
തിരുവനന്തപുരം: മാധ്യമ പ്രവർത്തനത്തിൻ്റെ ഭാഗമായി വഞ്ചിയൂർ വാർഡിലെ തെരഞ്ഞെടുപ്പ് അവലോകനം നൽകിയതിന് തിരുവനന്തപുരം പ്രസ്ക്ലബ് സെക്രട്ടറി പി.ആർ പ്രവീണിനെ വഞ്ചിയൂർ വാർഡിലെ ഇടത് സ്ഥാനാർത്ഥിയായ വഞ്ചിയൂർ പി ബാബുവും കൂട്ടാളികളും ചേർന്ന് ക്രൂരമായി മർദ്ദിച്ചതിൽ തിരുവനന്തപുരം പ്രസ്ക്ലബ് പ്രതിഷേധിച്ചു. പ്രവീണിനെ രക്ഷിക്കാൻ ശ്രമിച്ച പ്രസ് ക്ലബ് മുൻ സെക്രട്ടറിയും കണ്ണമ്മൂല വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥിയുമായ എം. രാധാകൃഷ്ണനും മർദ്ദനമേറ്റു.
വാർത്ത നൽകിയതിനെതിരേ അസഭ്യ വർഷം ചൊരിഞ്ഞായിരുന്നു ബാബുവും കൂടെയുള്ളവരും പ്രവീണിനെ മർദിച്ചത്. റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിന് മുന്നിൽ സ്ത്രീകളടക്കമുള്ളവരുടെ മുന്നിൽ വച്ചാണ് ആക്രമണവും അസഭ്യ വർഷവും ഉണ്ടായത് . സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനെതിരായ ഈ കടന്നുകയറ്റം അനുവദിക്കാനാവില്ല .
പ്രവീണിനെ മർദിച്ച ഇടത് പ്രവർത്തകർക്കെതിരേ നടപടി എടുക്കാൻ സി പി ഐ (എം) നേതൃത്വവും നിയമനടപടികൾ സ്വീകരിക്കാൻ പോലീസും തയ്യാറാകണമെന്ന് പ്രസ് ക്ലബ് പ്രസിഡൻ്റ് എസ് ശ്രീകേഷും സെക്രട്ടറി പി ആർ പ്രവീണും ആവശ്യപ്പെട്ടു.

