
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി ഡി സതീശൻ്റെ പാർലമെൻ്ററി ജീവിതംതന്നെ ആർഎസ്എസിൻ്റെ ദാനമാണെന്ന് തദ്ദേശമന്ത്രി എം ബി രാജേഷ് പറഞ്ഞു. 2001ലും 2006ലും പറവൂരിൽനിന്ന് ആർഎസ്എസ് നേതാക്കളെക്കണ്ട് പിന്തുണ വാങ്ങിയ ആളാണ് സതീശൻ. ഇക്കാര്യം ആർഎസ്എസ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം ഇതേവരെ നിഷേധിക്കാനോ തള്ളിപ്പറയാനോ സതീശൻ തയ്യാറായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിക്ക് ആർഎസ്എസ് ബന്ധമുണ്ടെന്ന് സതീശൻ ആക്ഷേപിക്കുന്നത് കേട്ടാൽ ചിരിച്ചുപോകും. ആർഎസ്എസ് ആചാര്യൻ ഗോൾവാൾക്കറുടെ ചിത്രത്തിനുമുന്നിൽ വിളക്കുകൊളുത്തി താണുവണങ്ങിയ ആളാണ് പ്രതിപക്ഷനേതാവ്. തൻ്റെ പാർലമെൻ്ററി ജീവിതത്തിന് ആർഎസ്എസിനോട് ആജീവനാന്തം സതീശൻ കടപ്പെട്ടിരിക്കുന്നുവെങ്കിൽ, പിണറായി വിജയൻ ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റുകാരുടെ ജീവിതം ആർഎസ്എസിനെതിരായ നിതാന്തമായ പോരാട്ടത്തിന്റേതാണ്.
തലശേരി കലാപകാലം മുതൽ ആർഎസ്എസുമായി നേർക്കുനേർനിന്ന് ഏറ്റുമുട്ടിയവരാണ് പിണറായിയും കമ്യൂണിസ്റ്റുകാരും. വിതയത്തിൽ കമീഷൻ റിപ്പോർട്ട് പ്രതിപക്ഷനേതാവ് വായിച്ചുനോക്കണം. ആരാണ് തലശേരി കലാപത്തിൽനിന്ന് ന്യൂനപക്ഷങ്ങളെ സംരക്ഷിച്ചതെന്ന് ആ റിപ്പോർട്ടിൽ പറയുന്നുണ്ട്. സ്വന്തം മന്ത്രിസഭയിലെ അംഗമായ പി കെ കുഞ്ഞാലിക്കുട്ടിയെ ആർഎസ്എസിൻ്റെ ഭീഷണിക്ക് വഴങ്ങി ഗസ്റ്റ് ഹൗസിൽ ഇരുത്തിയിട്ടാണ് അന്നത്തെ മുഖ്യമന്ത്രി എ കെ ആൻ്റണി മാറാട് കലാപസ്ഥലത്ത് പോയത്. ആ തിട്ടൂരത്തിന് വഴങ്ങാതെ വികെസി മമ്മദ് കോയയെ ഒപ്പം കൂട്ടിയാണ് പിണറായി വിജയൻ സ്ഥലത്തേക്ക് പോയത്- മന്ത്രി ഓർമ്മിപ്പിച്ചു.
