
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കാനായി ഷാഫി പറമ്പിലിൻ്റെ നേതൃത്വത്തിൽ എ ഗ്രൂപ്പ് യോഗം ചേർന്നതായി റിപ്പോർട്ട്. കെപിസിസി ജനറൽ സെക്രട്ടറി സി ചന്ദ്രൻ്റെ വീട്ടിലായിരുന്നു യോഗം. രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് വീണ്ടും എങ്ങനെ എത്തിക്കുമെന്നായിരുന്നു യോഗത്തിലെ ചർച്ച. വിവിധ സംഘടനകളുടെയും ക്ലബ്ബുകളുടെയും അസോസിയേഷനുകളുടെയും പരിപാടികളിൽ രാഹുലിനെ പങ്കെടുപ്പിക്കാനാണ് എ ഗ്രൂപ്പിൻ്റെ നീക്കം. മണ്ഡലത്തിൽ നിന്ന് ഏറെ നാൾ വിട്ടുനിന്നാൽ പ്രതിസന്ധിയാവുമെന്ന് യോഗം വിലയിരുത്തി. ഇന്നലെയാണ് യോഗം ചേർന്നത്. ഇന്നലെ പാലക്കാട് എത്തിയ ഷാഫി പറമ്പിൽ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചിരുന്നില്ല. സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാനാണ് എത്തിയെന്നായിരുന്നു പ്രതികരണം.
അതെസമയം,ഷാഫി പറമ്പിലിൻ്റെ നേതൃത്വത്തിൽ പാലക്കാട് നടന്ന യോഗത്തിൻ്റെ വിവരങ്ങൾ അറിഞ്ഞില്ലെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ സംഘടന ഉചിതമായ തീരുമാനമെടുത്തു. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ സജീവമാകുന്നതടക്കം ആലോചിച്ച് വേണ്ടത് ചെയ്യുമെന്നും സണ്ണി ജോസഫ് പറഞ്ഞു. കണ്ണൂരിൽ ഭവന സന്ദർശന പരിപാടിക്കിടെയാണ് കെപിസിസി പ്രസിഡൻ്റിൻ്റെ പ്രതികരണം.

