
തൃശ്ശൂർ ഗവ. വൃദ്ധസദനത്തിൽ നിന്ന് വിജയരാഘവനും സുലോചനയും ഇനി ഒരുമിച്ചൊരു യാത്ര ആരംഭിക്കുകയാണ്. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരമാണ് 79-കാരനായ വിജയരാഘവനും 75 വയസ്സുള്ള സുലോചനയും വിവാഹിതരായത്. ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു, മേയർ എം. കെ. വർഗീസ് എന്നിവർ വിവാഹത്തിന് സാക്ഷ്യം വഹിച്ചു.
പേരാമംഗലം സ്വദേശിയായ വിജയരാഘവൻ 2019ലും ഇരിങ്ങാലക്കുട സ്വദേശിയായ സുലോചന 2024 ലുമാണ് വൃദ്ധസദനത്തിൽ എത്തിയത്. ഇരുവരും ഒരുമിച്ച് ജീവിക്കണമെന്ന ആവശ്യം വാർഡനെ അറിയിക്കുകയായിരുന്നു. സാമൂഹിക നീതി വകുപ്പാണ് ചടങ്ങിന് നേതൃത്വം നൽകിയത്.
കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്യാമള മുരളീധരൻ, ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ. ആർ പ്രദീപൻ, വൃദ്ധസദനം സൂപ്രണ്ട് രാധിക, കൗൺസിലർമാർ, വൃദ്ധസദനത്തിലെ മറ്റ് അന്തേവാസികൾ തുടങ്ങിയവർ ഇരുവരുടെയും സന്തോഷത്തിൽ പങ്കുചേർന്നു.