Flash Story
ഇന്ന് തൃകാർത്തിക
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസിൽ പരാതി നൽകിയ യുവതിയുടെ വിശദാംശങ്ങൾ പൊലീസിന് ലഭിച്ചു;മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
ഡിസംബർ 4 നാവികസേന ദിനം :
ബ്ലൂ  എക്കോണമിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിൽ  നാവികസേനയുടെ പങ്ക് നിർണായകം: രാഷ്ട്രപതി.
വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളിൽ അതത് ജില്ലകളിൽ പൊതു അവധി ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം
രാഹുല്‍ മാങ്കൂട്ടത്തില്‍ രക്ഷപ്പെട്ടത് നടിയുടെ കാറില്‍ തന്നെ: യുവനടിയെ ഉടന്‍ ചോദ്യംചെയ്യും
രാഷ്ട്രപതിയുടെ സന്ദർശനം: നഗരത്തിൽ ഗതാഗത നിയന്ത്രണം
നാശം വിതച്ച് ദിത്വ ചുഴലിക്കാറ്റ്; ശ്രീലങ്കയിൽ 334 മരണം, തമിഴ്നാട്ടിലും ആന്ധ്രയിലും ശക്തമായ മഴ തുടരുന്നു
Naval Day Operation DemoOn 03rd December 2025At Shanghumukham Beach

മലപ്പുറം ജില്ലയിലെ വളാഞ്ചേരി നഗരസഭയില്‍ നിപ സ്ഥിരീകരിച്ചതായി ആരോഗ്യ- കുടംബക്ഷേമ വകുപ്പു വീണ ജോര്‍ജ്. നഗരസഭയിലെ രണ്ടാം വാര്‍ഡില്‍ താമസിക്കുന്ന 42 കാരിക്കാണ് നിപ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ അവര്‍ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഏപ്രില്‍ 25 ന് പനി ബാധിച്ച് വളാഞ്ചേരിയിലെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടിയ ഇവര്‍ പിന്നീട് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മെയ് ഒന്നിന് പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ എത്തുകയായിരുന്നു. സംസ്ഥാനത്ത് നടത്തിയ ടെസ്റ്റില്‍ നിപ കണ്ടെത്തിയതിനെ തുടര്‍ന്ന് പുനെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം രോഗിയുടെ അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെടെ ഹൈറിസ്‌ക് വിഭാഗത്തില്‍ പെട്ട ഏഴു പേരുടെ 21 സാമ്പിളുകള്‍ പരിശോധിച്ചതില്‍ എല്ലാം നെഗറ്റീവായതായി മന്ത്രി അറിയിച്ചു.

നിപ രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അടിയന്തരമായി ജില്ലയിലെത്തിയ മന്ത്രി വൈകീട്ട് കളക്ടറേറ്റില്‍ ഉന്നതതല യോഗം വിളിച്ച് ചേര്‍ത്ത് സ്ഥിതിഗതികള്‍ വിലയിരുത്തുകയും ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. രോഗിയെ ചികിത്സിക്കുന്ന ഡോക്ടര്‍ കൂടി യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്തു. രോഗിക്ക് മോണോ ക്ലോണല്‍ ആന്റി ബോഡി നല്‍കാന്‍ സംസ്ഥാന മെഡിക്കല്‍ ബോര്‍ഡ് ശുപാര്‍ശ ചെയതതായും ആശുപത്രി എത്തിക്കല്‍ കമ്മിറ്റിയുടെ അനുമതി കൂടി ലഭിക്കുന്ന മുറയ്ക്ക് അത് നല്‍കുമെന്നും മന്ത്രി അറിയിച്ചു. രോഗി ചികിത്സയിലുള്ള ആശുപത്രിയില്‍ തന്നെ തുടരുന്നതാണ് പ്രോട്ടോക്കോള്‍ എങ്കിലും ബന്ധുക്കള്‍ ആവശ്യപ്പെടുന്ന പക്ഷം മഞ്ചേരി മെഡിക്കല്‍ കോളെജിലേക്ക് മാറ്റുന്ന കാര്യം പരിശോധിക്കും.

രോഗം സ്ഥിരീകരിച്ച മേഖലയിലെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ കണ്ടെയ്ന്‍മെന്റ് സോണാകും. ഇത് സംബന്ധിച്ച് പൊതുജനാരോഗ്യ നിയമപ്രകാരവും ദുരന്തനിവാരണ നിയമപ്രകാരവും ജില്ലാ കളക്ടര്‍ പ്രത്യേക ഉത്തരവിറക്കും. വളാഞ്ചേരി നഗരസഭ, മാറാക്കര, എടയൂര്‍ പഞ്ചായത്ത് പരിധിയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലാണ് പ്രധാനമായും നിയന്ത്രണങ്ങള്‍ ഉണ്ടാകുക. നിപ പ്രോട്ടോക്കോളിന്റെ ഭാഗമായി വിവിധ തലങ്ങളിലുള്ള 25 കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. രോഗിയുമായി സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്തുന്നതിന് ഊര്‍ജിതമായ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അധികം സമ്പര്‍ക്കത്തിന് സാധ്യതയില്ലെന്നാണ് കണ്ടെത്തിയതെങ്കിലും സൂക്ഷ്മമായ പരിശോധന നടത്തും. ഹൈസ് റിസ്‌ക്, ലോ റിസ്‌ക് വിഭാഗത്തില്‍ പെട്ട സമ്പര്‍ക്കത്തിലുള്ള എല്ലാവരും 21 ദിവസം നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണം.

മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിന് പരിശോധന നടത്തും. പ്രദേശത്ത് ഒരു പൂച്ച ചത്തതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ മൃഗസംരക്ഷണ വകുപ്പു മുഖേന സാമ്പിള്‍ ശേഖരിച്ച് വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കും. നഗരസഭയിലും സമീപ പഞ്ചായത്തുകലിലും പനി സര്‍വേ നടത്തും. ആശുപത്രികള്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി.

നിപ പശ്ചാത്തലത്തില്‍ ജില്ലയില്‍ പൊതുവായി ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി നിര്‍ദ്ദേശം നല്‍കി. എല്ലാവരും മാസ്‌ക് ധരിക്കുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും ചെയ്യുന്നതാണ് അഭികാമ്യമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് കോട്ടക്കുന്നില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന- വിപണന മേളയില്‍ മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാക്കും. അനാവശ്യമായ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി.

മന്ത്രിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ കോട്ടക്കല്‍ നിയജക മണ്ഡലം എം.എല്‍.എ ആബിദ് ഹുസൈന്‍ തങ്ങള്‍, ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ്, ദേശീയ ആരോഗ്യ ദൗത്യം സ്‌റ്റേഷന്‍ മിഷന്‍ ഡയറക്ടര്‍ ഡോ. വിനയ് ഗോയല്‍, ആരോഗ്യ വകുപ്പ് ഡയരക്ടര്‍ ഡോ.കെ.ജെ റീന, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു (ഓണ്‍ലൈന്‍), അഡീഷണല്‍ ഡയറക്ടര്‍ ഡോ. റീത, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ രേണുക, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ആരംഭിച്ച ഹെല്‍പ് ലൈന്‍ നമ്പറുകള്‍: 0483 2736320, 2736326.

Back To Top