
ദക്ഷിണാഫ്രിക്കയെ അനായാസം വീഴ്ത്തി ഇന്ത്യ. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-1നു മുന്നിലെത്തി. ധരംശാലയില്‍ നടന്ന പോരില്‍ ഇന്ത്യ 7 വിക്കറ്റ് വിജയമാണ് സ്വന്തമാക്കിയത്. ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പ്രോട്ടീസ് 20 ഓവറില്‍ 117 റണ്‍സിനു എല്ലാവരും പുറത്തായി. ജയം തേടിയിറങ്ങിയ ഇന്ത്യ 15.5 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 120 റണ്‍സ് കണ്ടെത്തിയാണ് ജയം സ്വന്തമാക്കിയത്.
ഓപ്പണര്‍ അഭിഷേക് ശര്‍മ ഇന്ത്യയ്ക്കു മിന്നും തുടക്കമിട്ടു. താരം വെറും 18 പന്തില്‍ 3 വീതം സിക്‌സും ഫോറും സഹിതം 35 റണ്‍സെടുത്തു. വൈസ് ക്യാപ്റ്റനും സഹ ഓപ്പണറുമായ ശുഭ്മാന്‍ ഗില്‍ ഇത്തവണ പിടിച്ചു നിന്നു. 28 പന്തില്‍ 5 ഫോറുകള്‍ സഹിതം ഗില്‍ 28 റണ്‍സുമായി മടങ്ങി.
അതേസമയം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനു ഇത്തവണയും മികവ് പുലര്‍ത്താനായില്ല. താരം 12 റണ്‍സുമായി മടങ്ങി.
ജയം സ്വന്തമാക്കുമ്പോള്‍ 26 റണ്‍സുമായി തിലക് വര്‍മയും 4 പന്തില്‍ 10 റണ്‍സുമായി ശിവം ദുബെയുമായിരുന്നു ക്രീസില്‍. ദുബെ ഒരു സിക്‌സും ഫോറും തൂക്കി ഇന്ത്യന്‍ ജയം പൂര്‍ത്തിയാക്കി.
നേരത്തെ, കഴിഞ്ഞ കളിയില്‍ ധാരാളിയായ മാറി അര്‍ഷ്ദീപ് സിങ് മൂന്നാം പോരില്‍ മിന്നും ബൗളിങുമായി കളം വാണു. വരുണ്‍ ചക്രവര്‍ത്തി ഒരിക്കല്‍ കൂടി മാജിക്കല്‍ പന്തുകളുമായി കളം വാണതും ദക്ഷിണാഫ്രിക്കയെ ചെറിയ സ്‌കോറില്‍ ഒതുക്കുന്നതില്‍ നിര്‍ണായകമായി. ഒപ്പം ജസ്പ്രിത് ബുംറയ്ക്കു പകരക്കാരനായി ടീമിലെത്തിയ ഹര്‍ഷിത് റാണയും തിളങ്ങി. കുല്‍ദീപ് യാദവും അവസാന ഘട്ടത്തില്‍ രണ്ട് വിക്കറ്റെടുത്ത് കരുത്തു കാട്ടി.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക തുടക്കം തന്നെ തകര്‍ന്നു. 7 റണ്‍സിനിടെ അവര്‍ക്ക് മൂന്ന് നിര്‍ണായക വിക്കറ്റുകള്‍ നഷ്ടമായി. 77 റണ്‍സിനിടെ അവര്‍ക്ക് 7 വിക്കറ്റുകളും നഷ്ടമായി. ഒരു ഘട്ടത്തില്‍ പ്രോട്ടീസ് 100 കടക്കുമോ എന്നു പോലും സംശയമായിരുന്നു
ഒരറ്റത്ത് പൊരുതി നിന്ന ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രത്തിന്റെ മികവാണ് ഈ സ്‌കോറിലേക്ക് അവരെ എത്തിച്ചത്. 46 പന്തില്‍ 6 ഫോറും 2 സിക്‌സും സഹിതം മാര്‍ക്രം 61 റണ്‍സെടുത്തു.
20 റണ്‍സെടുത്ത ഡോണോവന്‍ ഫെരെയ്‌രയാണ് രണ്ടക്കം കടന്ന മറ്റൊരാള്‍. ആന്റിച് നോര്‍ക്യെയാണ് രണ്ടക്കം കടന്ന മൂന്നാമന്‍. താരം 12 റണ്‍സെടുത്തു.
ഇന്ത്യയ്ക്കായി വരുണ്‍ ചക്രവര്‍ത്തി 4 ഓവറില്‍ 11 റണ്‍സ് മാത്രം വഴങ്ങിയും അര്‍ഷ്ദീപ് 13 റണ്‍സ് മാത്രം വഴങ്ങിയും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഹര്‍ഷിത് റാണയും, കുല്‍ദീപ് യാദവും 2 വിക്കറ്റെടുത്തു. ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവര്‍ ഓരേ വിക്കറ്റെടുത്തു.
