
കൊച്ചി: രണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ പ്രോസിക്യൂഷന്‍. ഉത്തരവ് ലഭിച്ചാല്‍ ഇന്ന് തന്നെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് തീരുമാനം. ഉപാധികളോടെയാണ് രാഹുലിന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
ജാമ്യം അനുവദിച്ചതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ നാളെ പാലക്കാട് എത്തുമെന്ന് സൂചന. നാളെ വോട്ട് ചെയ്യാൻ ഒളിവിലുള്ള രാഹുൽ എത്തുമെന്നാണ് വിവരം. പാലക്കാട് നഗരസഭയിലെ കുന്നത്തൂര്‍മേട് സെന്‍റ് സെബാസ്റ്റ്യൻ സ്കൂളിലാണ് രാഹുലിന് വോട്ട്. സെന്‍റ് സെബാസ്റ്റ്യൻ സ്കൂളിലെ രണ്ടാം ബൂത്ത് നമ്പറിലാണ് വോട്ട്. രാഹുൽ താമസിക്കുന്ന ഫ്ലാറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ബൂത്തിൽ തന്നെയാണ് രാഹുലിന് വോട്ട്. പാലക്കാട് നഗരസഭയിലെ 24ാം വാര്‍ഡിലാണ് രാഹുലിന് വോട്ടുള്ളത്.
എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായി ഒപ്പിടണം, അന്വേഷണത്തോട് സഹകരിക്കണം എന്നീ ഉപാധികളോടെയാണ് രാഹുലിന് രണ്ടാമത്തെ കേസില്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നും കോടതി ഉത്തരവിലുണ്ട്. അടച്ചിട്ട മുറിയിലാണ് കോടതി വാദം കേട്ടത്.
ആദ്യത്തെ ബലാത്സംഗ കേസിലെ മുൻകൂര്‍ ജാമ്യാപേക്ഷയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. ആദ്യത്തെ കേസിൽ അറസ്റ്റ് ചെയ്യരുതെന്ന ഹൈക്കോടതി വിധിയും രണ്ടാമത്തെ ബലാത്സംഗ കേസിൽ അറസ്റ്റ് ചെയ്താലും ജാമ്യത്തിൽ വിടണമെന്നുമുള്ള ഉത്തരവുള്ളതിനാൽ രാഹുൽ പുറത്തുവരുമെന്ന് വിവരമാണ് പുറത്തുവരുന്നത്. തിങ്കളാഴ്ച ഹൈക്കോടതി അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് നീട്ടിയില്ലെങ്കിലോ ജാമ്യം തള്ളിയാലോ പൊലീസിന് ആദ്യത്തെ കേസിൽ അറസ്റ്റ് രേഖപ്പെടുത്താനാകും.
