിയുള്ള മാനേജ്മെൻ്റ് എന്നിവയിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. ഈ ഉദ്യമങ്ങളിലൂടെ, ആഴക്കടൽ ഗവേഷണത്തിൽ ഇന്ത്യയുടെ ശാസ്ത്രീയ അറിവും സ്ഥാപന ശേഷിയും ശക്തിപ്പെടുത്താൻ CMLRE സഹായിക്കുന്നു.
