ആദ്യഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ
തിരുവനന്തപുരം: ഗിഗ് തൊഴിലാളികൾക്ക് ജോലിക്കിടയിൽ സുരക്ഷിതമായ വിശ്രമവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുന്നതിനായി തൊഴിൽ വകുപ്പ് ആരംഭിക്കുന്ന ‘GIGON’ വിശ്രമകേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (സെപ്റ്റംബർ 23) തിരുവനന്തപുരം വാൻറോസ് ജങ്ഷനിൽ നടക്കും. വൈകുന്നേരം 3.30ന് പുതുതായി നിർമിച്ച ഗിഗ് വിശ്രമകേന്ദ്രത്തിൽ നടക്കുന്ന ചടങ്ങിൽ തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം നിർവഹിക്കും. ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ അധ്യക്ഷത വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ വിശിഷ്ടാതിഥിയാകും. ഡോ. ശശി തരൂർ എം.പി, തിരുവനന്തപുരം മേയർ വി.വി. രാജേഷ് എന്നിവർ മുഖ്യാതിഥികളാകും.
വാർഡ് കൗൺസിലർ സി. ഹരികുമാർ, തൊഴിൽ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഷീബ ജോർജ്, ലേബർ കമ്മീഷണർ സഫ്ന നസറുദീൻ, അഡീഷണൽ ലേബർ കമ്മീഷണർ ബിച്ചു ബാലൻ എന്നിവർ പങ്കെടുക്കും. ചടങ്ങിനോടനുബന്ധിച്ച് എറണാകുളം, കോഴിക്കോട് ഗിഗ് വിശ്രമകേന്ദ്രങ്ങളുടെ ഉദ്ഘാടനവും നടക്കും. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് ‘GIGON’ പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിലാണ് കേന്ദ്രങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്.
ഓൺലൈൻ ഭക്ഷ്യവിതരണം, ഇ-കൊമേഴ്സ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ഗിഗ് തൊഴിലാളികൾക്ക് ജോലിയുടെ ഇടവേളകളിൽ വിശ്രമിക്കാനും അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗപ്പെടുത്താനും കേന്ദ്രങ്ങൾ സഹായകമാകും. കസേരകൾ, കുടിവെള്ളം, ശുചിമുറി, ഭക്ഷണം കഴിക്കാനുള്ള സൗകര്യം, വൈഫൈ, മൊബൈൽ ചാർജിങ് സംവിധാനം, ടി.വി തുടങ്ങിയ സൗകര്യങ്ങൾ കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്.
രാവിലെ 8 മുതൽ രാത്രി 10 വരെയാണ് കേന്ദ്രങ്ങളുടെ പ്രവർത്തനം. രാവിലെ 8 മുതൽ വൈകിട്ട് 3 വരെയും വൈകിട്ട് 3 മുതൽ രാത്രി 10 വരെയും രണ്ട് ഷിഫ്റ്റുകളിലായാണ് പ്രവർത്തനം. ഓരോ ഷിഫ്റ്റിലും രണ്ട് ജീവനക്കാരെ വീതം തൊഴിൽ വകുപ്പ് നിയോഗിച്ചിട്ടുണ്ട്.
ഗിഗ് മേഖലയിലെ തൊഴിലാളികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ അവരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള സർക്കാരിന്റെ ഇടപെടലിന്റെ ഭാഗമാണ് ‘GIGON’ പദ്ധതിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. ആദ്യഘട്ടത്തിലെ പ്രവർത്തനങ്ങളുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ പദ്ധതി മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഗിഗ് തൊഴിലാളികളുടെ സുരക്ഷിതത്വവും ക്ഷേമവും ഉറപ്പാക്കുന്ന ബിൽ കൊണ്ടുവരുന്നതും സംസ്ഥാനത്തിന്റെ പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു.
