
ഏഷ്യാ കപ്പിൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് ജയിക്കാൻ വേണ്ടത് 172 റൺസ്. 20 ഓവറിൽ പാകിസ്താൻ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് നേടി. സാഹിബ്‌സാദ ഫർഹാന്റെ അർധസെഞ്ചുറിയാണ് പാക് ടീമിന് കരുത്തായത്. 58 റൺസാണ് താരം നേടിയത്. 45 പന്തിൽ അഞ്ച് ഫോറും മൂന്ന് സിക്സറും അടങ്ങുന്നതാണ് ഫർഹാന്റെ ഇന്നിങ്സ്. ഇന്ത്യയ്ക്കായി ശിവം ദൂബെ രണ്ട് വിക്കറ്റും കുൽദീപ് യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
പാകിസ്താന് മികച്ച തുടക്കമല്ലായിരുന്നു ലഭിച്ചത്. ടീം സ്കോർ 21ൽ നിൽക്കെയാണ് ഓപ്പണറായ ഫഖർ സമാനെ ആദ്യം നഷ്ടമായി. മൂന്ന് ഗ്രൂപ്പ് മത്സരങ്ങളിലും ഡക്കായി മടങ്ങിയ സയിം അയൂബ് ഇത്തവണ ഇന്നിങ്‌സ് ഓപ്പൺ ചെയ്തില്ല. രണ്ടാം വിക്കറ്റിൽ ഒന്നിച്ച സഹിബ്‌സാദ ഫർഹാനും സയിം അയൂബും ടീം സ്കോർ ഉയർത്തുന്നതിനുള്ള ശ്രമമാണ് നടത്തിയത്. എന്നാൽ 21 റൺസ് നേടിയ അയൂബിനെ ശിവം ദുബെ മടക്കി. പിന്നാലെയെത്തിയ ഹുസ്സൈൻ താലത്തും കാര്യമായ സംഭവന നൽകാതെ ഡഗൗട്ടിലേക്ക് മടങ്ങി.
അഞ്ചാം വിക്കറ്റിൽ നായകൻ സൽമാൻ ആഗയും മുഹമ്മദ് നവാസും ചേർന്നാണ് പിന്നീട് പാകിസ്താന്റെ സ്കോർ ഉയർത്തിയത്. 21 റൺസെടുത്ത നവാസിനെ സൂര്യ തന്ത്രപരമായി റണ്ണൗട്ടാക്കി. സൽമാൻ ആഗ 17 റൺസ് നേടി. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് പാകിസ്താനെതിരെ ഇറങ്ങിയത്. ജസ്പ്രീത് ബുംറയും വരുൺ ചക്രവർത്തിയും ടീമിൽ തിരിച്ചെത്തിയിരുന്നു.