തിരുവനന്തപുരം: കന്നിമാസപൂജകൾക്കായി നട തുറന്ന ശബരിമലയിൽ അരവണയ്ക്കും അപ്പത്തിനും കടുത്ത ക്ഷാമം നേരിട്ടതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ. നട തുറന്ന സമയത്ത് പ്ലാന്റ് ശുദ്ധീകരിക്കാൻ നിന്നതാണ് പ്രതിസന്ധിയ്ക്ക് കാരണം.
സർക്കാരിന് അതിന്റെതായ ഉത്തരവാദിത്വം ഉണ്ട്. വേണ്ടിവന്നാൽ ഹൈക്കോടതിയിൽ സർക്കാരിന്റെ ആശങ്ക അറിയിക്കും. ഒരു സ്പെഷ്യൽ ടീമിനെ വച്ച് ഉത്സവം നടത്തണോ എന്ന കാര്യം മുഖ്യമന്ത്രിയുമായി കൂടി ആലോചിക്കും. ഒരു കാരണവശാലും ഈ പരീക്ഷണത്തിന് നിന്ന് കൊടുക്കാനാകില്ല.
ഭക്തർക്കുള്ള ഒരു അനുകൂല്യവും മുടങ്ങാൻ പാടില്ല. നട തുറന്നിരിക്കുമ്പോൾ ഭക്തർക്ക് പ്രസാദം ലഭിക്കണം. അതിന്റെ പൂർണ്ണ ഉത്തരവാദിത്വം ദേവസ്വം ബോർഡിനാണ്. ഇനിയൊരു പരീക്ഷണത്തിന് ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മണ്ഡലകാലത്തിന് മുൻപ് ദർശനത്തിന് വരുന്നവർക്ക് അരവണയും അപ്പവും വേണ്ടേ? ബോർഡ് പറയുന്നതിന് ഒരു അടിസ്ഥാനം വേണ്ടേ? നട അടയ്ക്കുമ്പോൾ പ്ലാന്റിൽ പണികൾ നടത്തിയാൽ പോരെ? അല്ലെങ്കിൽ ബദൽ സംവിധാനം കൊണ്ടുവരണം.ഇപ്പോൾ ഉണ്ടായ അരവണ ക്ഷാമം ഒരു സൂചനയാണെന്നും മന്ത്രി വിമർശിച്ചു.
കഴിഞ്ഞദിവസം, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാറിനെ ഫോണിൽ വിളിച്ച് ദേവസ്വം മന്ത്രി അതൃപ്തി അറിയിച്ചിരുന്നു. കരുതൽ ശേഖരം ഒരുക്കുന്നതിൽ ബോർഡിന് വീഴ്ചപറ്റിയെന്ന് വിമർശിച്ചു.
